വൈഡിനെതിരെ റിവ്യു എടുത്ത് സഞ്ജു, ക്യാച്ച് ഔട്ടിനെന്ന് തെറ്റിദ്ധരിച്ച് അമ്പയർ; ഒടുവിൽ സംഭവിച്ചത്-വീഡിയോ
|പേസ്-സ്പിൻ മികവിൽ മുംബൈ ഇന്ത്യൻസിനെ രാജസ്ഥാൻ 125 റൺസിൽ ചുരുട്ടികൂട്ടിയിരുന്നു. ട്രെൻഡ് ബോൾട്ടും യുസ്വേന്ദ്ര ചഹലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി
മുംബൈ: മുംബൈ ഇന്ത്യൻസ് ബാറ്റിങിനിടയിൽ കൺഫ്യൂഷനായി 'റിവ്യൂ' സിസ്റ്റം. ആർ അശ്വിൻ എറിഞ്ഞ 11ാം ഓവറിലാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ അമ്പയറുടെ തീരുമാനത്തിനെതിരെ റിവ്യൂ തേടിയത്. അശ്വിന്റെ പന്ത് കളിക്കാനുള്ള പീയുഷ് ചൗളയുടെ ശ്രമം പാഴായി. പന്ത് നേരെ വിക്കറ്റ് കീപ്പർ സഞ്ജുവിന്റെ കൈകളിൽ. എന്നാൽ ലെഗ്‌സൈഡിലൂടെ പോയ പന്ത് വൈഡ് വിളിക്കുകയാണ് അമ്പയർ ചെയ്തത്. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ മലയാളിതാരം റിവ്യൂവിനുള്ള സിഗ്നൽ നൽകി. ബൗളർ അശ്വിനടക്കം എല്ലാവരും കരുതിയത് വിക്കറ്റിനാണ് റിവ്യൂ എന്നായിരുന്നു.
തേർഡ് അമ്പയറുടെ പരിശോധനയിൽ പന്ത് ബാറ്റിലല്ല, പാഡിലാണ് തട്ടിയതായി മനസിലായി. ഇതോടെ വൈഡല്ലെന്ന് തെളിഞ്ഞു. എന്നാൽ ഔട്ടിനാണ് റിവ്യൂ എന്ന് തെറ്റിദ്ധരിച്ച് അമ്പയർ റിവ്യൂ നഷ്ടമായതായി അറിയിച്ചു. എന്നാൽ അമ്പയർക്കരികിലേക്കെത്തിയ മലയാളി താരം അൽപം രൂക്ഷമായാണ് സംസാരിച്ചത്. വൈഡിനെതിരെയാണ് റിവ്യൂ ചെയ്തതെന്ന് സഞ്ജു അംപറയെ ബോധ്യപ്പെടുത്തി. ഇതോടെ അംപയർ തീരുമാനം പുന:പരിശോധിച്ചു.
നേരത്തെ പേസ്-സ്പിൻ മികവിൽ മുംബൈ ഇന്ത്യൻസിനെ 125 റൺസിൽ ചുരുട്ടികൂട്ടിയിരുന്നു. ട്രെൻഡ് ബോൾട്ടും യുസ്വേന്ദ്ര ചഹലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആന്ദ്രെ ബർഗർ രണ്ട് വിക്കറ്റും നേടി മികച്ച പിന്തുണ നൽകി. 34 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറർ. പവർപ്ലെയിൽ തന്നെ മുംബൈക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. രോഹിത് ശർമ്മ(0),നമാൻ ധിർ(0),ബ്രേവിസ്(0) എന്നിവർ പൂജ്യത്തിന് മടങ്ങി. ഇതോടെ വലിയ തകർച്ച നേരിട്ട ആതിഥേയർക്ക് പിന്നീട് കരകയറാനായില്ല.