അലിഗഢിൽ റിങ്കു സിങിന് മൂന്നര കോടിയുടെ ആഢംബര ബംഗ്ലാവ്; പ്രത്യേകതകൾ, വീഡിയോ
|യുപിയിലെ രണ്ട് മുറി വീട്ടിൽ നിന്നാണ് ഓസോൺ സിറ്റിയിലെ ഗോൾഡൻ എസ്റ്റേറ്റിലുള്ള പുതിയ ബംഗ്ലാവിലേക്ക് റിങ്കു താമസം മാറിയത്.
അലിഗഢ്: പരാധീനതകൾക്ക് നടുവിൽ നിന്ന് ഉയരങ്ങളിലേക്ക് ബാറ്റുവീശിയ ക്രിക്കറ്ററാണ് റിങ്കു സിങ്. സാധാരണ കുടുംബത്തിൽ വളർന്ന റിങ്കു ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ മികച്ച പ്രകടനത്തിലൂടെയാണ് താരപരിവേഷത്തിലേക്കുയർന്നത്. ഐപിഎൽ 2025 താരലേലത്തിന് മുൻപായി 13 കോടി നൽകിയാണ് കെ.കെ.ആർ ഇത്തവണ താരത്തെ നിലനിർത്തിയത്.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ തന്റെ പുതിയ ആഢംബര വീടിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് 27 കാരൻ. ഉത്തർപ്രദേശിലെ അലിഢഡിൽ റിങ്കു വാങ്ങിയ വീടിന് 3.5 കോടിയാണ് ചെലവായത്. 500 സ്‌ക്വയർ യാർഡ് വീടിൽ ആറു കിടപ്പുമുറികളുള്ള ബംഗ്ലാവിൽ പ്രൈവറ്റ് പൂളും റൂഫ് ടോപ് ബാറും ഒരുക്കിയിട്ടുണ്ട്. അലിഗഢിലെ ചെറിയ രണ്ട് മുറി വീട്ടിൽ നിന്നാണ് ഓസോൺ സിറ്റിയിലെ ഗോൾഡൻ എസ്റ്റേറ്റിലുള്ള പുതിയ ബംഗ്ലാവിലേക്ക് റിങ്കു താമസം മാറിയത്. തന്റെ ജീവിതത്തിലെ ഈ മാറ്റങ്ങളെല്ലാം ദൈവത്തിന്റെ പദ്ധതിയാണെന്ന് താരം വ്യക്തമാക്കി. അത്യാധുനിക സംവിധാനങ്ങളെല്ലാമൊരുക്കിയതാണ് റിങ്കുവിന്റെ പുതിയ ഭവനം.
വീടിൻറെ ഒരുഭാഗം മുഴുവൻ റിങ്കുവിന് ലഭിച്ച പുരസ്‌കാരങ്ങൾ വെക്കാനായാണ് മാറ്റിവെച്ചിരിക്കുന്നത്. യാഷ് ദയാലിനെതിരെ അഞ്ച് സിക്‌സ് അടിച്ച ബാറ്റും ഇക്കൂട്ടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ ബാറ്റാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് വീടിന്റെ വിശേഷം പങ്കുവെച്ചുള്ള വീഡിയോയിൽ റിങ്കു പറയുന്നു. 2023 ഐപിഎല്ലിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ബൗളറായിരുന്ന യാഷ് ദയാലിനെതിരെ ഒരോവറിൽ തുടർച്ചയായി അഞ്ച് സിക്‌സ് പറത്തിയ റിങ്കു ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. ഇതോടെയാണ് കെ.കെ.ആറിന്റെ ഫിനിഷറായി താരം സ്ഥാനമുറപ്പിച്ചത്.
തുടർന്ന് ഇന്ത്യയുടെ ടി20 ടീമിലേക്കെത്തിയ യുവതാരം ഇതേ പ്രകടനം ആവർത്തിച്ചു. 29 ടി20 കളിൽ നിന്നായി 507 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇതുവരെ മൂന്ന് അർധസെഞ്ച്വറികളും നേടി.ഗ്യാസ് സിലിണ്ടർ വിതരണക്കാരനാണ് റിങ്കുവിന്റെ പിതാവ് ഖാൻ ചന്ദ്ര സിങ്. താരം രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുമ്പോഴും യു.പിയിൽ ഗ്യാസ് സിലിണ്ടർ വിതരണ ജോലിയിൽ ഏർപ്പെടുന്ന പിതാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ തവണത്തെ ലേലത്തിൽ 55 ലക്ഷം രൂപക്ക് റിങ്കുവിനെ സ്വന്തമാക്കിയ കൊൽക്കത്ത ഇത്തവണ 13 കോടി നൽകിയാണ് നിലനിർത്തിയത്.