'റിങ്കുവിനും അങ്ങനെയൊന്ന് ഇനി ചെയ്യാനാവില്ല'; അഞ്ച് സിക്‌സറിൽ പ്രതികരണവുമായി വീരേന്ദർ സെവാഗ്
|സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 58 റൺസാണ് റിങ്കു സിങ് അടിച്ചെടുത്തത്. 31 പന്തുകളിൽ നിന്ന് നാലു ഫോറും നാലു സിക്‌സറും പായിച്ചായിരുന്നു റിങ്കുസിങിന്റെ മനോഹര ഇന്നിങ്‌സ്
കൊല്‍ക്കത്ത: രണ്ട് ഇന്ത്യൻ ഇതിഹാസങ്ങളുടേതിന് സമാനമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ റിങ്കുസിങിന്റെ സാന്നിധ്യമെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ചേസിങാണെങ്കില്‍ സച്ചിനും ധോണിയും ക്രീസിലുണ്ടായാല്‍ ജയിക്കുമെന്ന തോന്നല്‍ എല്ലാവര്‍ക്കുമുണ്ടാകും. അതുപോലത്തെ സാഹചര്യമാണ് കൊല്‍ക്കത്തയിലും റിങ്കുവിനുള്ളതെന്ന് സെവാഗ് പറഞ്ഞു.
അതേസമയം ഓരോവറില്‍ അഞ്ച് സിക്സറുകള്‍ അടിച്ചത് പോലുള്ള പ്രകടനം ഇനി റിങ്കുവിന് സാധിക്കില്ലെന്നും സെവാഗ് പറുന്നു. ' ചേസിങാണെങ്കില്‍ റിങ്കു ക്രീസിലുണ്ടല്ലോ എന്ന് കെ.കെ.ആർ ക്യാമ്പിന് ആശ്വാസമാണ്. ധോണി ടീമിന് വേണ്ടി മത്സരം ഫിനിഷ് ചെയ്യുമെന്നൊരു തോന്നൽ ടീമിനുണ്ടാവാറുണ്ട്. 90കളിൽ സച്ചിൻ ഉള്ള സമയവും ഇങ്ങനെയായിരുന്നു. റിങ്കു സിങിന്റെ അവസ്ഥയും ഇങ്ങനെയാണ്. നേരത്തെ ആൻഡ്രെ റസലിലായിരുന്നു കൊൽക്കത്തൻ ക്യാമ്പിൽ പ്രതീക്ഷയുണ്ടായിരുന്നത്'-സെവാഗ് പറഞ്ഞു.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലായിരുന്നു റിങ്കു, നിറഞ്ഞാടിയത്. അഞ്ച് സിക്‌സറുകൾ പായിച്ച് കളി തിരിച്ച റിങ്കു, ഒരൊറ്റ മത്സരം കൊണ്ട് എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടവനായി. അവസാന ഓവറിലായിരുന്നു റിങ്കുവിന്റെ തീപ്പൊരി ബാറ്റിങ്. അതുപോലൊരു ഹീറോയിക് പരിവേഷം കൊൽക്കത്തയുടെ അവസാന മത്സരത്തിലും റിങ്കുസിങിന് കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നാൽ സെവാഗ് പറഞ്ഞപോലെ അത്തരത്തിലൊന്ന് ആവർത്തിക്കാൻ റിങ്കുസിങിനായില്ല.
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 58 റൺസാണ് റിങ്കു സിങ് അടിച്ചെടുത്തത്. 31 പന്തുകളിൽ നിന്ന് നാലു ഫോറും നാലു സിക്‌സറും പായിച്ചായിരുന്നു റിങ്കുസിങിന്റെ മനോഹര ഇന്നിങ്‌സ്.
Summary- 'Rinku Singh will never be able to do it again. Like Dhoni and Tendulkar…': Sehwag's staggering remark