Cricket
സഹോദരിയുടെ അപ്രതീക്ഷിത വിയോഗം: ടീം വിട്ട് ഹർഷൽ പട്ടേൽ
Cricket

സഹോദരിയുടെ അപ്രതീക്ഷിത വിയോഗം: ടീം വിട്ട് ഹർഷൽ പട്ടേൽ

Web Desk
|
10 April 2022 9:55 AM GMT

മുംബൈ ഇന്ത്യൻസുമായി ഇന്നലെ നടന്ന മത്സരത്തിന് പിന്നാലെയായിരുന്നു സഹോദരിയുടെ വിയോഗ വാർത്ത ഹർഷൽ പട്ടേലിനെ തേടി എത്തിയത്.

മുംബൈ: ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ് താരം ഹർഷൽ പട്ടേലിന്റെ സഹോദരി അന്തരിച്ചു. മുംബൈ ഇന്ത്യൻസുമായി ഇന്നലെ നടന്ന മത്സരത്തിന് പിന്നാലെയായിരുന്നു സഹോദരിയുടെ വിയോഗ വാർത്ത ഹർഷൽ പട്ടേലിനെ തേടി എത്തിയത്. മത്സരം അവസാനിച്ചതിന് പിന്നാലെ താരം ബയോബബ്‌ളിൽ നിന്ന് മാറി നാട്ടിലേക്ക് തിരിച്ചു. ടീം മാനേജ്‌മെന്റ് താരത്തിന് നാട്ടിലേക്ക് തിരിക്കുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു.

അതേസമയം ബാംഗ്ലൂരിന്റെ അടുത്ത മത്സരത്തിന് മുമ്പായി ഹർഷൽ പട്ടേൽ ടീമിനൊപ്പം ചേരും എന്ന് റിപ്പോർട്ടുകളുണ്ട്. ചെന്നൈ സൂപ്പർകിങ്‌സുമായാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം. തിരിച്ചെത്തിയാൽ ക്വാറന്റീൻ ബാധകമാവുമോ എന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ എന്ത് തീരുമാനം എന്നത് ബിസിസിഐയുടെ അധികാരപരിധിയിലാണ്. ദീർഘനാളായി ഹർഷലിന്റെ സഹോദരി അസുഖബാധിതനായി കഴിയുകയായിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം എന്താണ് സഹോദരിയുടെ രോഗം എന്ന് വ്യക്തമല്ല.

ഗുജറാത്തിലെ സനഡിൽ നിന്നുള്ള ക്രിക്കറ്ററാണ് ഹർഷൽ പട്ടേൽ. ബാഗ്ലൂരിനായി മികച്ച പ്രകടനമാണ് ഹർഷൽ പട്ടേൽ പുറത്തെടുക്കുന്നത്. മുംബൈക്കെതിരായ മത്സരത്തിൽ താരം രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ബാംഗ്ലൂരിന്റെ ഇതുവരെയുളള എല്ലാ മത്സരങ്ങളിലും ഹർഷൽ കളിച്ചിട്ടുണ്ട്. ഇതുവരെ ആറു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ മത്സരത്തില്‍ മുംബൈയെ 7 വിക്കറ്റിനാണ് ബാംഗ്ലൂര്‍ തോൽപ്പിച്ചത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം 7 വിക്കറ്റും 9 പന്തും ബാക്കിയാക്കി ബാംഗ്ലൂർ മറികടക്കുകയായിരുന്നു. ഓപ്പണർ അനുജ് റാവത്തും വിരാട് കോഹ്ലിയും ചേർന്നാണ് ബാംഗ്ലൂരിന് അനായാസ വിജയം സമ്മാനിച്ചത്. അനുജ് 47 പന്തിൽ നിന്ന് 66 റൺസുമായി ടീമിന്റെ ടോപ് സ്‌കോറർ ആയപ്പോൾ കോഹ്ലി 48 റൺസെടുത്ത് പുറത്തായി.

Summary: RCB pacer Harshal Patel leaves bio bubble after his sister passes away

Related Tags :
Similar Posts