റോയൽ ഫാമിലി; പത്തു വർഷ ചാലഞ്ചുമായി സഞ്ജു സാംസൺ
|പഞ്ചാബിനെതിരായ അരങ്ങേറ്റ മത്സരത്തിൽ തന്നെ 27 റൺസും മൂന്ന് ക്യാച്ചുകളും, ഒരു റൺ ഔട്ടും സ്വന്തം പേരിൽ കുറിച്ച് സഞ്ജു സാംസൺ എന്ന 19 കാരൻ വരവറിയിച്ചു
രാജസ്ഥാൻ റോയൽസ് ഫാമിലിൽ പത്ത് വർഷം മുമ്പ് അംഗമായപ്പോഴും ഇപ്പോഴുമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നായകനും മലയാളി താരവുമായ സഞ്ജു സാംസൺ. ടെൻ ഇയർ ചാലഞ്ച് എന്ന കുറിപ്പോടെയാണ് പഞ്ചാബ് കിംഗ്സിനെതിരെ താൻ ബാറ്റ് ചെയ്യുന്ന ചിത്രം താരം പങ്കുവെച്ചത്. ഐ.പി.എല്ലിൽ 2012ലാണ് സഞ്ജുവിന് വിളിവന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്ക്വാഡിലുൾപ്പെടുത്തിയെങ്കിലും സൈഡ്ബെഞ്ചിലിരുന്ന് കളി കാണാനായിരുന്നു വിധി. 2013ലാണ് സഞ്ജു ഐ.പി.എൽ കളിക്കളത്തിൽ ആദ്യമായി ഇറങ്ങിയത്. ഇഷ്ട ടീമായ രാജസ്ഥാൻ തന്നെയാണ് അരങ്ങൊരുക്കിയത്.
പഞ്ചാബിനെതിരായ അരങ്ങേറ്റ മത്സരത്തിൽ തന്നെ 27 റൺസും, മൂന്ന് ക്യാച്ചുകളും ഒരു റൺ ഔട്ടും സ്വന്തം പേരിൽ കുറിച്ച് സഞ്ജു സാംസൺ എന്ന 19 കാരൻ വരവറിയിച്ചു. അടുത്ത മത്സരം ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെതിരെ... 41 പന്തിൽ 63 റൺസുമായി വീണ്ടും ആ ടീനേജർ ഞെട്ടിച്ചു. അരങ്ങേറി രണ്ടാം മത്സരത്തിൽ തന്നെ പ്ലേയർ ഓഫ് ദ മാച്ച്. ഐ.പി.എല്ലിൽ അർധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം. 11 ഇന്നിങ്സിൽ നിന്ന് 206 റൺസും 13 ക്യാച്ചുകളുമായി മിന്നുന്ന ഫോമിൽ സീസൺ അവസാനിപ്പിച്ച സഞ്ജു തന്നെയായിരുന്നു ആ ടൂർണമെൻറിലെ മികച്ച യുവതാരത്തിനുള്ള എമേർജിങ് പ്ലേയർ പുരസ്കാരം സ്വന്തമാക്കിയത്.
പ്രീമിയർ ലീഗിൽ പിന്നീട് സഞ്ജുവിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ദ്രാവിഡ് സ്കൂൾ ഓഫ് ക്രിക്കറ്റിൽ രാകിമിനുക്കിയ പടക്കോപ്പ് തന്നെയായിരുന്നു സഞ്ജു. വെറും കാടനടികളൊന്നുമായിരുന്നില്ല, സ്വീറ്റ് ടൈമിംഗ് ആണ് സഞ്ജുവിന്റെ ട്രേഡ് മാർക്ക്, ബാറ്റിന്റെ ബ്യൂട്ടി സ്പോട്ടിൽ നിന്ന് പായുന്ന ക്ലീൻ ഹിറ്റിലൂടെ അയാൾ ആരാധകരെ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.
ആദ്യ വട്ടം 2015 വരെ ടീമിനൊപ്പം തുടർന്ന താരം 2016-17 കാലയളവിൽ ഡൽഹി ഡെയർ ഡെവിൾസിനായാണ് കളിച്ചത്. 2013ലെ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് എസ്. ശ്രീശാന്തടക്കമുള്ള താരങ്ങൾ പിടിയിലായതോടെ 2015 ജൂലൈ 14ന് ചെന്നൈ സൂപ്പർ കിംഗ്സിനെയും രാജസ്ഥാനയെും സുപ്രിംകോടതി ഐ.പി.എല്ലിൽ നിന്ന് വിലക്കിയതോടെയാണ് താരം ഡൽഹിക്കായി കളിച്ചത്. 2016, 2017 ഐ.പി.എൽ സീസണുകളിലാണ് ആർ.ആർ. കളത്തിലില്ലാതിരുന്നത്.
ഡൽഹിയിലും സഞ്ജു തന്റെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുത്തു. സഞ്ജുവിന്റെ കരിയറിലെ ആദ്യ ഐ.പി.എൽ സെഞ്ച്വറിയും ആ സീസണുകളിലൊന്നിലാണ് പിറന്നത്. ധോണിയുടെ റൈസിങ് പുണെ ജയൻറ്സിനെതിരെയായിരുന്നു സഞ്ജുവിന്റെ സൂപ്പർ ഡ്യൂപ്പർ ഇന്നിങ്സ്. 96 ൽ നിൽക്കെ ആദം സാംപയെ സിക്സറിന് തൂക്കി സെഞ്ച്വറിയിലെത്തിയ സഞ്ജുവിന്റെ കോൺഫിഡൻസ് ലെവൽ ആ കളി കണ്ടവരാരും മറക്കില്ല. 2017 സീസണിൽ 386 റൺസുമായി സഞ്ജു ഡൽഹിയുടെ ടോപ്സ്കോററുമായി. 2018 ൽ വീണ്ടും രാജസ്ഥാൻ ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തി. ഇതിനോടകം സഞ്ജു തന്റെ പ്രകടനം കൊണ്ട് ഒറ്റക്ക് കളി തിരിക്കാൻ കഴിവുള്ള പ്ലേമേക്കർ ആയിക്കഴിഞ്ഞിരുന്നു. രാജസ്ഥാൻ തിരിച്ചുവരവിൽ വീണ്ടും സഞ്ജുവിനെ ഒപ്പം കൂട്ടി. 2018 സീസണിൽ 441 റൺസാണ് രാജസ്ഥാൻ റോയൽസിനായി സഞ്ജു അടിച്ചുകൂട്ടിയത്. 2021 മുതലാണ് ടീമിന്റെ നായകനായി വിക്കറ്റ് കീപ്പർ ബാറ്റർ മാറിയത്. നൂറ് ഐ.പി.എൽ മത്സരങ്ങൾ പൂർത്തിയാക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടവും ഇതിനോടകം സഞ്ജുവിനെ തേടിയെത്തി.
ഐ.പി.എല്ലിലെ റൺവേട്ട (സീസൺ, ആകെ മത്സരം, ആകെ റൺസ് എന്ന ക്രമത്തിൽ)
2013- 11 -206
2014 - 13 - 339
2015- 14 - 204
2016 - 14 - 291
2017 - 14 - 386
2018 - 15 - 441
2019 - 12 - 342
2020 - 14 - 375
2021 - 14 - 484
2022 - 17 - 458
2023 - 4 - 97
ആകെ 142 മത്സരങ്ങളാണ് സഞ്ജു ഐ.പി.എല്ലിൽ കളിച്ചിട്ടുള്ളത്. 136.15 ആണ് സ്ട്രൈക്ക് റൈറ്റ്. 28.98 ആണ് ശരാശരി. മൂന്നു സെഞ്ച്വറികളും 18 അർധസെഞ്ച്വറിളകും നേടിയിട്ടുണ്ട്. 3623 റൺസാണ് ആകെ സമ്പാദ്യം. പഞ്ചാബ് കിംഗ്സിനെതിരെ നേടിയ 119 റൺസാണ് ഏറ്റവുമുയർന്ന സ്കോർ. ഞായറാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ആറു പോയിൻറുമായി ഐ.പി.എല്ലിൽ ഒന്നാമതാണ് സഞ്ജുവിന്റെ സംഘം.
Royal Family; Sanju Samson with a ten-year challenge