'അന്ന് പഞ്ഞിക്കിട്ടത് നന്നായി', യാഷിന്റെ വർഗീയ സ്‌റ്റോറിക്ക് പിന്നാലെ ട്രെൻഡിങ്ങായി റിങ്കു സിങ്
|യാഷിന്റെ ഓവറിലെ അവസാന അഞ്ച് പന്തുകളും സിക്സറടിച്ച് റിങ്കു സിങ് കൊല്‍ക്കത്തയ്ക്ക് അത്ഭുത വിജയം സമ്മാനിച്ചിരുന്നു
വർഗീയ ചുവയുള്ള ഇൻസ്റ്റഗ്രാം സ്‌റ്റോറി ഇട്ടതോടെ ഗുജറാത്ത് ടൈറ്റൻസ് താരം യാഷ് ദയാൽ പുലിവാല് പിടിച്ചിരുന്നു. സംഭവം വിവാദമായതോടെ സ്‌റ്റോറി നീക്കം ചെയ്യുകയും താരം മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ റിങ്കു സിങ്ങിനെയാണ് സോഷ്യൽ മീഡിയ വാഴ്ത്തുന്നത്. ഐപില്ലിലെ മത്സരത്തിൽ യാഷിന്റെ ഓരോവറിൽ അഞ്ച് സിക്‌സർ പറത്തിയത് നന്നായിപ്പോയെന്നാണ് ആരാധകർ പറയുന്നത്.
ലവ് ജിഹാദ് ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ ആദ്യത്തെ ഇൻസ്റ്റഗ്രാം സ്റ്റോറി. മുസ്‍ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന കാർട്ടൂൺ സ്റ്റോറിയാക്കുകയായിരുന്നു യാഷ് ദയാല്‍. എന്നാൽ, സ്‌റ്റോറി സോഷ്യൽ മീഡിയയിൽ വ്യാപകമായി വൈറലായി. വൻ വിമർശനവും ഉയർന്നതോടെ സ്‌റ്റോറി പിൻവലിച്ചു. തുടർന്നായിരുന്നു മാപ്പുപറഞ്ഞ് മറ്റൊരു സ്റ്റോറി ഇട്ടത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിങ് ഒരു ഓവറിൽ പറത്തിയ അഞ്ച് സിക്‌സറുകളിലൂടെ യാഷ് ദയാൽ വാർത്തകളിൽ നിറഞ്ഞിരുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തിലായിരുന്നു ഗുജറാത്ത് ജയിച്ചുനിന്ന മത്സരം യാഷ് ദയാലിന്റെ ഓവറോടെ കൈവിട്ടത്. യഷിന്റെ ഓവറിൽ അഞ്ച് സിക്‌സാണ് കൊൽക്കത്ത താരം പറത്തിയത്. നിരാശയോടെ മുഖംപൊത്തിപ്പിടിച്ച് കരയുന്ന യാഷ് ദയാലിൻറെ ചിത്രം റിങ്കുസിങ്ങിൻറെ വിജയാഘോഷത്തോടൊപ്പം സോഷ്യൽ മീഡിയയിൽ വലിയ തരത്തിൽ പ്രചരിച്ചിരുന്നു. മത്സരശേഷം ഗുജറാത്ത് ആരാധകർ ദയാലിനെതിരെ സോഷ്യൽ മീഡിയയിൽ നീങ്ങിയപ്പോഴും ടീം താരത്തിനൊപ്പം നിന്നു.
വിമർശകർക്കിടിയിലേക്ക് എറിഞ്ഞുകൊടുക്കുകയല്ല വേണ്ടതെന്നും പകരം ചേർത്തുപിടിക്കുകയാണ് വേണ്ടതെന്നും പറഞ്ഞുമനസിലാക്കാൻ മത്സരശേഷം കൊൽക്കത്ത ടീം തന്നെ മുൻകൈ എടുത്തത് സ്‌പോർട്‌സ്മാൻഷിപ്പിൻറെ വലിയ മാതൃത തന്നെയായി മാറി. യാഷ് ദയാലിന് പിന്തുണയറിയിച്ചുകൊണ്ട് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലെല്ലാം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആത്മവിശ്വാസം പകരുന്ന വാക്കുകൾ കുറിച്ചു. ലോകത്തെ ഏറ്റവും മികച്ച താരങ്ങൾക്കും മോശം ദിവസങ്ങളിൽ സംഭവിക്കുന്നതേ നിങ്ങൾക്കും സംഭവിച്ചിട്ടുള്ളൂ എന്നായിരുന്നു കൊൽക്കത്ത ടീമിൻറെ ആശ്വാസ വാക്കുകൾ. എന്നാലിപ്പോഴിതാ താരത്തിന് അന്ന് കിട്ടിയത് നന്നായിപ്പോയെന്നാണ് ആരാധകരുടെ ട്വീറ്റ്. യഷ് തന്റെ തനിനിറം കാണിച്ചുതന്നുവെന്നാണ് ചിലരുടെ കമന്റ്. യഷിനെതിരെ അഞ്ച് പന്തും സിക്സ് നേടുന്ന വീഡിയോയും ആരാധർ പങ്കുവച്ചിട്ടുണ്ട്.
ഗുജറാത്ത് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത മറികടന്നത്. അവസാന ഓവറിലെ അവസാന അഞ്ച് പന്തുകളും സിക്സറടിച്ച് റിങ്കു സിങാണ് കൊല്‍ക്കത്തയ്ക്ക് അത്ഭുത വിജയം സമ്മാനിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ 28 റണ്‍സാണ് കൊല്‍ക്കത്ത് വേണ്ടിയിരുന്നത്.