റുതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറി കരുത്തിൽ ചെന്നൈക്ക് കൂറ്റൻ സ്കോർ
|ഈ പ്രകടനത്തോടെ ഓറഞ്ച് ക്യാപ്പും ഗെയ്ക്വാദിന്റെ തലയിലെത്തി.
റുതുരാജ് ഗെയ്ക്വാദ് എന്ന ചെന്നൈ കുപ്പായത്തിലെ ആ 24 കാരൻ നാളെ ഇന്ത്യൻ ടീമിലെ എണ്ണം പറഞ്ഞ ബാറ്റ്സ്മാൻമാരിൽ ഒരാളാകുമെന്ന് ഉറപ്പാണ്. ഐപിഎല്ലിലെ തന്റെ ആദ്യ ഐപിഎൽ സെഞ്ച്വറി മുസ്തഫിസുറിനെ സിക്സറിന് പറത്തി നേടി ഗെയ്ക്വാദ് തന്റെ ക്ലാസ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. 60 ബോളിൽ 5 സിക്സിന്റെ 9 ഫോറുകളുടെയും അകമ്പടിയോട് കൂടിയാണ് ഗെയ്ക്വാദിന്റെ സെഞ്ച്വറി. ഇതോടെ ഓറഞ്ച് ക്യാപ്പും ഗെയ്ക്വാദിന്റെ തലയിലെത്തി.
ഗെയ്ക്വാദിന്റെ സെഞ്ച്വറി കരുത്തിൽ രാജസ്ഥാനെതിരെ നാല് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് ചെന്നൈ നേടിയത്. ഓപ്പണിങ് ഇറങ്ങിയ ഗെയ്ക്വാദ് 101 റൺസുമായി പുറത്താകാതെ നിന്നു. ഡുപ്ലെസിസ് 19 ബോളിൽ 25 റൺസ് നേടി. രാഹുൽ തെവാട്ടിയയുടെ പന്തിൽ സ്റ്റംമ്പിങിലൂടെയാണ് ഫാഫ് പുറത്തായത്. പിന്നാലെ വന്ന സുരേഷ് റെയ്ന വീണ്ടും നിരാശപ്പെടുത്തി. 5 പന്തിൽ 3 റൺസ് മാത്രമാണ് റെയ്നയ്ക്ക് നേടാനായത്. തെവാട്ടിയ തന്നെയാണ് റെയ്നയുടെ വിക്കറ്റ് വീഴ്ത്തിയത്. മൊയീൻ അലി 17 പന്തിൽ 21 റൺസ് നേടി. തെവാട്ടിയയുടെ പന്തിൽ സ്റ്റംപിങിലൂടെ തന്നെയാണ് മൊയീൻ അലിയും പുറത്തായത്.
പിന്നാലെയെത്തിയ അമ്പട്ടി റായ്ഡു നിരാശപ്പെടുത്തി. ചേതൻ സക്കറിയുടെ പന്തിൽ ഗ്ലെൻ ഫിലിപ്പിസിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ നാലു പന്തിൽ 2 റൺസ് മാത്രമാണ് റായിഡു നേടിയത്. പിന്നീട് ക്രീസിലെത്തിയ ജഡേജയുടെ അവസാന ഓവറുകളിലെ വെടിക്കെട്ട് കൂടെയായപ്പോൾ (15 പന്തിൽ 32 ) അബുദാബിയിലെ ഷെയ്ക്ക് സയിദ് സ്റ്റേഡിയത്തിൽ ചെന്നൈ കൂറ്റൻ വിജയ ലക്ഷ്യം തന്നെ രാജസ്ഥാന്റെ മുന്നിൽ വച്ചു.