Cricket
sachin
Cricket

അതവൾ അർഹിച്ചത്;വിനേഷ് ഫോഗട്ടിന് വെള്ളി മെഡൽ നൽകണം -സച്ചിൻ​ തെണ്ടുൽക്കർ

Sports Desk
|
9 Aug 2024 12:30 PM GMT

പാരിസ്: ഒളിമ്പിക്സ് ഗുസ്തിയിൽ നിന്നും അയോഗ്യയാക്കിയ വിനേഷ് ഫോഗട്ടിന്റെ ഹരജി അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി പരിഗണിക്കാനിരിക്കവേ പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. വിനേഷ് മെള്ളി മെഡൽ അർഹിക്കുന്നുവെന്നും അത് നൽകണമെന്നുമാണ് സച്ചിൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചത്.

‘‘എല്ലാ കായിക ഇനങ്ങൾക്കും അതിന്റേതായ നിയമങ്ങളുണ്ട്. കാലത്തിനനുസരിച്ച് അത് മാറ്റാറുമുണ്ട്. വിനേഷ് ഫോഗട്ട് ഫൈനലിലെത്തിയത് ശരിയായ രീതിയിലാണ്. ഭാര പരിശോധനയിൽ അയോഗ്യയായത് ഫൈനലിന് മുമ്പാണ്. ആയതിനാൽ തന്നെ അവൾ അർഹിച്ച വെള്ളിമെഡൽ നൽകിയില്ല എന്നാണ് യുക്തിപൂർവ്വം മനസ്സിലാക്കേണ്ടത്’’

‘‘ഉത്തേജകമരുന്ന് ഉപയോഗം അടക്കമുള്ളവ കാരണമാണ് ഇത്തരമൊരു നടപടിയെങ്കിൽ മനസ്സിലാക്കാമായിരുന്നു. അങ്ങനെയെങ്കിൽ മെഡൽ നൽകാത്തതിന് ന്യായമുണ്ട്. പക്ഷേ എതിരാളികളെ ശരിയായ രീതിയിൽ വീഴ്ത്തിയാണ് വിനേഷ് ഫൈനലിലെത്തിയത്. അവൾ ഉറപ്പായും വെള്ളി മെഡൽ അർഹിക്കുന്നു. കോടതിയിൽ നിന്നും അനുകൂലമായി വിധി വരുമെന്നും വിനേഷ് അർഹിച്ച പരിഗണന ലഭിക്കുമെന്നും പ്രതീക്ഷിക്കാം’’ -സച്ചിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ബുധനാഴ്ചയാണ് ഒളിമ്പിക്സില്‍ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തിൽ വിനേഷിനെ അയോഗ്യയാക്കിയ തീരുമാനമെത്തിയത്. ഫൈനലില്‍ ഇടംപിടിച്ച വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെയായിരുന്നു നടപടി. പരിശോധനയിൽ നൂറ് ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.

Similar Posts