ജയ് ഷാ ഐ.സി.സി പ്രസിഡന്റാകും; അരുൺ ജെയ്റ്റ്ലിയുടെ മകൻ രോഹനെ ബിസിസിഐ സെക്രട്ടറിയാക്കാൻ നീക്കം
|ന്യൂഡൽഹി: ബി.സി.സി.ഐ ജനറൽ സെക്രട്ടറി ജയ് ഷാക്ക് പകരക്കാരനായി രോഹൻ ജെയ്റ്റ്ലി എത്തുമെന്ന് ദേശീയ മാധ്യമങ്ങൾ. ജയ് ഷാ ഐ.സി.സി അധ്യക്ഷനായി ചുമതലയേൽക്കുന്നതോടെ രോഹൻ പകരക്കാരനാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായ രോഹൻ മുൻ കേന്ദ്രമന്ത്രിയും അന്തരിച്ച ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്ലിയുടെ മകനാണ്.
നാലുവർഷം മുമ്പാണ് രോഹൻ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. അരുൺ ജെയ്റ്റ്ലിയും 14 വർഷത്തോളം ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ അനിൽ പട്ടേലിന്റെ പേരും ജയ് ഷാക്ക് പകരക്കാരനായി പരിഗണിക്കുന്നുണ്ട്.
അതേ സമയം രോഹനുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നു. ഇതിന് പിന്നാലെ ബി.സി.സി.ഐ സെക്രട്ടറിയാകുമെന്ന വാർത്തകൾ നിഷേധിച്ച് രോഹൻ തന്നെ രംഗത്തെത്തി.
2019 ഒക്ടോബർ മുതൽ ബി.സി.സി.ഐ സെക്രട്ടറിയായി തുടരുന്ന ജയ് ഷാ 2021 ജനുവരി മുതൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനായും പ്രവർത്തിക്കുന്നുണ്ട്. ന്യൂസിലാൻഡുകാരൻ ജെഫ് ബാർക്ലേക്ക് പകരക്കാരനായാണ് ജയ് ഷാ ഐസിസി തലപ്പത്തെത്തിയത്. മറ്റാരും മത്സരരം ഗത്തില്ലാത്തതിനാൽ ഐ.സി.സി അധ്യക്ഷസ്ഥാനത്തേക്ക് എതിരില്ലാതെയാണ് ജയ് ഷായെ തെരഞ്ഞെടുത്തത്. 2024 ഡിസംബർ 1 മുതലാകും ജയ്ഷാ ഔദ്യോഗികമായി ചുമതലയേറ്റെടുക്കുക.