Cricket
Rohit Sharma should not have taken India captaincy: Shoaib Akhtar

Shoaib Akhtar

Cricket

'ധോണി ടീമിനെ ചുമലിലേറ്റി, രോഹിത് നായകനാകേണ്ടിയിരുന്നില്ല'; ഇന്ത്യൻ ക്യാപ്റ്റൻസിയെ കുറിച്ച് പാക് ഇതിഹാസം

Sports Desk
|
19 Aug 2023 1:24 PM GMT

ഏഷ്യ കപ്പും ഏകദിന ലോകകപ്പും നടക്കാനിരിക്കെ രോഹിതും സംഘവും കടുത്ത സമ്മർദത്തിലാണ്

ഐസിസി ഏകദിന ലോകകപ്പ് രാജ്യത്ത് നടക്കാനിരിക്കെ ഇന്ത്യൻ നായകനെ കുറിച്ച് നിരീക്ഷണം പങ്കുവെച്ച് പാകിസ്താൻ ഇതിഹാസ താരം ഷുഐബ് അക്തർ. ബാക്ക് സ്‌റ്റേജ് വിത്ത് ബോറിയ എന്ന റെവ് സ്‌പോർട്‌സ്‌ യൂട്യൂബ് ചാനൽ പരിപാടിയിലാണ് താരം പ്രതികരിച്ചത്. രോഹിത് ശർമ ഇന്ത്യൻ നായക പദവി ഏറ്റെടുക്കേണ്ടിയിരുന്നില്ലെന്നാണ് അക്തർ അഭിപ്രായപ്പെട്ടത്.

'ടീമിന്റെ മുഴുവൻ സമ്മർദവും ചുമലിലേറ്റുന്ന ഒരു താരമുണ്ടായിരുന്നു - ധോണി, മുഴുവൻ ടീമിനെയും സംരക്ഷിച്ചു നിർത്താനായ നായകൻ. രോഹിത് ശർമ മികച്ച താരമാണ്. എന്നാൽ ക്യാപ്റ്റൻ പദവിയിൽ പരിഭ്രാന്തനാകുന്നു, മുടന്തിപ്പോകുന്നു. ഇത് കടുത്ത വാക്കുകളായേക്കും. അദ്ദേഹം നായകനാകേണ്ടിയിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്' അക്തർ അഭിപ്രായപ്പെട്ടു.

'ഒരു പക്ഷേ വിരാട് കോഹ്‌ലി പോലും അദ്ദേഹത്തോളം കഴിവുള്ള താരമല്ല. അദ്ദേഹത്തിന്റെ ടൈമിംഗും ഷോട്ടുകളും അപാരമാണ്. ക്ലാസിക്കൽ ബാറ്ററാണ് അദ്ദേഹം. എന്നാൽ ക്യാപ്റ്റൻ പദവി അദ്ദേഹത്തിന് പറ്റുമോ? ഇതായിരുന്നു മിക്കപ്പോഴും എന്റെ ചോദ്യം. ഗുരുതര സാഹചര്യങ്ങളിൽ അദ്ദേഹം നന്നായി പ്രതികരിച്ചോ? ഞാൻ എന്നോട് തന്നെ പലപ്പോഴും ഈ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. അദ്ദേഹവും ചോദിക്കുന്നുണ്ടാകും' റാവൽപിണ്ടി എക്‌സ്പ്രസ് നിരീക്ഷിച്ചു. എന്നാൽ ഏകദിന ലോകകപ്പ് നേടാൻ കഴിവുള്ള ടീം അദ്ദേഹത്തിന്റെ കൂടെയുണ്ടെന്നു ചൂണ്ടിക്കാട്ടി.

ഏതായാലും ഏഷ്യ കപ്പും ഏകദിന ലോകകപ്പും നടക്കാനിരിക്കെ രോഹിത് ശർമ കടുത്ത സമ്മർദത്തിലാണ്. നാട്ടിൽ നടക്കുന്ന ലോകകപ്പിലടക്കം ടീമിനും സമ്മർദമുണ്ട്. മുമ്പ് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലായി നടന്ന 2011 ലോകകപ്പിൽ എംഎസ് ധോണിയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യ ഏറ്റവും ഒടുവിൽ ലോകകിരീടം നേടിയത്. വീണ്ടും നാട്ടിൽ സുപ്രധാന ടൂർണമെൻറ് നടക്കുമ്പോൾ കിരീടത്തിൽ കുറഞ്ഞതൊന്നും ആരാധകരും ക്രിക്കറ്റ് ബോർഡും പ്രതീക്ഷിക്കുന്നില്ല.

അതിനിടെ, ഏഷ്യ കപ്പിലേക്കുള്ള ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ബോർഡ് തിങ്കളാഴ്ച ഡൽഹിയിൽ യോഗം ചേരുന്നുണ്ട്. നായകൻ രോഹിതും യോഗത്തിൽ പങ്കെടുക്കും. പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ ഏഷ്യകപ്പ് സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, ആസ്‌ത്രേലിയ എന്നിവർ തങ്ങളുടെ താത്കാലിക ലോകകപ്പ് സംഘത്തെയും പുറത്തുവിട്ടിട്ടുണ്ട്.

Rohit Sharma should not have taken Indian captaincy: Shoaib Akhtar

Similar Posts