നിർണായക നീക്കവുമായി ആർ.സി.ബി: ടീമിലെത്തിച്ചത് മൂന്ന് പേരെ, അതിൽ സിംഗപ്പൂരുകാരനും
|ഇക്കഴിഞ്ഞ ഇന്ത്യക്കെതിരായ പരമ്പരയിൽ മികച്ച ഫോമിൽ കളിച്ച ശ്രീലങ്കന്‍ സ്പിന്നർ വാനിഡു ഹസരങ്ക, ഫാസ്റ്റ് ബൗളർ ദുശ്മന്ത ചമീര, സിംഗപ്പൂർ ടീം അംഗം ടിം ഡേവിഡ് എന്നിവരെയാണ് ടീമിലെത്തിച്ചത്.
കോവിഡ് മൂലം നിർത്തിവെച്ച ഐ.പി.എൽ മത്സരങ്ങൾ സെപ്തംബറിൽ തുടങ്ങാനിരിക്കെ നിർണായക മാറ്റങ്ങളുമായി വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്‌സ് ബംഗളൂരു(ആർ.സി.ബി). ഇക്കഴിഞ്ഞ ഇന്ത്യക്കെതിരായ പരമ്പരയിൽ മികച്ച ഫോമിൽ കളിച്ച ശ്രീലങ്കന്‍ സ്പിന്നർ വാനിഡു ഹസരങ്ക, ഫാസ്റ്റ് ബൗളർ ദുശ്മന്ത ചമീര, സിംഗപ്പൂർ ടീം അംഗം ടിം ഡേവിഡ് എന്നിവരെയാണ് ടീമിലെത്തിച്ചത്.
നേരത്തെ ഹസരങ്കയെ ഐ.പി.എൽ ഫ്രാഞ്ചൈസികൾ നോട്ടമിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഏത് ടീമിലേക്കാണെന്ന് വ്യക്തമായിരുന്നില്ല. ആർ.സിബിയുടെ പേരും പറഞ്ഞുകേട്ടിരുന്നു. പിന്നാലെ മറ്റൊരു ശ്രീലങ്കൻ താരത്തെയും സിംഗപ്പൂരിൽ നിന്നൊരാളെയും ഉൾപ്പെടുത്തിയാണ് ആർ.സി.ബി ഞെട്ടിച്ചത്. ന്യൂസിലാൻഡിന്റെ ഫിൻ ആലൻ, സ്‌കോട്ട് കുഗ്ലെജിൻ എന്നിവരെ ടീം മടക്കിവിളിച്ചതും ആദം സാമ്പ, ഡാനിയേൽ സാം, കെയിൻ റിച്ചാർഡ്‌സൺ എന്നിവർ മടങ്ങിപ്പോയതുമാണ് ആർ.സി.ബിയെ പ്രതിസന്ധിയിലാക്കിയത്.
ഇക്കഴിഞ്ഞ ഇന്ത്യക്കെതിരായ പരമ്പരയിൽ മികച്ച ഫോമിലായിരുന്നു ഹസരങ്ക. ചമീരയും പന്ത് കൊണ്ട് തിളങ്ങിയിരുന്നു. എന്നാൽ സിംഗപ്പൂരുകാരനായ ടിം ഡേവിഡിനെ ടീമിലെത്തിച്ചതാണ് ഏവരെയും അമ്പരപ്പിച്ചത്. സിംഗപ്പൂർ ദേശീയ ടീം അംഗമാണെങ്കിലും ആസ്‌ട്രേലിയൻ ആഭ്യന്തര മത്സരങ്ങളിലും 25 കാരനായ ഈ ആൾറൗണ്ടർ കളിച്ചിട്ടുണ്ട്. ബിഗ്ബാഷ് ലീഗിലെ തകർപ്പൻ പ്രകടനത്തിന്റെ പേരിലാണ് ഡേവിഡിനെ ഇപ്പോൾ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 153.29 സ്‌ട്രേക്ക് റൈറ്റിൽ 279 റൺസ് താരം അടിച്ചെടുത്തിട്ടുണ്ട്. സറേക്ക് വേണ്ടിയും അവസാന മത്സരങ്ങളിലും താരം മികവ് പുറത്തെടുത്തിട്ടുണ്ട്.
അതേസമയം വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യ പരിശീലകൻ സൈമൺ കാറ്റിച്ച് സ്ഥാനമൊഴിഞ്ഞതോടെ ആ ചുമതലയും പുതിയ ആൾക്ക് നൽകിയിട്ടുണ്ട്. ആർസിബിയുടെ ക്രിക്കറ്റ് ഡയറക്ടറായ ന്യൂസീലൻഡുകാരൻ മൈക്ക് ഹെസ്സനാകും ഐപിഎൽ 14–ാം സീസണിലെ രണ്ടാം വരവിൽ ആർസിബിയെ പരിശീലിപ്പിക്കുക. സീസണിന്റെ ആദ്യ പകുതിയിൽ ഏഴിൽ അഞ്ച് മത്സരങ്ങളും ജയിച്ച് ആർസിബി മികച്ച നിലയിലാണ്.