ബൗളര്‍മാര്‍ കുഴങ്ങും; ഐ.പി.എല്‍ രണ്ടാം പാദത്തിന് പുതിയ നിയമങ്ങള്‍
|യു.എ.ഇ വേദിയായ രണ്ടാംപാദ മത്സരങ്ങള്‍ സെപ്റ്റംബര്‍ 19നാണ് പുനരാരംഭിക്കുക.
കോവിഡ് വ്യാപനത്തെതുടര്‍ന്ന് നീട്ടിവെച്ചിരുന്ന ഐ.പി.എല്‍ വീണ്ടും ആരംഭിക്കാനിരിക്കേ പുതിയ നിയമാവലിയുമായി ബി.സി.സി.ഐ. കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് താരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്കുന്ന നിയമങ്ങളാണ് ബി.സി.സി.ഐ അവതരിപ്പിച്ചിരിക്കുന്നത്. താരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നതാണ് പുതിയ തീരുമാനമെങ്കിലും ബൗളര്‍മാരെ സംബന്ധിച്ച് കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നതാണ് ഈ നിയമങ്ങള്‍. യു.എ.ഇ വേദിയായ രണ്ടാംപാദ മത്സരങ്ങള്‍ സെപ്റ്റംബര്‍ 19നാണ് പുനരാരംഭിക്കുക.
കളിക്കിടയില്‍ പന്ത് ഗ്യാലറിയിലെത്തിയാല്‍ പിന്നീട് അത് ഉപയോഗിക്കില്ല എന്നതാണ് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത്. ഗ്യാലറിയിലേക്ക് പന്ത് പോയാൽ അത് വീണ്ടും ഉപയോഗിക്കാതെ പുതിയ പന്തിലാകും കളി തുടരുക. ഗ്യാലറിയിലേക്ക് പോയ ബോള്‍ അണുവിമുക്തമാക്കി ബോള്‍ ലൈബ്രറിയിലേക്ക് മാറ്റും. അതിന് പകരമായി ബോള്‍ ലൈബ്രറിയിൽ നിന്ന് പുതിയ പന്ത് ഉപയോഗിച്ച് കളിതുടരും. കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ ഐ.പി.എല്‍ മത്സരങ്ങളില്‍ സ്റ്റേഡിയത്തിന് പുറത്തേക്കോ, സ്റ്റാൻഡിലേക്കോ പോകുന്ന പന്തുകൾ അമ്പയർമാർ തന്നെ സാനിറ്റൈസ് ചെയ്ത് വീണ്ടും കളിയില്‍ ഉപയോഗിക്കുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്.
ഇത്തവണ മത്സരം കാണാന്‍ കാണികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതുകൊണ്ടാണ് ബി.സി.സി.ഐ നിയമാവലികളില്‍ മാറ്റം കൊണ്ടുവരുന്നത്. ഗ്യാലറി സ്റ്റാൻഡിലേക്ക് പോകുന്ന പന്തുകൾ കാണികൾ തൊടാൻ സാധ്യതയുണ്ടെന്നും ഇതുവഴി രോഗവ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുക്കുകയും ചെയ്യുമെന്ന വസ്തുത കണക്കിലെടുത്താണ് പുതിയ രീതി പ്രയോഗിക്കുന്നത്.
ബൗളര്‍മാര്‍ കുഴങ്ങും..!
എന്നാല്‍ പുതിയ പരിഷ്കാരം ബൗളര്മാര്മാരെ സംബന്ധിച്ച് തലവേദന സൃഷ്ടിക്കുന്നതാണ്. പുതിയ പന്തുകൾ കൂടുതല്‍ അഡ്വാന്റേജ് ബാറ്റ്സ്മാന് നല്‍കുമെന്നത് തന്നെയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ന്യൂ ബോളില്‍ കളി തുടരുമ്പോള്‍ പന്ത് ഏളുപ്പം ബാറ്റിലേക്ക് വരുമെന്നതിനാൽ ബാറ്റ്സ്മാന്മാര്ക്ക് കൂടുതല്‍ ഗുണം ചെയ്യും. കൂറ്റനടികൾക്ക് പേരുകേട്ട ട്വന്റി 20 ഫോര്‍മാറ്റായ ഐ.പി.എല്‍ പോലൊരു വേദിയില്‍ ഇടക്കിടെ പുതിയ പന്തുകളിലേക്ക് കളി മാറുമ്പോള്‍ ബൗളര്‍മാര്‍ കുഴങ്ങും എന്ന് ഉറപ്പാണ്.
പന്തിന്റെ ഒരു ഭാഗത്തെ തിളക്കം കൂട്ടാന്‍ ബൗളിങ് സൈഡ് പിന്തുടര്ന്ന് വന്ന രീതിയായ തുപ്പല് പുരട്ടലിനും വിലക്കുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ നിലനിന്നിരുന്നതിനാല്‍ ആദ്യ പാദത്തിലും ഇതിന് വിലക്കുണ്ടായിരുന്നു. ഇതിന് വിപരീതമായി ബൗളിങ് ടീം പ്രവര്‍ത്തിച്ചാല്‍ ബാറ്റിങ് സൈഡിന് അനുകൂലമായി അഞ്ച് റണ്‍സ് പെനാല്‍റ്റി ലഭിക്കും.