Cricket
അയാള്‍ക്ക് തിരിച്ചു വരാന്‍ ഒന്നോ രണ്ടോ ഇന്നിംഗ്സ് തന്നെ ധാരാളം; കോഹ്ലിയുടെ ഫോമില്ലായ്മയെ കുറിച്ച് രോഹിത് ശര്‍മ
Cricket

"അയാള്‍ക്ക് തിരിച്ചു വരാന്‍ ഒന്നോ രണ്ടോ ഇന്നിംഗ്സ് തന്നെ ധാരാളം''; കോഹ്ലിയുടെ ഫോമില്ലായ്മയെ കുറിച്ച് രോഹിത് ശര്‍മ

Web Desk
|
15 July 2022 3:22 PM GMT

"ഫോം നഷ്ടമാവുന്നതും വീണ്ടെടുക്കുന്നതുമൊക്കെ ഒരു ക്രിക്കറ്റ് താരത്തിന്റെ കരിയറിന്‍റെ ഭാ​ഗമാണ് "

കരിയറിലെ തന്‍റെ ഏറ്റവും മോശം ഫോമിലൂടെ കടന്ന് പോകുന്ന വിരാട് കോഹ്‍ലിയുടെ ഫോമില്ലായ്മയെ കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍‌ രോഹിത് ശര്‍മ. ഫോമില്ലാതാവുന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്‍റേയും കരിയറിന്‍റെ ഭാഗമാണെന്നും കോഹ്ലി‍ക്ക് തിരിച്ചു വരാന്‍ ഒന്നോ രണ്ടോ ഇന്നിംഗ്സ് തന്നെ മതിയെന്നും അദ്ദേഹം പറഞ്ഞു.

"നിങ്ങള്‍ എന്ത് കൊണ്ടാണ് എനിക്കിനിയും എന്താണീ ആവർത്തിച്ചു ചോദിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ഏറെ കാലമായി അദ്ദേഹം മൈതാനങ്ങളിൽ ഉണ്ട്. വളരെ മികച്ചൊരു കളിക്കാരനാണ് അദ്ദേഹം. എന്റെ അവസാന വാർത്താ സമ്മേളനത്തിൽ ഞാനിത് തുറന്ന് പറഞ്ഞതാണ്. ഫോം നഷ്ടമാവുന്നതും വീണ്ടെടുക്കുന്നതുമൊക്കെ സ്വാഭാവികമാണ്. ഒരു ക്രിക്കറ്റ് താരത്തിന്റെ കരിയറിന്‍റെ ഭാ​ഗമാണ് ഇതൊക്കെ. അത് കൊണ്ട് ഇത്രയും വർഷം കളിച്ച ഇത്രയധികം റൺസ് നേടിയ നിരവധി മത്സരങ്ങൾ വിജയിച്ച അയാൾക്ക് ഒരു തിരിച്ചുവരവ് നടത്താൻ ഒന്നോ രണ്ടോ ഇന്നിം​ഗ്സ് മതി"- രോഹിത് ശർമ പറഞ്ഞു.

ഐപിഎല്ലിൽ തുടങ്ങിയ മോശം ഫോം ഇംഗ്ലണ്ട് പര്യടനത്തിലും തുടരുകയാണ് വിരാട് കോഹ്ലി. അഞ്ചാം ടെസ്റ്റിൽ വലിയ സംഭാവനകൾ ഒന്നും നൽകാനാവാതിരുന്ന കോഹ്ലി ടി20 പരമ്പരയിലും ഏകദിന പരമ്പരയിലും മോശം ഫോമിലാണ് നീങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ 100 റണ്‍സിന്‍റെ ദയനീയ പരാജയം രുചിച്ച രണ്ടാം ഏകദിനത്തിൽ 16 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം.

ക്രിക്കറ്റ് ഇതിഹാസങ്ങളായ കപിൽ ദേവ്, വിരേന്ദർ സെവാഗ് എന്നിവരെല്ലാം കോഹ്‌ലിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. കഴിവുള്ള നിരവധി പേർ പുറത്തുണ്ടെന്നും അവർക്ക് അവസരം നൽകണമെന്നുമാണ് മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ പറയുന്നത്. അതിനിടെ വിൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ നിന്ന് കോഹ്ലിയെ ഒഴിവാക്കി. രണ്ടര വർഷത്തോളമായി ഒരു അന്താരാഷ്ട്ര സെഞ്ച്വറിപോലും കോഹ്‍ലിക്ക് നേടാനായിട്ടില്ല.

Similar Posts