ടെസ്റ്റ് റാങ്കിങിലേക്ക് രോഹിതിന്റെ തിരിച്ചുവരവ്; നേട്ടമുണ്ടാക്കി യശസ്വി
|പത്താം ടെസ്റ്റ് സെഞ്ചുറിയാണ് രോഹിത് ഡൊമിനിക്കയില്‍ കുറിച്ചിരുന്നത്.
ദുബൈ: വെസ്റ്റ്ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിലെ സെഞ്ച്വറിയോടെ റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. പത്താം ടെസ്റ്റ് സെഞ്ചുറിയാണ് രോഹിത് ഡൊമിനിക്കയില്‍ കുറിച്ചിരുന്നത്. ഇതോടെ താരം ആദ്യപത്തില്‍ തിരിച്ചെത്തി.
അതേസമയം അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ആദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഉള്‍പ്പെട്ടു. 73-ാം സ്ഥാനത്താണ് ജയ്‌സ്വാള്‍. ഡൊമിനിക്ക ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 387 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ 171 റണ്‍സെടുത്തിരുന്നു. ഇന്ത്യക്ക് പുറത്ത് അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ ഓപ്പണറുടെ ഏറ്റവും ഉയർന്ന സ്‌കോറും അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ ഓപ്പണറുടെ മൂന്നാമത്തെ ഉയർന്ന സ്‌കോറുമാണ് യശസ്വി കുറിച്ചത്.
ഋഷഭ് പന്ത് (11), വിരാട് കോലി (14) എന്നിവരാണ് ആദ്യ 20 റാങ്കിനുള്ളിലെ ബാക്കി ഇന്ത്യക്കാര്‍. 883 റേറ്റിങ്ങുമായി കിവീസ് നായകന്‍ കെയ്ന്‍ വില്യംസനാണ് പട്ടികയില്‍ ഒന്നാമത്. ട്രാവിസ് ഹെഡ്, ബാബര്‍ അസം, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍ എന്നിവരാണ് ആദ്യ അഞ്ച് റാങ്കിലുള്ള താരങ്ങള്‍. അതേസമയം ഡൊമിനിക്ക ടെസ്റ്റില്‍ രവിചന്ദ്രൻ അശ്വിന്റെ 12 വിക്കറ്റ് താരത്തിന് നേട്ടമായി. ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ 884 പോയിന്റുമായി അശ്വിന്‍ ഒന്നാം സ്ഥാനത്തെത്തി.
സഹതാരം രവീന്ദ്ര ജഡേജ 779 പോയിന്റുമായി 10-ാം സ്ഥാനത്ത് നിന്ന് മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് ഏഴാം സ്ഥാനത്തെത്തി. 449 പോയിന്റുമായി ജഡേജ ഓൾറൗണ്ടർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.