Cricket
Rohit Sharma-Suryakumar Yadavരോഹിത് ശര്‍മ്മ-സൂര്യകുമാര്‍ യാദവ്
Cricket

ഐ.പി.എല്ലിലെ എല്ലാ മത്സരങ്ങളും കളിക്കാൻ രോഹിത് ഇല്ല, പകരം സൂര്യകുമാർ യാദവ്‌

Web Desk
|
30 March 2023 1:32 AM GMT

ഏപ്രില്‍ രണ്ട് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം

മുംബൈ: ഐ.പി.എല്‍ 16-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ എല്ലാ മത്സരങ്ങളിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഏകദിന ലോകകപ്പും മുന്നില്‍ നില്‍ക്കേ ജോലി ഭാരം കുറച്ച് ആവശ്യത്തിന് വിശ്രമമെടുക്കാനും പരിക്കേല്‍ക്കുന്നത് ഒഴിവാക്കണമെന്നുമുള്ള ബിസിസിഐ നിര്‍ദേശം കണക്കിലെടുത്താണിത്.

അദ്ദേഹത്തിന് പകരം സൂര്യകുമാര്‍ യാദവ് മുംബൈയെ നയിക്കും. ബിസിസിഐയുടെ നിര്‍ദേശം രോഹിതും മുംബൈ ഇന്ത്യന്‍സും മുഖവിലയ്‌ക്കെടുത്തു എന്ന് വേണം കരുതാന്‍. ഏപ്രില്‍ രണ്ട് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ കീറണ്‍ പൊള്ളാര്‍ഡായിരുന്നു മുംബൈയുടെ വൈസ് ക്യാപ്റ്റന്‍. എന്നാല്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ സൂര്യയെ സ്ഥാനമേല്‍പ്പിക്കുകയായിരുന്നു. ഇതോടെ രോഹിത് വിട്ടുനില്‍ക്കുമ്പോള്‍ നയിക്കേണ്ട ചുമതല സൂര്യക്കായി.

ടി20 ക്രിക്കറ്റില്‍ ലോക ഒന്നാംനമ്പര്‍ ബാറ്റ്‌സ്മാനായ സൂര്യ നേരത്തെ ശ്രീലങ്ക, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. അതേസമയം ഈ വര്‍ഷം ജനുവരിയില്‍ ഏകദിന ലോകപ്പ് ലക്ഷ്യമിട്ട് ലോകകപ്പ് ടീമിന്റെ ഭാഗമാകുന്ന 20 അംഗ കളിക്കാരുടെ ഒരു പൂളിനെ ബിസിസിഐ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ഐപിഎല്‍ ഒഴിവാക്കി ഐസിസി ഇവന്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

ഈ പൂളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കാനും കളിക്കാരുടെ ഫിറ്റ്നസ് ട്രാക്ക് ചെയ്യുന്നതിനു വേണ്ടിയും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയെ ചുമലതപ്പെടുത്തുകയും ചെയ്തു. ഇതിനായി ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ട് നാഷണല്‍ ക്രിക്കറ്റ് അക്കാദമി പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Similar Posts