Cricket
മകൻ ഇന്ത്യൻ ക്രിക്കറ്റർ;  ഗ്യാസ് സിലിണ്ടർ വിതരണ ജോലിയിൽ റിങ്കുസിങിന്റെ പിതാവ്-വീഡിയോ
Cricket

മകൻ ഇന്ത്യൻ ക്രിക്കറ്റർ; ഗ്യാസ് സിലിണ്ടർ വിതരണ ജോലിയിൽ റിങ്കുസിങിന്റെ പിതാവ്-വീഡിയോ

Web Desk
|
29 Jan 2024 11:55 AM GMT

റിങ്കുസിങ് ക്രിക്കറ്റ് കളിച്ച് കുടുംബത്തിന് ജീവിക്കാനുള്ള പണം കണ്ടെത്തിയിട്ടും നേരത്തെ മുതൽ ചെയ്തുകൊണ്ടിരുന്ന ജോലി ഉപേക്ഷിക്കാൻ പിതാവ് തയാറായില്ല.

ലഖ്‌നൗ: സമീപകാലത്തായി ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് റിങ്കു സിങ്. ട്വന്റി 20 ക്രിക്കറ്റിൽ തുടരെ തുടരെ മികച്ച ഇന്നിങ്‌സുകൾ കളിച്ച് മധ്യനിരയിലെ സ്ഥിര സാന്നിധ്യമാറി കഴിഞ്ഞു ഈ യുവതാരം. മകൻ വലിയ ക്രിക്കറ്റ് താരമായിട്ടും സ്വന്തം ജോലി തുടരുകയാണ് റിങ്കു സിങിന്റെ പിതാവ് ഖ്യാൻചന്ദ്. അലിഗഢിലെറോഡിൽ ചെറിയ ട്രക്കിൽ ഗ്യാസ് സിലിണ്ടറുകൾ എത്തിച്ചുനൽകുന്ന റിങ്കുവിന്റെ പിതാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

സാധാരണ കുടുംബത്തിൽ നിന്ന് ക്രിക്കറ്റ് കളിച്ചു വളർന്ന് ദേശീയ ടീമിൽ വരെയെത്തിയ റിങ്കുവിന്റെ ജീവിതം നേരത്തെയും വാർത്തയായിരുന്നു. ക്രിക്കറ്റ് എന്ന ഒറ്റലക്ഷ്യമായിരുന്നു പ്രതിസന്ധികൾക്കിടയിലും 26കാരന്റെ മനസിൽ. ഒടുവിൽ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച മത്സരത്തെ തുടർന്ന് ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തിയതോടെ തലവരമാറി. കഴിഞ്ഞ സീസണിൽ കെകെആറിനായി വെടികെട്ട് പ്രകടനം നടത്തിയ റിങ്കുവിന് ട്വന്റി 20 ടീമിലേക്ക് വിളിയെത്തുകയായിരുന്നു. മധ്യനിരയിൽ മികച്ച പ്രകടനം നടത്തി എംഎസ് ധോണിക്ക് ശേഷം ഇന്ത്യക്ക് ലഭിച്ച മികച്ച ഫിനിഷറായും താരത്തെ വിലയിരുത്തപ്പെട്ടു.

റിങ്കുസിങ് ക്രിക്കറ്റ് കളിച്ച് കുടുംബത്തിന് ജീവിക്കാനുള്ള പണം കണ്ടെത്തിയിട്ടും നേരത്തെ മുതൽ ചെയ്തുകൊണ്ടിരുന്ന ജോലി ഉപേക്ഷിക്കാൻ പിതാവ് തയാറായില്ല. ഞാൻ പിതാവിനോട് ജോലിക്ക് പോകേണ്ടതില്ലെന്നും വിശ്രമജീവിതം നയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ജോലി തുടരുന്നിൽ സന്തുഷ്ടനാണ്. എന്റെ ജീവിതകാലം മുഴുവൻ ജോലി ചെയ്ത ഒരാളാണ്. അങ്ങനെയൊരാളോട് ജോലി നിർത്താൻ പറയുന്നതിൽ കാര്യമില്ല. സ്വന്തം നിലയിൽ തീരുമാനമെടുക്കണം-റിങ്കുസിങ് പറഞ്ഞു.

കഴിഞ്ഞ വർഷം 15 മത്സരങ്ങളിൽ നിന്നായി 356 റൺസാണ് റിങ്കു നേടിയത്. രണ്ട് അർധ സെഞ്ചുറിയും സ്വന്തമാക്കി. ഈ വർഷം വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലും ഇന്ത്യയുടെ പ്രധാനതാരമായി വിലയിരുത്തുന്നതും റിങ്കുവിനെയാണ്. അടുത്തമാസം നടക്കാനിരിക്കുന്ന ഐപിഎലിനായുള്ള ഒരുക്കത്തിലാണ് താരം.

Similar Posts