ഫോമിലേക്കുയർന്ന ഗെയിക്വാദ്: സെഞ്ച്വറി നഷ്ടമായത് വേദന
|സെഞ്ച്വറിക്ക് ഒരു റൺസ് അകലെ ഗെയിക്വാദ് വീഴുകയായിരുന്നു. 57 പന്തിൽ നിന്ന് ആറു വീതം ഫോറും സിക്സറും അടങ്ങുന്നതായിരുന്നു ഗെയിക്വാദിന്റെ ഇന്നിങ്സ്.
മുംബൈ: കഴിഞ്ഞ ഐ.പി.എല്ലിൽ മിന്നുംഫോമിലായിരുന്നു ചെന്നൈ സൂപ്പർകിങ്സിന്റെ ഓപ്പണർ റിതുരാജ് ഗെയിക്വാദ്. എന്നാൽ പുതിയ സീസണിൽ റിതുരാജിന്റെ ബാറ്റ് വേണ്ടപോലെ ചലിച്ചിട്ടില്ല. ഈ സീസണിൽ ആകെ രണ്ട് തവണ മാത്രമെ ഗെയിക്വാദിന് 50ന് മേലെ റൺസ് കണ്ടെത്താനായുള്ളൂ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിലും ഗെയിക്വാദ് തിളങ്ങി.
അതും 99 റൺസുമായി. സെഞ്ച്വറിക്ക് ഒരു റൺസ് അകലെ ഗെയിക്വാദ് വീഴുകയായിരുന്നു. 57 പന്തിൽ നിന്ന് ആറു വീതം ഫോറും സിക്സറും അടങ്ങുന്നതായിരുന്നു ഗെയിക്വാദിന്റെ ഇന്നിങ്സ്. 99ൽ നിൽക്കെ നടരാജിനെ ഭുവനേശ്വറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഈ സീസണിൽ ചെന്നൈക്ക് തകർപ്പൻ തുടക്കമാണ് റിതുരാജും മറ്റൊരു ഓപ്പണറായ കോൺവേയും ചേർന്ന് നൽകിയത്.
വിക്കറ്റ് നഷ്ടമാവാതെ ഈ സഖ്യം ചേർത്തത് 182 റൺസ്. ഇതിൽ 85 റൺസ് കോൺവെയാണ് നേടിയത്. ഐ.പി.എല്ലിൽ 99ൽ പുറത്താകുന്ന അഞ്ചാമത്തെ ബാറ്ററാണ് ഗെയിക്വാദ്. വിരാട് കോഹ് ലി, ക്രിസ് ഗെയിൽ, പൃഥ്വി ഷാ, ഇശൻ കിഷൻ എന്നിവരാണ് 99ൽ പുറത്തായ മറ്റു ബാറ്റർമാർ. കഴിഞ്ഞ സീസണിൽ ഓറഞ്ച് ക്യാപ്പ് ഉടമയായ ഗെയിക്വാദ് ആഭ്യന്തര മത്സരങ്ങളിലും മികവ് തുടർന്നിരുന്നു. അതാണ് താരത്തെ സി.എസ്.കെ നിലനിർത്തിയതും. തുടര്‍ച്ചയായി മത്സരങ്ങള്‍ പരാജയപ്പെട്ട് സെഞ്ച്വറിയോടെയുള്ള തിരിച്ചുവരവായിരുന്നു ഗെയിക്വാദില് നിന്നും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ വീണത് ആരാധകര്‍ക്കും നിരാശയായി.
അതേസമയം ഹൈദരാബാദിനെ 13 റൺസിന് തോൽപ്പിച്ചാണ് ചെന്നൈ സൂപ്പർ കിങ്സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയത്. ചെന്നൈ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 6 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഓപ്പണർമാരായ അഭിഷേക് ശർമയും കെയ്ൻ വില്യംസണും ഹൈദരാബാദിന് മികച്ച തുടക്കമായിരുന്നു നൽകിയത്. എന്നാൽ സ്കോർ 58 എത്തിനിൽക്കെ അഭിഷേക് പുറത്തായി. പിന്നീടെത്തിയ രാഹുൽ ത്രിപാഠി പൂജ്യനായി മടങ്ങിയതോടെ ടീമിന്റെ താളം തെറ്റുകയായിരുന്നു.
Ruturaj Gaikwad innings against Sunrisers Hyderabad