ഞാനിപ്പോഴും നന്നായി കളിക്കുന്നുണ്ട്; വിരമിക്കലിനെക്കുറിച്ച് മനസ്സ് തുറന്ന് രോഹിത്
|രോഹിത് ഗുരുനാഥ് ശർമ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യൻ ക്രിക്കറ്റ് സൃഷ്ടിച്ച ഏറ്റവും മികച്ച താരങ്ങളിലൊരാൾ. ഈ മാസം 30ന് പ്രായം 37 തികയുന്ന രോഹിത് ശർമയുടെ റിട്ടയർമെന്റിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അന്തരീക്ഷത്തിലുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് വ്യക്തമാക്കി രോഹിത് ശർമ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. പ്രശസ്ത ഗായകൻ എഡ് ഷീരാനും ഗൗരവ് കപൂറും തമ്മിലുള്ള സംഭാഷണത്തിനിടെയാണ് രോഹിത് തന്റെ റിട്ടയർമെന്റ് പ്ലാനിനെക്കുറിച്ച് സംസാരിച്ചത്.
‘‘സത്യം പറഞ്ഞാൽ റിട്ടയർമെന്റിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. പക്ഷേ ജീവിതം എവിടെയൊക്കെയെത്തുമെന്ന് എനിക്കറിയില്ല. ഞാനിപ്പോഴും നന്നായി കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുറച്ച് വർഷങ്ങൾ കൂടി മുന്നോട്ട് പോകാമെന്ന് കരുതുന്നു. കൂടുതലൊന്നും എനിക്കറിയില്ല. ഒരു ലോകകപ്പ് ജയിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. 2025ൽ ഒരു വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുണ്ട്. ഇന്ത്യ അത് നേടുമെന്ന് പ്രതീക്ഷിക്കുന്നു’’ -രോഹിത് അഭിമുഖത്തിൽ പറഞ്ഞു.
കൂടാതെ കോടിക്കണക്കിന് ഇന്ത്യൻ ആരാധകരുടെ ഹൃദയം തകർത്ത ഇന്ത്യയുടെ ഏകദിന ലോകകപ്പ് തോൽവിയെക്കുറിച്ചും രോഹിത് മനസ്സ് തുറന്നു. ടൂർണമെന്റിലുടനീളം ഗംഭീരമായി മുന്നേറിയ ഇന്ത്യ ഫൈനലിൽ ഓസ്ട്രേലിയക്ക് മുന്നിൽ പരാജിതരാകുകയായിരുന്നു. ഇതിനെക്കുറിച്ച് രോഹിത് പറഞ്ഞതിങ്ങനെ
‘‘എന്നെ സംബന്ധിച്ച് 50 ഓവർ ലോകകപ്പാണ് യഥാർത്ഥ ലോകകപ്പ്. കാരണം ഞാനൊക്കെ ആ ലോകകപ്പ് കണ്ടാണ് വളർന്നത്. അതിനെക്കാൾ ഉപരി അത് അരങ്ങറുന്നത് ഇന്ത്യയിലാണെന്നത് കൂടുതൽ ഇഷ്ടമുണ്ടാക്കുന്നതായിരുന്നു. ആ ഫൈനൽ വരെ ഞങ്ങൾ നന്നായി കളിച്ചിരിന്നു. സെമി ഫൈനൽ കടമ്പകൂടി പിന്നിട്ടതോടെ എല്ലാം ഒത്തുവന്നിരിക്കുന്നുവെന്നും ഒരടി മാത്രം അകലെയെന്നും ഞാൻ കരുതി. ലോകകപ്പ് തോൽക്കാനുള്ള ഒരു കാരണവും ഞങ്ങൾക്കുണ്ടായിരുന്നില്ല. എല്ലാം നല്ലതായിരുന്നു.നല്ല ആത്മവിശ്വാസവുമുണ്ടായിരുന്നു. പക്ഷേ അത് മോശം ദിവസമായിരുന്നു. ഞങ്ങൾ ഫൈനലിൽ മോശമായി കളിച്ചുവെന്ന് കരുതരുത്. പക്ഷേ കാര്യങ്ങൾ ഞങ്ങളുടെ വഴിക്ക് പോയില്ല. ഓസ്ട്രേലിയ ഞങ്ങളെക്കാൾ മികച്ചവരായിരുന്നു’’ - രോഹിത് പറഞ്ഞുനിർത്തി.
അതിനിടയിൽ രോഹിത് ശർമ മുംബൈ ഇന്ത്യൻസ് വിടുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. മുംബൈക്കായി അഞ്ചുകിരീടങ്ങൾ നേടിയ രോഹിത് ശർമ ടീമിൽ അടുത്തിടെ നടക്കുന്ന സംഭവ വികാസങ്ങളിൽ അസ്വസ്ഥനാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടയിൽ കമന്റേറ്ററും ഇംഗ്ലീഷ് മുൻതാരവുമായ മൈക്കൽ വോൺ രോഹിത് ശർമ അടുത്ത സീസണിൽ ചെന്നെ സൂപ്പർ കിങ്സിലേക്ക് മാറുമെന്നാണ് പ്രവചിക്കുന്നത്. മുംബൈ ഇന്ത്യൻസ് ടീം മാനേജ്മെന്റ് തന്നോട് നീതി പുലർത്തിയില്ലെന്ന തോന്നൽ രോഹിതിനുണ്ടെന്നും വോൺ കൂട്ടിച്ചേർത്തു. നേരത്തേ മുംബൈ ഇന്ത്യൻസ് നായകനായി ഹാർദിക് പാണ്ഡ്യയെത്തിയതിന് പിന്നാലെ രോഹിതിന്റെ ഭാര്യ റിഥികയുടെ സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ വിവാദമുണ്ടാക്കിയിരുന്നു. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും ഐ.പി.എല്ലിലെ ബദ്ധവൈരികളാണ്. ഐ.പി.എൽ ചരിത്രത്തിൽ മികച്ച റെക്കോർഡുള്ളവർ. ഇൗ രണ്ടു ടീമുകളുടെയും പോരിനെ ഐ.പി.എല്ലിലെ എൽ ക്ലാസിക്കോയായാണ് ആരാധകർ കാണുന്നത്. അതുകൊണ്ടുതന്നെ അത്തരമൊരു നീക്കം വൈകാരികമായ മുംബൈയുടെ ആരാധകക്കൂട്ടം എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണം.
പുതിയ ഐ.പി.എൽ സീസണിൽ രോഹിത് ഭേദപ്പെട്ട രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. അഞ്ചുമത്സരങ്ങളിൽ കളത്തിലിറങ്ങിയ രോഹിത് 167 സ്ട്രൈക്ക് റേറ്റിൽ 156 റൺസാണ് നേടിയത്.