200 കി മീ വേഗതയിൽ ലംബോർഗിനിയുമായി കുതിച്ചു: രോഹിത് ശർമയ്ക്ക് മൂന്നുവട്ടം പിഴ
|അമിത വേഗത ഇഷ്ടപ്പെടുന്ന താരം ലോകകപ്പ് മത്സരത്തിനായി പൂനെയിലേക്ക് വന്നപ്പോഴാണ് പിഴ ലഭിച്ചത്
അമിത വേഗതയിൽ വാഹനമോടിച്ചതിന് പിഴ വാങ്ങുന്നത് മലയാളികൾക്ക് പുതിയ കാര്യമല്ല, പ്രത്യേകിച്ച് നാട്ടിലുടനീളം എഐ ക്യാമറകൾ സ്ഥാപിക്കപ്പെട്ടിരിക്കേ. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയ്ക്കും അമിത വേഗതയിൽ വാഹനമോടിച്ചതിന് പിഴ കിട്ടി. മുംബൈ- പൂനെ എക്സ്പ്രസ്വേയിൽ അമിത വേഗതയിൽ കാറോടിച്ചതിന് മൂന്നു ചലാനാണ് താരത്തിന് ലഭിച്ചത്. ട്രാഫിക് മന്ത്രാലയത്തെ ഉദ്ധരിച്ച് പൂനെ ടൈംസ് മിററാണ് വാർത്ത റിപ്പോർട്ട് ചെയതത്. അമിത വേഗത ഇഷ്ടപ്പെടുന്ന താരം ലോകകപ്പ് മത്സരത്തിനായി പൂനെയിലേക്ക് വന്നപ്പോഴാണ് പിഴ ലഭിച്ചത്. മണിക്കൂറിൽ 200 കിലോ മീറ്ററിലേറെ വേഗതയിൽ പോയ താരം 215 കി.മി വരെ വേഗത കടന്നതായും അധികൃതർ പറഞ്ഞു. തുടർന്നാണ് മൂന്നു ഓൺലൈൻ ട്രാഫിക് ചലാൻ ഇന്ത്യൻ നായകൻ നേരിടേണ്ടി വന്നതെന്നും പറഞ്ഞു.
ലോകകപ്പിന്റെ സമയത്ത്, തിരക്കേറിയ ഹൈവേയിൽ ഇന്ത്യൻ നായകൻ വാഹനമോടിച്ചതിൽ ട്രാഫിക് വിഭാഗം ആശങ്ക പ്രകടിപ്പിച്ചതായി പൂനെ ടൈംസ് റിപ്പോർട്ടിൽ പറഞ്ഞു. പൊലീസ് എസ്കോർട്ടോടെ താരം ടീം ബസിൽ സഞ്ചരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ഏകദിനത്തിൽ രോഹിത് നേടിയ ഉയർന്ന സ്കോറായ 264 ആണ് താരത്തിന്റെ ലംബോർഗിനിയുടെ നമ്പർ.
റോഡിലെ പ്രകടനത്തിന് പിഴ ലഭിച്ചെങ്കിലും ഗ്രൗണ്ടിൽ തട്ടുതകർപ്പൻ ഫോമിലാണ് രോഹിത്. അഫ്ഗാനെതിരെ സെഞ്ച്വറിയും പാകിസ്താനെതിരെ 86 റൺസുമാണ് താരം അടിച്ചുകൂട്ടിയത്. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നാളെ ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. നിലവിൽ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച ടീം ആറ് പോയിൻറുമായി പട്ടികയിൽ ഒന്നാമതാണ്.
Indian cricket team captain Rohit Sharma fined for speeding in Lamborghini