Cricket
കാര്യവട്ടത്ത് റണ്ണൊഴുകും: ആരാധകരെ ആവേശത്തിലാക്കി പിച്ച് റിപ്പോർട്ട്‌
Cricket

കാര്യവട്ടത്ത് റണ്ണൊഴുകും: ആരാധകരെ ആവേശത്തിലാക്കി പിച്ച് റിപ്പോർട്ട്‌

Web Desk
|
27 Sep 2022 3:19 PM GMT

ബാറ്റിങിന് അനുകൂലമായ പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റർ ബിജു മീഡിയവണിനോട് പറഞ്ഞു.

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ബാറ്റ്സ്മാൻമാരുടെ പറുദീസ ആകും. ബാറ്റിങിന് അനുകൂലമായ പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റർ ബിജു മീഡിയവണിനോട് പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 1500 പോലീസുകാരെ വിന്യസിച്ചതായി സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ അറിയിച്ചു. കാണികളെ നാലരയോട് കൂടി സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിപ്പിക്കും.

ബാറ്റുകൊണ്ട് വിസ്മയം തീർക്കാൻ രോഹിത് ശർമയുടെയും തെമ്പ ബാവുമയുടെയും സംഘത്തിന് കാര്യവട്ടത്ത് കഴിയും. ബാറ്റർമാരെ അകമഴിഞ്ഞ് പിന്തുണക്കുന്ന പിച്ചാണ് ഇത്തവണ കാര്യവട്ടത്ത് ഒരുക്കിയത്. ബൗളർമാർ ലൈനും ലെങ്തും കണ്ടെത്തിയില്ലെങ്കിൽ പന്ത് അനായാസം ബൗണ്ടറി കടക്കും. താൻ തയ്യാറാക്കിയ പിച്ചിൽ കോഹ്‌ലിയും മില്ലറും എല്ലാം സെഞ്ച്വറിയടിക്കട്ടെയെന്ന് ക്യൂറേറ്റർ ബിജു പറഞ്ഞു.

മത്സരത്തിന്റെ സുരക്ഷയ്ക്കായി 1500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ പറഞ്ഞു. കാണികളെ വൈകിട്ട് നാല് മണിയോടെ സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തിവിടും. കാണികൾ ആരും വളരെ നേരത്തെ എത്തരുതെന്ന് സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ അഭ്യർഥിച്ചു. വാഹന പാർക്കിങ്ങിനായി പ്രത്യേക സ്ഥലം തയ്യാറാക്കിയിട്ടുണ്ട്. നാട്ടിൽ നടക്കുന്ന മത്സരത്തിൽ സഞ്ജു ഇല്ലെങ്കിലും വർഷങ്ങൾക്കു ശേഷം ഒരു അന്താരാഷ്ട്ര മത്സരം കാര്യവട്ടത്ത് എത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ.

അതേസമയം തുടർച്ചയായ രണ്ടാം ദിവസവും ദക്ഷിണാഫ്രിക്ക, ഗ്രൗണ്ടിൽ പരിശീലനം നടത്തി. ഇന്ത്യൻ ടീമിന്റെ പരിശീലനം പുരോഗമിക്കുകയാണ്. ഏഷ്യാ കപ്പിലെ പോരായ്മകൾ പരിഹരിച്ചെന്ന് ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡ് പറഞ്ഞു. ടി20 ലോകകപ്പിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരേ ഗ്രൂപ്പിൽ ആയതുകൊണ്ട് ഈ പരമ്പര ഇരുവര്‍ക്കും നിർണായകമാണ്. ലോകകപ്പ് ടീമിലെ അന്തിമ ഇലവനിൽ സ്ഥാനം പിടിക്കാൻ ഓരോ താരങ്ങളും മത്സരിച്ച് പണിയെടുക്കേണ്ടിവരും. ആസ്ട്രേലിയക്കെതിരെ പരമ്പര സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് ടീം ഇന്ത്യ വരുന്നത്.

Related Tags :
Similar Posts