എജ്ജാതി ഹിറ്റ്, പറപറന്ന് റിഷഭ് പന്തിന്റെ ബാറ്റ്
|139 പന്തിൽ നിന്ന് ആറു ഫോറും നാലു സിക്സറും സഹിതം നൂറ് റൺസാണ് പന്ത് അടിച്ചുകൂട്ടിയത്
ന്യൂലാൻഡ്സ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ച്വറിയാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് സ്വന്തമാക്കിയത്. സന്ദർശക നിര തകർന്നടിഞ്ഞ വേളയിൽ 139 പന്തിൽ നിന്ന് ആറു ഫോറും നാലു സിക്സറും സഹിതം നൂറ് റൺസെടുത്ത പന്ത് ടീം ഇന്ത്യയുടെ നെടുന്തൂണായി. ഒരറ്റത്ത് മറ്റു ബാറ്റ്സ്മാന്മാർ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറിയപ്പോഴും പന്ത് അക്ഷോഭ്യനായി പുറത്താകാതെ നിന്നു.
ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍ അടക്കമുള്ളവര്‍ താരത്തിന്റെ സമീപനത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലായിരുന്നു പന്തിന്റെ മികച്ച സ്ട്രോക് പ്ലേ. ക്യാപ്റ്റൻ വിരാട് കോലിയുമായി ചേർന്ന് 94 റൺസിന്റെ കൂട്ടുകെട്ടാണ് താരം പടുത്തുയർത്തിയത്. അറുപതാം ഓവറിൽ ഡുവാനെ ഒളിവിയറിനെതിരെ പന്ത് കളിച്ച ഷോട്ടാണ് ഇപ്പോൾ ആരാധകരുടെ ചർച്ചാ വിഷയം. സ്വന്തം സ്കോർ 87ൽ നിൽക്കെ ഒളിവിയറിനെ ബൗണ്ടറി കടത്തി പന്ത് സ്കോർ 91ലെത്തിച്ചു. എന്നാൽ കവറിലേക്ക് കളിച്ച പവർഫുൾ ഷോട്ടിൽ പന്തിന്റെ ബാറ്റ് പറന്നുപോകുന്ന കാഴ്ച ആരാധകര്‍ക്ക് മറ്റൊരു വിരുന്നായി. കൈയിൽ നിന്ന് തെറിച്ചു പോയ ബാറ്റ് സ്ക്വയർ ലെഗ്ഗിലാണ് പോയി വീണത്.
— Addicric (@addicric) January 13, 2022
ദക്ഷിണാഫ്രിക്കയിൽ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് പന്ത്. ഇതോടെ ആസ്ത്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും സെഞ്ച്വറി നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടവും താരം സ്വന്തമാക്കി. 24-ാം വയസ്സിലാണ് പന്തിന്റെ നേട്ടം. 28 മത്സരത്തിൽ നിന്ന് നാലു സെഞ്ച്വറിയാണ് ഇതുവരെ പന്ത് നേടിയിട്ടുള്ളത്. 90 മത്സരങ്ങളിൽ ആറു സെഞ്ച്വറിയാണ് എംഎസ് ധോണിയുടെ പേരിലുള്ളത്.
റിഷഭിന്റെ സെഞ്ച്വറിയുടെ ബലത്തിൽ 212 റൺസാണ് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം. കളി രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ 111 റൺസ് മാത്രമാണ് ആതിഥേയർക്ക് ജയത്തിനായി വേണ്ടത്. കളി നിർത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 101 റൺസാണ് ദക്ഷിണാഫ്രിക്ക എടുത്തിട്ടുള്ളത്.