'ലെഗ്‌സൈഡിൽ ഒരാളുടെ കുറവുണ്ട്'; ബംഗ്ലാദേശിനായി ഫീൽഡ് സെറ്റ് ചെയ്ത് ഋഷഭ് പന്ത്- വീഡിയോ
|2019 ലെ ഏകദിന ലോകകപ്പിനിടെ മഹേന്ദ്രസിങ് ധോണിയും സമാനമായി എതിർ ടീമിന്റെ ഫീൽഡ് സെറ്റ് ചെയ്തിരുന്നു.
ചെന്നൈ: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം ചിരിപടർത്തി ഋഷഭ് പന്തിന്റെ പെരുമാറ്റം. ക്രീസിൽ നിൽക്കെ സന്ദർശക ടീമിന് ഫീൽഡറെ നിർത്താനുള്ള നിർദേശമാണ് താരം നൽകിയത്. ബാറ്റിങ്ങിനായി ഗാർഡ് എടുക്കുന്നതിനിടെ തന്റെ ലെഗ് സൈഡിൽ ഒരു ഫീൽഡറുടെ കുറവുണ്ടെന്ന് 26 കാരൻ ബംഗ്ലാ നായകൻ നജുമുൽ ഹുസൈൻ ഷാന്റോയോട് ആവശ്യപ്പെടുകയായിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. രണ്ട് വർഷത്തിന് ശേഷം ഇന്ത്യക്കായി ടെസ്റ്റ് കളിച്ച പന്ത് സെഞ്ച്വറിയുമായി മടങ്ങിവരവ് ഗംഭീരമാക്കിയിരുന്നു. ഓപ്പണർ ശുഭ്മാൻ ഗില്ലും സെഞ്ച്വറിയുമായി തിളങ്ങി. മൂന്നാംദിനം ആദ്യ സെഷനിൽ ഇരുവരും തകർത്തടിക്കുകയായിരുന്നു.
Rishabh Pant Setting Bangladesh Field 😭😅
— Rishabhians Planet (@Rishabhians17) September 21, 2024
Ms Dhoni In 2019 WC Did The Same Vs Bangladesh 🥸 pic.twitter.com/5hJg4AOPeh
ഗ്രൗണ്ടിൽ ബംഗ്ലാദേശിന് ഫീൽഡ് സെറ്റ് ചെയ്തുനൽകിയ ഋഷഭ് പന്തിനെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുമായും ആരാധകർ താരതമ്യപ്പെടുത്തുന്നു. 2019ലെ ഏകദിന ലോകകപ്പിനിടെ ധോണിയും ഇതുപോലെ എതിർ ടീമിന്റെ ഫീൽഡ് സെറ്റ് ചെയ്തിരുന്നു. ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഷബീർ റഹ്‌മാനെ ട്രാക്കിൽ നിർത്തി സ്‌ക്വയർ ലെഗ് ഫീൽഡറെ ഇടത്തേക്ക് മാറ്റാനാണ് അന്നത്തെ ഇന്ത്യൻ നായകൻ ആവശ്യപ്പെട്ടത്. മത്സരത്തിലൂടെ ടെസ്റ്റിൽ കൂടുതൽ സെഞ്ച്വറിയെന്ന നേട്ടത്തിൽ (6)എം.എസ് ധോണിക്കൊപ്പവും പന്ത് എത്തിയിരുന്നു.
മത്സരത്തിൽ ബംഗ്ലാദേശിന് 515 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 287-4 എന്ന നിലയിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങിൽ സന്ദർശകർക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ സാക്കിർ ഹസൻ 33 റൺസെടുത്തും ഷദ്മാൻ ഇസ്‌ലാം 35 റൺസെടുത്തും പുറത്തായി.