'ഇഷാൻ കിഷനെ ഉള്‍പ്പെടുത്തണം': ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനെക്കുറിച്ച് പോണ്ടിങ്
|കെ.എസ് ഭരതാണോ ഇഷാനാണോ അന്തിമ ഇലവനിലെത്തുക എന്ന് ഇപ്പോഴും വ്യക്തമല്ല. കെ.എസ് ഭരതിനാണ് സാധ്യത.
മെൽബൺ: ഐ.പി.എൽ 2023 അവസാനിച്ചു, ജൂൺ 7 ന് ലണ്ടനിൽ ആരംഭിക്കുന്ന ടെസ്റ്റ്ചാമ്പ്യന്ഷിപ്പിനാണ് ഇനി ക്രിക്കറ്റ് പ്രേമികള്‍ ഒരുങ്ങുന്നത്. 2021ൽ ന്യൂസിലൻഡിനോട് തോറ്റ ഇന്ത്യ, ടെസ്റ്റ്ചാമ്പ്യന്‍ഷിപ്പിന്റെ കലാശക്കളിക്ക് യോഗ്യത നേടുന്നത് ഇത് രണ്ടാം തവണയാണ്. കെ.എൽ രാഹുൽ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരെക്കൂടാതെ ഇന്ത്യയിറങ്ങുന്നത്.
പരിക്കാണ് ഇവരെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് അകറ്റിയത്. ഐ.പി.എല്ലിനിടെ വലതു തുടയ്ക്ക് പരിക്കേറ്റതിനെത്തുടർന്നാണ് രാഹുല്‍ പുറത്തായത്. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നു. അതേസമയം ഇന്ത്യയുടെ പ്ലെയിങ് ഇലവന് എങ്ങനെയായിരിക്കണമെന്ന് പറയുകയാണ് മുന്‍ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. വിക്കറ്റ് കീപ്പറായി ഇഷാന് കിഷന് വരണമെന്നാണ് പോണ്ടിങിന്റെ അഭിപ്രായം. എക്സ് ഫാക്റ്ററാവാന് ഇഷാന് കഴിയുമെന്ന് പോണ്ടിംഗ് പറയുന്നു. ''തന്റെ ടീമിലേക്ക് ഞാന്‍ ഇഷാനെ തെരഞ്ഞെടുത്തേനെ''- പോണ്ടിംഗ് പറഞ്ഞു.
അതേസമയം കെ.എസ് ഭരതാണോ ഇഷാനാണോ അന്തിമ ഇലവനിലെത്തുക എന്ന് ഇപ്പോഴും വ്യക്തമല്ല. കെ.എസ് ഭരതിനാണ് സാധ്യത. അതേസമയം ഹാര്‍ദികിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നും പോണ്ടിങ് പറഞ്ഞു.
''ഹാര്‍ദികിനെ ടെസ്റ്റ് മത്സരങ്ങളില്‍ ഉള്‍പ്പെടുത്തണം, ഹാര്‍ദിക്കിന് ഇപ്പോള്‍ നന്നായി പന്തെറിയാന്‍ സാധിക്കുന്നുണ്ട്. അയാള്‍ക്കും ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കും.'' പോണ്ടിംഗ് വ്യക്തമാക്കി. 24 കാരനായ ഇഷാൻ 48 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അതിൽ ആറ് സെഞ്ചുറികളും 16 അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ 38.76 ശരാശരിയിൽ 2985 റൺസ് നേടിയിട്ടുണ്ട്.
ഇന്ത്യന്‍ ടീം ഇങ്ങനെ: രോഹിത് ശർമ (ക്യാപ്റ്റൻ), രവിചന്ദ്രൻ അശ്വിൻ, കെഎസ് ഭരത്, ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, വിരാട് കോലി, ഇഷാൻ കിഷൻ, ചേതേശ്വര്‍ പൂജാര, അക്സർ പട്ടേൽ, അജിങ്ക്യ രഹാനെ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ജയദേവ് ഉനദക്ത്, ഉമേഷ് യാദവ്.