Cricket
അരങ്ങേറ്റത്തിൽ തന്നെ 12 വിക്കറ്റുകൾ; പ്രഭാത് ജയസൂര്യ  ലങ്കയുടെ പുതിയ തുറുപ്പ് ചീട്ട്
Cricket

അരങ്ങേറ്റത്തിൽ തന്നെ 12 വിക്കറ്റുകൾ; പ്രഭാത് ജയസൂര്യ ലങ്കയുടെ പുതിയ തുറുപ്പ് ചീട്ട്

Web Desk
|
12 July 2022 4:40 AM GMT

ആഭ്യന്തരപ്രശ്‌നങ്ങളിൽ പതറുന്ന ലങ്കൻ ജനതക്ക് അഭിമാനമാകുന്നതായിരുന്നു ക്രിക്കറ്റിലെ ഈ വിജയം

കൊളംബോ: ആദ്യ ടെസ്റ്റിലെ തോൽവിക്ക് കണക്ക് വീട്ടി ശ്രീലങ്ക. രണ്ടാം ടെസ്റ്റിൽ ആസ്‌ട്രേലിയക്കെതിരെ ശ്രീലങ്കയുടെ ജയം ഇന്നിങ്‌സിനും 39 റൺസിനും. ആഭ്യന്തരപ്രശ്‌നങ്ങളിൽ പതറുന്ന ലങ്കൻ ജനതക്ക് അഭിമാനമാകുന്നതായിരുന്നു ക്രിക്കറ്റിലെ ഈ വിജയം. അതിന് കടപ്പടേണ്ടത് അരങ്ങേറ്റക്കാരൻ പ്രഭാത് ജയസൂര്യയോടും ഒപ്പം ദിനേശ് ചണ്ഡിമലിനോടും. അരങ്ങേറ്റത്തിൽ തന്നെ 12 വിക്കറ്റുകളാണ് പ്രഭാത് വീഴ്ത്തിയത്. അതൊരു മികച്ച നേട്ടവുമായി.

അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ നാലാമതെത്താന്‍ ജയസൂര്യക്കായി. 177 റണ്‍സ് വഴങ്ങിയാണ് ജയസൂര്യ 12 വിക്കറ്റ് വീഴ്ത്തിയത്. ഈ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ താരം നരേന്ദ്ര ഹിര്‍വാണിയാണ് ഒന്നാമന്‍. 1988ല്‍ ചെന്നൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റത്തില്‍ ഹിര്‍വാണി 136 റണ്‍സിന് 16 വിക്കറ്റ് വീഴ്ത്തിയിരുന്നു.

അതേസമയം അരങ്ങേറ്റത്തില്‍ ഒരു ശ്രീലങ്കന്‍ താരത്തിന്റെ മികച്ച പ്രകടനമാണിത്. രണ്ടാം തവണ മാത്രമാണ് ഒരു ശ്രീലങ്കന്‍ താരം അരങ്ങേറ്റത്തില്‍ പത്ത് വിക്കറ്റ് വീഴ്ത്തുന്നത്. കഴിഞ്ഞ വര്‍ഷം പ്രവീണ്‍ ജയവിക്രമ ബംഗ്ലാദേശിനെതിരെ അരങ്ങേറ്റത്തില്‍ 11 വിക്കറ്റ് വീഴ്ത്തിയിരുന്നു. മത്സരത്തിലേക്ക് വന്നാൽ ആദ്യംബാറ്റ് ചെയ്ത ആസ്‌ട്രേലിയ മുൻനായകൻ സ്റ്റീവൻ സ്മിത്തിന്റെയും(145) മാർനസ് ലബുഷെയിനിന്റെയും(104) സെഞ്ച്വറിക്കരുത്തിൽ നേടിയത് 364 റൺസ്.

ആദ്യ ഇന്നിങ്‌സിൽ തന്നെ പ്രഭാത് ജയസൂര്യ ആറു വിക്കറ്റുകൾ പോക്കറ്റിലാക്കിയിരുന്നു. ജയസൂര്യയുടെ സ്പിൻ ബൗളിങാണ് ആസ്‌ട്രേലിയയെ കൂറ്റൻസ്‌കോർ നേടുന്നതിൽ നിന്ന് തടയിട്ടത്. എന്നാൽ മറുപടി ബാറ്റിങിൽ ശ്രീലങ്ക ലീഡ് എടുത്തു. നേടിയത് 554 റൺസ്. ദിനേശ് ചാണ്ഡിമാൽ പുറത്താകാതെ നേടിയ ഇരട്ട സെഞ്ച്വറിയാണ്(206) ലങ്കയ്ക്ക് 190 റൺസിന്റെ ലീഡ് നേടിക്കൊടുത്തത്. എന്നാൽ രണ്ടാം ഇന്നിങ്‌സിൽ ഈ കടംവീട്ടാൻ പോലും ആസ്‌ട്രേലിയക്ക് കഴിഞ്ഞില്ല. 151 റൺസിന് എല്ലാവരും പുറത്ത്. രണ്ടാം ഇന്നിങ്‌സിലും പ്രഭാത് ജയസൂര്യ ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു.

Summary-Prabath Jayasuriya Enters Elite Club With 12 wickets On Test Debut

Related Tags :
Similar Posts