
വീണ്ടും നാണം കെട്ട പുറത്താകൽ; ഇംഗ്ലണ്ടിന് ശ്രദ്ധ വാചകത്തിൽ മാത്രമോ?

ഒരേ സമയം ഏകദിന ലോകകപ്പിന്റെയും ട്വന്റി 20 ലോകകപ്പിന്റെ ചാമ്പ്യൻമാർ.. ക്രിക്കറ്റ് ചരിത്രത്തിൽ ആസ്ട്രേലിയക്കോ ഇന്ത്യക്കോ പോലും സാധ്യമാകാത്ത റെക്കോർഡ്. 2019ലെ ഏകദിന ലോകകപ്പിന് പിന്നാലെ 2022 ട്വന്റി 20 ലോകകപ്പും വിജയിച്ചതോടെ ഇംഗ്ലണ്ട് ആദ്യമായി ആ സിംഹാസനത്തിൽ ഇരുന്നു. നാട്ടിലും വിദേശത്തുമെല്ലാം വൈറ്റ് ബോളിൽ അവരൊരു ഉഗ്രൻ സംഘമായിരുന്നു.
എന്നാൽ ഇന്നെന്താണ് കഥ. തുടർച്ചായി മറ്റൊരു ഐസിസി ടൂർണമെന്റിൽ നിന്ന് കൂടി അവർ പുറത്തായിരിക്കുന്നു. അതും വെറും പുറത്താകലല്ല, നാണം കെട്ട പുറത്താകൽ. ചാമ്പ്യൻമാരെന്ന പകിട്ടോടെ 2023 ഏകദിന ലോകകപ്പിന് വന്ന ഇംഗ്ലീഷുകാർ അന്നും നാണം കെട്ടാണ് മടങ്ങിയിരുന്നത്. കരുത്തരായ ടീമുകളോടെല്ലാം തോറ്റ അവർ നെതർലൻഡ്സും ലങ്കയും അടക്കമുള്ള ദുർബലരോട് മാത്രമാണ് ജയം നുണഞ്ഞത്. ട്വന്റി 20 ലോകകപ്പിലും സെമി കാണാതെ പുറത്തായതോടെ കോച്ച് മാത്യൂ മോട്ടിനെ മാറ്റി രക്ഷക്കായി ബ്രൻഡൻ മക്കല്ലത്തെ വിളിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ പോലും അഗ്രസീവായ കളിശൈലി പിന്തുടരുന്ന മക്കല്ലത്തിന്റെ വരവോടെ കഥ മാറുമെന്ന് കരുതിയവർക്ക് പക്ഷേ തെറ്റി. വിൻഡീസിനോടും ഇന്ത്യയോടുമെല്ലാം അവർ നിലം തൊടാതെയാണ് തോറ്റത്.
സംഗതി ക്രിക്കറ്റ് ഇംഗ്ലീഷുകാരുടെ കളിയാണ്. കോളനി രാജ്യക്കാരെ കളിപഠിപ്പിച്ചതും നിയമങ്ങളുണ്ടാക്കിയതും അവർതന്നെ. പക്ഷേ ക്രിക്കറ്റിന്റെ പാരമ്പര്യ രൂപമായ ചുവന്തപന്തിനോടാണ് അവർ എന്നും കൂറുപുലർത്തിയത്. വൈറ്റ് ബോൾ ക്രിക്കറ്റിനെപ്പോലും അവർ പാരമ്പര്യ രീതിയുടെ ആലസ്യത്തിലാണ് പിന്തുടർന്നിരുന്നത്. കെവിൻ പീറ്റേഴ്സണോ ആൻഡ്രൂ ഫ്ലിന്റോഫോ പോലുള്ള ഏതാനും പേരെ മാറ്റിയാൽ ആ ടീം അടിമുടി ആവറേജ് കളിക്കാരുടേതായിരുന്നു.

ഇംഗ്ലീഷുകാരിൽ നിന്നും കളിപഠിച്ച ഇന്ത്യയും പാകിസ്താനും ലങ്കയുമെല്ലാം ലോക കിരീടം ചൂടിയെങ്കിലും അവർക്കത് കിട്ടാക്കനിയായി തുടർന്നു. 1992 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം അവർ ഒരു സെമി പോലും കളിച്ചില്ല. ആഷസും വല്ല ടെസ്റ്റ് മത്സരങ്ങളും വരുമ്പോൾ മാത്രം അവർ വാർത്തകളിൽ നിറഞ്ഞു. ക്രിക്കറ്റ് കലണ്ടറുകൾ മാറിമറിഞ്ഞു. ഒരുമാറ്റത്തിനായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അലിസ്റ്റർ കുക്കിനെ മാറ്റി അയർലാൻഡിൽ നിന്നും കുടിയേറിയ ഇയാൻ മോർഗനെ ടീം നായകനാക്കി.
2015 ലോകകപ്പിന് രണ്ടുമാസം മുമ്പായിരുന്നു അത്. മോർഗന്റെ കൈയിൽ മാന്ത്രികവടിയൊന്നുമില്ലായിരുന്നു. ലോകകപ്പ് ഗ്രൂപ്പിൽ ആറിൽ നാലും തോറ്റ് നാണം കെട്ട മടക്കം. നിർണായക മത്സരത്തിൽ ബംഗ്ലാദേശിനോടേറ്റ തോൽവി ഇംഗ്ലീഷ് അഭിമാനത്തെ നന്നായി മുറിവേൽപിച്ചു. തലകൾ വീണ്ടും ഉരുണ്ടെങ്കിലും ബോർഡ് തലപ്പത്തേക്ക് എത്തിയ ആൻഡ്രൂ സ്ട്രോസ് മോർഗനിൽ വിശ്വസിച്ചു. കൂട്ടായി പരിശീലക വേഷത്തിൽ ട്രെവർ ബെയ്ലിനസുമെത്തി.
ഫുട്ബാൾ മാറിനിൽക്കുന്ന വേനൽക്കാലങ്ങളിൽ വിരുന്നെത്തുന്ന ടെസ്റ്റ് മത്സരങ്ങളെ മാത്രം ഗൗരവമായിക്കണ്ടിരുന്ന ഇംഗ്ലീഷ് ക്രിക്കറ്റിനെ ഇരുവരും അടിമുടി പരിഷ്കരിച്ചു. ഐ.പി.എൽ അടക്കമുള്ള ട്വന്റി 20 ലീഗുകളിലേക്ക് ഇംഗ്ലീഷ് താരങ്ങൾ പോയിത്തുടങ്ങി. പരമ്പരാഗത ശൈലിയിലുള്ള കോപ്പിബുക്ക് ബാറ്റർമാരെ മാറ്റി നിർത്തി ജോസ് ബട്ലപർ, ബെൻസ്റ്റോക്സ്, ജോണി ബെയർസ്റ്റോ അടക്കമുള്ള മാച്ച് വിന്നർമാർക്ക് ടീമിൽ ഇടം നൽകിയത് വലിയ മാറ്റം സൃഷ്ടിച്ചു. 2016 ട്വന്റി20 ലോകകപ്പിൽ കലാശപ്പോരിലിടം പിടിച്ചെങ്കിലും അവിശ്വസനീയമായി കാർലോസ് ബ്രാത് വെയ്റ്റ് കിരീടം തട്ടിയെടുത്തപ്പോൾ ചുവന്നുതുടുത്ത മുഖവുമായി മൈതാനം വിടാനായിരുന്നു മോർഗന്റെ വിധി.
2017 ചാമ്പ്യൻസ് ട്രോഫിയിലും ഫേവറിറ്റുകളായിരുന്നെങ്കിലും സെമിയിൽ പാകിസ്താൻ തേരോട്ടത്തിൽ ചിറകുപോയി. തളർന്നില്ല, 250 കടന്നാൽ ധാരാളം എന്നുകരുതിയിരുന്ന ഇംഗ്ലീഷ് ടീമിനെ 500 എന്ന സ്വപ്നത്തിലേക്ക് ബാറ്റുവീശിച്ചു. 2019 ലോകകപ്പിൽ ഒന്നാം ഫേവറിറ്റുകളായാണ് സ്വന്തം മണ്ണിൽ ഇംഗ്ലീഷ് ടീം ഇറങ്ങിയത്. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ കലാശപ്പോരിനൊടുവിൽ ചരിത്രത്തിലാദ്യമായി ഇംഗ്ലീഷ് ടീം ഏകദിന ലോകകപ്പ് നെഞ്ചൊടടുക്കി. വിജയവും ആഘോഷങ്ങളും ഇംഗ്ലണ്ടിൽ ക്രിക്കറ്റിന്റെ പ്രചാരം തന്നെ വീണ്ടെടുത്തു. മോർഗൻ കളിമതിയാക്കിയെങ്കിലും അതിന്റെ ശേഷിപ്പുകൾ ആ മണ്ണിലുണ്ടായിരുന്നു. 2022 ട്വന്റി 20 ലോകകപ്പ് വിജയം അതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു.
സത്യത്തിൽ എന്താണ് ഇംഗ്ലീഷ് ടീമിന്റെ പ്രശ്നം? ബട്ലലർ, റൂട്ട്, സാൾട്ട്, ബ്രൂക്ക് എന്നിവരൊക്കെ കടലാസിൽ വലിയ പേരുകളാണ്. ജോഫ്ര ആർച്ചറും മാർക്ക് വുഡും ആദിൽ റഷീദും ചേരുന്ന ബൗളിങ് ഡിപ്പാർട്മെന്റും മോശക്കാരല്ല. പക്ഷേ കളിക്കളത്തിൽ അവർ എക്സ്പോസ് ചെയ്യപ്പെടുന്നു. പരാജിതരുടെ ശരീരഭാഷയിലും മെന്റാലിറ്റിയിലുമാണ് അവർ കളിക്കുന്നത്. 351 റൺസെന്ന ചാമ്പ്യൻസ്ട്രോഫിയിലെ എക്കാലത്തെയും മികച്ച സ്കോറുയർത്തിയിട്ടും തുടക്കത്തിൽ വിക്കറ്റ് നഷ്ടമായിട്ടും ഓസീസ് അത് അനായാസം നേടിയെടുത്തു. രണ്ടാം മത്സരത്തിൽ അഫ്ഗാന്റെ പോരാട്ട വീര്യത്തോടും അടിയറവ് പറഞ്ഞു
സത്യത്തിൽ ഇവിടെ ബട്ല റുടെ ക്യാപ്റ്റൻസിയെ നിശ്ചയമായും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഏകദിനത്തിൽ 43 മത്സരങ്ങളിൽ കളിച്ചതിൽ 24 എണ്ണത്തിലും തോൽവി. ജയിച്ചത് 18 എണ്ണത്തിൽ മാത്രം. ട്വന്റി 20 യിൽ 22 എണ്ണത്തിൽ വിജയിച്ചപ്പോൾ 26 എണ്ണത്തിൽ തോറ്റു. ഇംഗ്ലണ്ടിന്റെ സ്ക്വാഡുമായി തട്ടിച്ചുനോക്കുമ്പോൾ ഇൗ ഫലം നിശ്ചയമായും ഹൊറിബിൾ തന്നെയാണ്. കൂടാതെ ക്യാപ്റ്റൻസിക്ക് ശേഷം അദ്ദേഹത്തിന്റെ ബാറ്റിങ് മികവിലും കാര്യമായി ഇടിവുണ്ടായി. ഹാരി ബ്രൂക്ക്, ലിയം ലിവിങ്സ്റ്റൺ അടക്കമുള്ള ബാറ്റർമാരുടെ മോശം ഫോമും ടീമിന് വിനയാകുന്നു

തുടർ തോൽവികളോടെ അവർ ഇംഗ്ലീഷ് താരങ്ങളാൽ തന്നെ ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ അരഗൻസ് കണ്ട് തനിക്ക് ചൊറിയുന്നുവെന്നാണ് മുൻ സ്പിന്നർ അലക്സ് ഹാർട്ട്ലിറ പ്രതികരിച്ചത്. ഇംഗ്ലീഷ് ക്രിക്കറ്റ് ടീം തോൽക്കുന്നത് കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നാണ് മാർക്ക് ബച്ചറുടെ പ്രതികരണം.
അതിന് പ്രധാന കാരണം ഇംഗ്ലീഷ് താരങ്ങളുടെ ചില കമന്റുകളാണ്. ആസ്ട്രേലിയക്കെതിരായ തോൽവിക്ക് പിന്നാലെ ഈ തോൽവി ഞങ്ങൾ അർഹിച്ചിരുന്നില്ല എന്നാണ് ലിയാം ലിവിങ്സ്റ്റൺ പറഞ്ഞത്. ഇന്ത്യക്കെതിരെ പരമ്പര ദയനീയമായല തോറ്റതിന് പിന്നാലെ ചാമ്പ്യൻസ്ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടുമെന്നായിരുന്നു ബെൻ ഡക്കറ്റിന്റെ പ്രസ്താവന. ഇന്ത്യ മാത്രം മറ്റൊരു വേദിയിൽ കളിക്കുന്നതിനെതിരെ ജോസ് ബട്ലരറും രംഗത്തെത്തിയിരുന്നു. മൈക്കൽ വോണും സംഘവും നിരന്തരം ഇന്ത്യക്കെതിരെ നടത്തുന്ന പരിഹാസങ്ങൾ വേറെയും. വാചകമടിയിലെ മിടുക്ക് കളിക്കളത്തിൽ കാണുന്നില്ല എന്നതാണ് പ്രശ്നം.
2027 വരെ മക്കല്ലവുമായി ഇസിബിക്ക് കരാറുണ്ട്. കോച്ചിനെ മാറ്റുമോ? അതോ ക്യാപ്റ്റനെ മാറ്റുമോ? അതോ ടീം ഒന്നടങ്കം പൊളിച്ചുപണിയുമോ? ഇംഗ്ലീഷ് ക്രിക്കറ്റിൽ മാറ്റത്തിനുള്ള അലാം അടിച്ചുതുടങ്ങിയിരിക്കുന്നു.