'ശബ്ദം കൂട്ടൂ': ചൂടായി രോഹിത് ശർമ്മ
|15 പന്തിൽ 56 റൺസ് നേടിയ കമിൻസ് 16 ഓവറിനുള്ളിൽ കളി തീർത്തു. അതോടെ മുംബൈക്ക് മൂന്നാം മത്സരത്തിലും തോൽക്കാനായിരുന്നു വിധി.
പതിനഞ്ചാം സീസണിൽ തോറ്റുപോകുകയാണ് രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസ്. കളിച്ച മൂന്ന് മത്സരങ്ങളിലും തോറ്റു. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ച് വിക്കറ്റിനാണ് വിജയിച്ചത്. മത്സരത്തിൽ മുംബൈക്കും ജയിക്കാമെന്ന ഘട്ടമുണ്ടായിരുന്നു. എന്നാൽ പാറ്റ് കമ്മിൻസ് എല്ലാം തല്ലിത്തകർക്കുകയായിരുന്നു.
15 പന്തിൽ 56 റൺസ് നേടിയ കമിൻസ് 16 ഓവറിനുള്ളിൽ കളി തീർത്തു. അതോടെ മുംബൈക്ക് മൂന്നാം മത്സരത്തിലും തോൽക്കാനായിരുന്നു വിധി. ഈ സീസണിൽ വിചാരിച്ച പോലെയല്ല മുംബൈക്ക് കാര്യങ്ങൾ. ബാറ്റർമാരിൽ ആരും കരുതിയത് പോലുള്ള പ്രകടനം പുറത്തെടുക്കുന്നില്ല. ബൗളർമാർ ജസ്പ്രീത് ബുംറ ഒഴികെയുള്ളവരെല്ലാം നിരാശപ്പെടുത്തുന്നു. തുടർതോൽവികളിൽ രോഹിത് ശർമ്മയുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു. പൊതുവെ പത്രസമ്മേളനങ്ങിലും മാധ്യമങ്ങളെ കാണുമ്പോഴൊക്കെ സൗമ്യതയോടെയും കൂളായിട്ടുമൊക്കെയാണ് രോഹിത് പ്രതികരിക്കാര്.
എന്നാൽ ഇന്നലെ മത്സരശേഷമുള്ള പ്രതികരണത്തിന് എത്തിയ രോഹിതിന് ആ കൂൾ ഭാവം പുറത്തെടുക്കാനായില്ല. ചൂടൻ ഭാവത്തിൽ, ശബ്ദം കൂട്ടി സംസാരിക്കൂ എന്ന് രോഹിത് കമന്റേറ്ററോട് പറയുന്നുണ്ടായിരുന്നു. എന്നാൽ തുടക്കത്തിലെ ആ ചൂടൻ പെരുമാറ്റത്തിന് ശേഷം രോഹിത് സൗമ്യതയോടെ മറുപടി പറയുകയും ചെയ്തു.
മുംബൈ ഉയർത്തിയ 162 എന്ന വിജയലക്ഷ്യം കൊൽക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 16 ഓവറിൽ മറികടന്നു. വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച പാറ്റ്കമ്മിൻസാണ്(15 പന്തിൽ 56) കൊൽക്കത്തയുടെ വിജയശിൽപ്പി. വെങ്കടേഷ് അയ്യർ(41 പന്തിൽ 50) മികച്ച അടിത്തറയൊരുക്കി. മുംബൈ നിരയിൽ സൂര്യകുമാർ യാദവ്(36 പന്തിൽ 52) തിലക് വർമ(27 പന്തിൽ 38) എന്നിവർ തിളങ്ങി. നേരത്തെ മൂന്നാം മത്സരത്തിലും മുന്‍നിര പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാതെ പോയപ്പോള്‍ മുംബൈ തകര്‍ച്ചയിലേക്ക് എന്ന് തോന്നിച്ചിടത്താണ് മധ്യനിര മികച്ച പ്രകടനത്തിലൂടെ കളി തിരിച്ചുപിടിച്ചത്.
Summary: Awaaz badhao yaar' – Frustrated Rohit Sharma ahead of presentation ceremony after Pat Cummins' onslaught