റണ്ണൗട്ടായതിന് പിന്നാലെ ഗില്ലിനെതിരായ പ്രതികരണം; വിശദീകരണവുമായി രോഹിത് ശർമ്മ
|14 മാസത്തെ ഇടവേളക്ക് ശേഷമാണ് ഹിറ്റ്മാൻ ട്വന്റി 20 കളിക്കാനിറങ്ങിയത്.
മൊഹാലി: അഫ്ഗാനിസ്താനെതിരായ ആദ്യ ട്വന്റി 20യിൽ റണ്ണൗട്ടായതിന് പിന്നാലെ സഹ ഓപ്പണർ ശുഭ്മാൻ ഗിലുമായി കയർത്ത സംഭവത്തിൽ വിശദീകരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ രംഗത്ത്. മത്സരശേഷമാണ് സംഭവത്തെ കുറിച്ച് താരം പ്രതികരിച്ചത്. 'ക്രിക്കറ്റിൽ റണ്ണൗട്ടുകൾ സംഭവിക്കും. റണ്ണൗട്ടുകളുണ്ടാവുമ്പോൾ നിരാശരാകും. ടീമിനായി റൺസ് കണ്ടെത്താനാണല്ലോ നാം ക്രീസിൽ ഇറങ്ങുന്നത്. എല്ലാ കാര്യങ്ങളും അനുകൂലമായി സംഭവിക്കണമെന്നില്ല. മത്സരം നമ്മൾ ജയിച്ചു, മറ്റെന്തിനെക്കാളും അതിനാണ് പ്രാധാന്യം. ശുഭ്മാൻ ഗിൽ തുടർന്നും ബാറ്റ് ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം' രോഹിത് പറഞ്ഞു.
മൊഹാലി ട്വൻറി 20യിൽ നാടകീയമായാണ് രോഹിത് ശർമ്മയുടെ പുറത്താകൽ. ഫസൽഹഖ് ഫറൂഖിയുടെ രണ്ടാം പന്തിൽ രോഹിത് മിഡ് ഓഫിലേക്ക് ഷോട്ട് കളിച്ചു. എന്നാൽ ബൗണ്ടറിക്ക് അനുവദിക്കാതെ ഇബ്രാഹിം സദ്രാൻ മികച്ച ഫീൽഡിലൂടെ പന്ത് പിടിച്ചു. ഗിൽ ഈ സമയം നോൺസ്ട്രൈക്കറുടെ ക്രീസ് വിട്ട് അധികം പുറത്തേക്ക് പോയിരുന്നില്ല. എന്നാൽ അപ്പോഴേക്ക് രോഹിത് റൺസിനായി മറുവശത്ത് എത്തിയിരുന്നു. റൺസ് വേണ്ടെന്ന് ഗിൽ ആംഗ്യം കാണിച്ചിരുന്നെങ്കിലും രോഹിത് ശ്രദ്ധിച്ചിരുന്നില്ല. രോഹിത് റണ്ണിനായി ഓടിയത് ഗില്ലും കാണാതെപോയി. ഒടുവിൽ രണ്ട് പന്ത് നേരിട്ട രോഹിത് പൂജ്യനായി പുറത്തേക്ക്. ഇതിന് പിന്നാലെയാണ് ഗില്ലിനെതിരെ രോഹിത് നിരാശ പരസ്യമാക്കിയത്.
സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ ഗില്ലിനെ അനുകൂലിച്ചും വിമർശിച്ചും പ്രചരണമുണ്ടായിരുന്നു. 14 മാസത്തെ ഇടവേളക്ക് ശേഷമാണ് ഹിറ്റ്മാൻ ട്വന്റി 20 കളിക്കാനിറങ്ങിയത്. കളിക്കളത്തിൽ ശോഭിക്കാനായില്ലെങ്കിലും അപൂർവ്വനേട്ടം 36കാരൻ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ 100 അന്താരാഷ്ട്ര ട്വന്റി 20 മത്സര വിജയത്തിൽ പങ്കാളികളായ ആദ്യ പുരുഷ ക്രിക്കറ്റ് താരമായാണ് മാറിയത്. യുവ ബാറ്റർമാരുടെ കരുത്തിൽ ആറ് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. വെടിക്കെട്ട് അർധസെഞ്ചുറിയുമായി ശിവം ദുബെയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.