കോവിഡിനെ പുഞ്ചിരിയോടെ നേരിട്ട് രോഹിത് ശർമ; ടീമിനൊപ്പം ചേരാൻ മായങ്ക് അഗർവാൾ
|നിലവിൽ ഇന്ത്യ 2-1 ന് മുന്നിട്ട് നിൽക്കുന്ന ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ രോഹിത് പങ്കെടുക്കുമോയെന്ന് ഉറപ്പില്ല
ലണ്ടൻ: കോവിഡ് മൂലം നടക്കാതിരുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ജൂലൈ ഒന്നിന് നടക്കാനിരിക്കെ കോവിഡ് ബാധിതനായിരിക്കുകയാണ് ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ. കോവിഡ് ബാധിച്ച് രണ്ടു ദിവസമായിരിക്കെ പുഞ്ചിരിയോടെ റൂമിലിരിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവെച്ചിരിക്കുകയാണ് ഹിറ്റ്മാൻ. കഴിഞ്ഞ ഞായറാഴ്ച ബിസിസിഐ അയച്ച മെയിലിലാണ് താരത്തിന് കോവിഡ് ബാധിച്ച വിവരം അറിയിച്ചിരുന്നത്. നിലവിൽ ഇന്ത്യ 2-1 ന് മുന്നിട്ട് നിൽക്കുന്ന ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ രോഹിത് പങ്കെടുക്കുമോയെന്ന് ഉറപ്പില്ല. അതേസമയം, മറ്റൊരു ഓപ്പണിങ് ബാറ്ററായ മായങ്ക് അഗർവാളിനെ ടീമിലുൾപ്പെടുത്തിയിരിക്കുകയാണ്. ഉപനായകനായ കെ.എൽ. രാഹുൽ പരിക്കേറ്റ് മടങ്ങിയതിനാൽ മായങ്കിന്റെ സാന്നിധ്യം ടീമിന് അനിവാര്യമാണ്. നിലവിൽ റഗുലർ ഓപ്പണിങ് ബാറ്ററായി ശുഭ്മാൻ ഗിൽ മാത്രമാണുള്ളത്.
ലെസ്റ്റഷയറിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ കളിച്ചിരുന്ന രോഹിത് ആദ്യ ഇന്നിംഗ്‌സിൽ 25 റൺസാണ് നേടിയിരുന്നത്. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്തിരുന്നില്ല. മത്സരം സമനിലയാകുകയായിരുന്നു.
ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ്സ് അയ്യർ, ഹനുമാ വിഹാരി, ചേതേശ്വർ പൂജാര, റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), കെ.എസ് ഭരത്(വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ഷർദുൽ താക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മായങ്ക് അഗർവാൾ.
നായകനാകുമോ ജസ്പ്രീത് ബുംറ?
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ്മക്ക് കളിക്കാനാകില്ലെന്ന് ഉറപ്പായതോടെ ആരാകും ഇന്ത്യയുടെ നായകനെന്നാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിലെ ചൂടുള്ള ചർച്ച. നിലവിൽ ഇന്ത്യൻ ടെസ്റ്റ് ഉപനായകനായ ജസ്പ്രീത് ബുംറ തന്നെയാവും ടീമിനെ നയിക്കുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അങ്ങനെവന്നാൽ അതൊരു ചരിത്രമാകും. മൂന്നര പതിറ്റാണ്ടിനിടെ ഇതാദ്യമായാവും ഒരു ഫാസ്റ്റ് ബൗളർ ഇന്ത്യയെ ഒരു ടെസ്റ്റ് മത്സരത്തിൽ നയിക്കുക. ഇതിന് മുമ്പ് കപിൽദേവാണ് ഇന്ത്യയെ നയിച്ച ഫാസ്റ്റ് ഫാസ്റ്റ് ബൗളർ . കപിൽ ദേവിന്റെ പിൻഗാമിയാകാനൊരുങ്ങുകയാണ് ബുംറ.
1987 മുതൽ ഇന്ത്യൻ ടെസ്റ്റ് ഇലവന്റെ നായകനായി ഒരു പേസ് ബൗളർ ഉണ്ടായിരുന്നില്ല. സ്ഥിരം വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ പരിക്കേറ്റ് പുറത്തായതിനാലാണ് ബുംറ ഉപനായകനായത്. താരതമ്യേന കുറഞ്ഞ കാലയളവിൽ തനിക്ക് നേരിടേണ്ടി വന്ന വ്യത്യസ്ത ക്യാപ്റ്റന്മാരുടെ എണ്ണത്തെക്കുറിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ് സൂചിപ്പിച്ചിരുന്നു. ഈ പട്ടികയിലേക്കാവും ഇനി ബുംറ കൂടി എത്തുക. രോഹിത് ശർമ്മ പരിക്കുമൂലം പുറത്തായപ്പോൾ ദക്ഷിണാഫ്രിക്കയിൽ ലോകേഷ് രാഹുലാണ് ടീമിനെ നയിച്ചിരുന്നത്. ഉപനായകനായി ബുംറയും. ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് തന്റെ ആസ്ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻസിയിൽ മികവ് പുറത്തെടുത്തിരുന്നു. ആഷസും പാകിസ്ഥാനിൽ ഒരു പരമ്പരയും നേടി. എന്നാൽ നായകനായി ഫാസ്റ്റ് ബൗളർമാരെ ഇന്ത്യ പരിഗണിക്കാറില്ലായിരുന്നു.
നേരത്തെ അനിൽ കുംബ്ലെ ഇന്ത്യയെ നയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മേഖല സ്പിൻ ബൗളിങ് ആയിരുന്നു.ജൂലൈ ഒന്നിനാണ് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം. കോവിഡ് കാരണം നീട്ടിവെച്ച പരമ്പരയിലെ അവസാന മത്സരമാണ് ബിർമിങ്ഹാമിൽ നടക്കുന്നത്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ജയിച്ചാലുമത് ചരിത്രവിജയമാകും. ആ മത്സരത്തിലെ നായകൻ കൂടിയായൽ അതൊരു ക്രെഡിറ്റുമാകും.