റിങ്കു പുറത്തായത് നോ ബോളിൽ? തെളിവു നിരത്തി ആരാധകര്‍; വിവാദം
|സ്റ്റോയ്‌നിസ് എറിഞ്ഞ അവസാന ഓവറിൽ കൊൽക്കത്തക്ക് ജയിക്കാൻ 21 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ നാല് പന്തുകളിൽ രണ്ട് സിക്‌സും ഒരു ഫോറും പറത്തിയ റിങ്കു കൊൽക്കത്തയെ വിജയത്തിനടുത്തെത്തിച്ചിരുന്നു
മുംബൈ: ആദ്യാവസാനം ആവേശം അണപൊട്ടിയൊഴുകിയ മത്സരത്തിൽ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വെറും രണ്ട് റൺസിന് തകർത്താണ് ലഖ്‌നൗ പ്ലേ ഓഫിൽ കടന്നത്. മത്സരത്തിന്‍റെ അവസാന ഓവറുകളിൽ കത്തിക്കയറിയ റിങ്കു സിങ്ങാണ് കൊൽക്കത്തക്ക് അവസാന പന്തു വരെ പ്രതീക്ഷ നൽകിയത്. വെറും 15 പന്തിൽ നിന്ന് നാല് സിക്‌സറും രണ്ട് ഫോറും പറത്തിയ റിങ്കു 40 റൺസാണ് അടിച്ചെടുത്തത്. തോൽവിയുറപ്പിച്ച കൊൽക്കത്തക്ക് അവസാന ഓവറുകളിൽ സുനിൽ നരൈനൊപ്പം ചേർന്ന് റിങ്കു നടത്തിയ വെടിക്കെട്ട് പ്രകടനം ചെറിയ പ്രതീക്ഷയൊന്നുമല്ല നൽകിയത്.
ലഖ്‌നൗ ബൗളർ മാർക് സ്റ്റോയ്‌നിസ് എറിഞ്ഞ അവസാന ഓവറിൽ കൊൽക്കത്തക്ക് ജയിക്കാൻ 21 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ നാല് പന്തുകളിൽ രണ്ട് സിക്‌സും ഒരു ഫോറും പറത്തിയ റിങ്കു കൊൽക്കത്തയെ വിജയതീരത്തിനടുത്തെത്തിച്ചു. എന്നാൽ അഞ്ചാം പന്തിൽ കൊൽക്കത്തയുടെ പ്രതീക്ഷകളെ മുഴുവൻ തകർത്ത് ലൂയിസിന്‍റെ ഒരു മിന്നൽ ക്യാച്ചിൽ റിങ്കു പുറത്തായി. പിന്നീട് ജയിക്കാൻ ഒരു പന്തിൽ മൂന്ന് റൺസ് മതിയായിരുന്നു കൊല്‍ക്കത്തക്ക്. പക്ഷെ ഉമേഷ് യാദവിനെ ക്ലീൻ ബൗൾഡാക്കി സ്റ്റോയ്‌നിസ് ലഖ്‌നൗവിന് വിജയവും പ്ലേ ഓഫും സമ്മാനിച്ചു.
എന്നാൽ റിങ്കുവിന്‍റെ വിക്കറ്റുമായി ബന്ധപ്പെട്ട് ആരാധകർക്കിടയിൽ വലിയൊരു വിവാദം പുകയുകയാണിപ്പോൾ. സ്റ്റോയ്‌നിസ് എറിഞ്ഞ അഞ്ചാം പന്ത് നോബോളാണ് എന്നാണ് തെളിവു നിരത്തി ആരാധകർ വാദിക്കുന്നത്. അഞ്ചാം പന്തെറിയുമ്പോൾ സ്‌റ്റോയ്‌നിസിന്റെ കാല് വര കടന്നിരുന്നുവെന്നും ഫീൽഡ് അമ്പയർമാർ ഇത് പരിശോധിക്കാൻ തയ്യാറായില്ലെന്നുമാണ് ആരാധകർ കുറ്റപ്പെടുത്തുന്നത്. നിരവധി പേരാണ് ഇതിനോടകം അമ്പയര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തു വന്നത്.
Watch: Fans cry foul, claim Stoinis overstepped on wicket-taking ball against Rinku in KKR vs LSG tie as video emerges