വീണ്ടും ദിനേശ് കാർത്തിക് മാജിക്- ബാഗ്ലൂരിനെതിരെ ഡല്‍ഹിക്ക് 190 റൺസ് വിജയലക്ഷ്യം
|ഈ സീസണിൽ ദിനേശ് കാർത്തിക്കിന്റെ വിളയാട്ടമാണ് ഐപിഎൽ കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവുമൊടുവിലെ ഉദാഹരണമാണ് ഇന്ന് ഡൽഹിക്കെതിരെ പുറത്തെടുത്ത ഇന്നിങ്സ്.
ഐപിഎല്ലിൽ ബാംഗ്ലൂരിനെതിരെ ഡൽഹിക്ക് 190 റൺസ് വിജയലക്ഷ്യം. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂർ 189 റൺസ് പടുത്തുയർത്തിയത്.
ചില താരങ്ങൾ അങ്ങനെയാണ് കാലം കഴിഞ്ഞെന്ന് പറഞ്ഞ് നിങ്ങൾ കളിയാക്കിയാലും അപ്രതീക്ഷിത തിരിച്ചുവരവ് നടത്തി നിങ്ങളെയൊക്കെ അവർ അമ്പരിക്കും. അത്തരത്തിലൊരു താരമാണ് ദിനേശ് കാർത്തിക്. ഈ സീസണിൽ ദിനേശ് കാർത്തിക്കിന്റെ വിളയാട്ടമാണ് ഐപിഎൽ കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവുമൊടുവിലെ ഉദാഹരണമാണ് ഇന്ന് ഡൽഹിക്കെതിരെ പുറത്തെടുത്ത ഇന്നിങ്സ്.
രണ്ടാം ഓവറിൽ സംപൂജ്യനായി അനുജ് റാവത്തും തൊട്ടടുത്ത ഓവറിൽ ഫാഫ് ഡുപ്ലെസി എട്ട് റൺസുമായി മടങ്ങിയതോടെ ബാംഗ്ലൂർ ആദ്യം തന്നെ പകച്ചു നിന്നുപോയി. തൊട്ടുപിന്നാലെ സൂപ്പർ താരം വിരാട് കോഹ്ലി റൺ ഔട്ടായതോട് കൂടി ബാംഗ്ലൂർ തീർത്തും പ്രതിരോധത്തിലായി. പക്ഷേ അവിടെ ഗ്ലെൻ മാക്സ്വെൽ രക്ഷകനായി അവതരിക്കുകയായിരുന്നു. 34 പന്തിൽ 55 റൺസുമായി ഗ്ലെൻ മാക്സ്വെൽ ബാംഗ്ലൂരിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. ഇടക്ക് പ്രഭുദേശായ് പൊരുതി നോക്കാതെ ആറ് റൺസുമായി മടങ്ങി. പിന്നാലെയത്തിയ ഷഹബാസിനെയും കൂട്ടുപിടിച്ച് മാക്സ്വെൽ തന്റെ പോരാട്ടം തുടർന്നു. ഒടുവിൽ സ്കോർ 92 ൽ നിൽക്കവേ മാക്സ്വെൽ വീണതോടെ കാർത്തിക്ക് ക്രീസിലെത്തി. പിന്നെ കണ്ടത് ദിനേശ് കാർത്തിക്കിന്റെ ആറാട്ടായിരുന്നു. അഞ്ച് ബൗണ്ടറികളും അഞ്ച് സിക്സറുകളുമടങ്ങിയ ആ ഇന്നിങ്സ്. 34 പന്തില്‍ 66 റൺസുമായി കാർത്തിക്ക് പുറത്താകാതെ നിന്നു. 21 പന്തിൽ 32 റൺസുമായി ഷഹബാസ് അഹമ്മദും മികച്ച പിന്തുണ നൽകി.
ഡൽഹിക്ക് വേണ്ടി ശാർദുൽ താക്കൂർ, ഖലീൽ അഹമ്മദ്, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങിൽ രണ്ടോവർ പൂർത്തിയാകുമ്പോൾ വിക്കറ്റൊന്നും നഷ്ടമാകാതെ 19 റൺസ് എന്ന നിലയിലാണ് ഡൽഹി ക്യാപിറ്റൽസ്.