
‘ദുബൈ ഞങ്ങളുടെ ഹോംഗ്രൗണ്ടല്ല’; ഒരേ ഗ്രൗണ്ടിൽ കളിക്കുന്നത് ഇന്ത്യക്ക് ഗുണകരമാണെന്ന വാദം തള്ളി രോഹിത്

ദുബൈ: ഒരേ ഗ്രൗണ്ടിൽ കളിക്കുന്നത് ഇന്ത്യക്ക് ആനുകൂല്യമാകുമെന്ന വിമർശനം തള്ളി ക്യാപ്റ്റൻ രോഹിത് ശർമ. ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, പാകിസ്താൻ അടക്കമുള്ള രാജ്യങ്ങളിലെ താരങ്ങളും മുൻതാരങ്ങളും അടക്കമുള്ളവർ വിമർശനമുയർത്തിയതിന് പിന്നാലെയാണ് മറുപടിയുമായി രോഹിത് എത്തിയത്.
‘‘ഓരോ തവണയും പിച്ച് നിങ്ങൾക്ക് വ്യത്യസ്തമായ വെല്ലുവിളികളാണ് നൽകുക. ഇവിടെ കളിച്ച മൂന്ന് മത്സരങ്ങളിലും പിച്ച് വ്യത്യസ്തമായിരുന്നു. ഇത് ഞങ്ങളുടെ ഹോം ഗ്രൗണ്ടല്ല. ഇത് ദുബൈയാണ്. ഇവിടെ ഞങ്ങൾ അധികം മത്സരങ്ങൾ കളിച്ചിട്ടില്ല. ഇത് ഞങ്ങൾക്കും പുതിയതാണ്’’ -ആസ്ട്രേലിയക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ രോഹിത് പറഞ്ഞു.
‘‘ഇവിടെ നാലോ അഞ്ചോ പ്രതലങ്ങൾ ഉപയോഗിക്കുന്നുണ്ട്. സെമി ഫൈനലിന് ഏത് പിച്ചാണ് ഉപയോഗിക്കുന്നത് എന്നറിയില്ല. പക്ഷേ എന്തുതന്നെ സംഭവിച്ചാലും അതിനോട് പൊരുത്തപ്പെടുകയും എന്താണ് സംഭവിക്കുന്നത് എന്ന് നോക്കുകയും വേണം’’ - രോഹിത് കൂട്ടിച്ചേർത്തു.
അതേ സമയം ഇന്ത്യൻ സ്പിന്നർമാരെ എങ്ങനെ നേരിടുന്നു എന്നതിന് അനുസരിച്ചാകും ഓസീസിന്റെ സാധ്യതയെന്ന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് പ്രതികരിച്ചു. വരുൺ ചക്രവർത്തി മാത്രമല്ല, ഇന്ത്യയുടെ മറ്റുസ്പിന്നർമാരും ക്വാളിറ്റിയുള്ളവരാണെന്നും സ്മിത്ത് പറഞ്ഞു.