ഇംഗ്ലണ്ടിനായി അരങ്ങേറി, പിന്നാലെ സസ്പെൻഷനും: നാണം കെട്ട് ഒല്ലി റോബിൻസൺ
|വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകളാണ് താരത്തിന് വിനയായത്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ സസ്പെന്ഷന് നേരിട്ട് ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ ഒല്ലി റോബിന്‍സണ്‍. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലാണ് 27കാരനായ റോബിന്‍സണ്‍ സസ്പെന്ഷന് നേരിട്ടത്. വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകളാണ് താരത്തിന് വിനയായത്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറ്റ മത്സരം കളിക്കവെയാണ് താരത്തിന്റെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കിയത്.
ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ റോബിന്‍സണ്‍ മികച്ച ഫോമിലായിരുന്നു. രണ്ടാം ഇന്നിങ്സില്‍ മൂന്നു വിക്കറ്റും വീഴ്ത്തിയിരുന്നു. ഏഷ്യക്കാരെയും മുസ്ലിംകളെയുമൊക്കെ അധിക്ഷേപിക്കുന്ന ട്വീറ്റുകളാണ് താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ലൈംഗിക അധിക്ഷേപങ്ങൾ നിറഞ്ഞ ട്വീറ്റുകളും താരത്തിന്റെതായുണ്ട്. 2012ലെ ട്വീറ്റുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
അതേസമയം പക്വതയില്ലാത്ത കാലത്ത് താൻ ചെയ്ത ട്വീറ്റുകളാണ് ഇതെന്ന് റോബിൻസൺ പ്രതികരിച്ചു. തന്റെ ഭാഗത്ത് നിന്നുണ്ടായത് വലിയ വീഴ്ചയാണ്. ആ ട്വീറ്റുകളിൽ ഇന്ന് ഖേദം തോന്നുന്നു. ഉത്തരവാദിത്വമുള്ള ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ തനിക്ക് തെറ്റുപറ്റിയത് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും റോബിൻസൺ വ്യക്തമാക്കി. അതേസമയം സസ്പെൻഷൻ നേരിട്ടതോടെ ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ റോബിൻസണിന്റെ സേവനം ഇംഗ്ലണ്ടിന് ലഭിക്കില്ല. അതേസമയം അന്വേഷണം നടക്കുന്നതിനാൽ സസെക്സിനെതിരായ മത്സരം കളിക്കാൻ താരത്തിന് അനുമതിയുണ്ട്.