Cricket
Cricket legend Sachin Tendulkars emotional note congratulating Virat Kohli on breaking his record of centuries
Cricket

'ആദ്യം കാലിൽ തൊട്ടുവന്ദിച്ചു, പിന്നീട് പ്രതിഭ കൊണ്ട് ഹൃദയവും'; കോഹ്‌ലിയെ കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ

Sports Desk
|
15 Nov 2023 1:28 PM GMT

കോഹ്ലി 50ാം സെഞ്ച്വറി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വൈകാരിക കുറിപ്പ്

സെഞ്ച്വറിക്കണക്കിൽ തന്റെ റെക്കോഡ് മറികടന്ന വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ വൈകാരിക കുറിപ്പ്. മുംബൈ വാംഖഡെയിൽ നടക്കുന്ന ലോകകപ്പിലെ ആദ്യ സെമിയിൽ സച്ചിനെ സാക്ഷിയാക്കി 50ാം സെഞ്ച്വറി (113 പന്തിൽ 117) കോഹ്ലി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് താരത്തിന്റെ കുറിപ്പ്.

'ഞാൻ ആദ്യമായി ഡ്രെസ്സിംഗ് മുറിയിൽ വെച്ച് നീ എന്റെ കാലിൽ തൊട്ടുവന്ദിച്ചു. എന്നാൽ സഹതാരങ്ങൾ നിന്നെ പരിഹസിച്ചു. അന്ന് എനിക്കും ചിരി നിർത്താനായില്ല. പക്ഷേ, പ്രതിഭ കൊണ്ടും പ്രയത്‌നം കൊണ്ടും പിന്നീട് എന്റെ ഹൃദയം തൊട്ടു. അന്നത്തെ ആ കൊച്ചു പയ്യൻ വിരാട താരമായതിൽ ഏറെ സന്തോഷം. എന്റെ റെക്കോഡ് ഒരു ഇന്ത്യക്കാരൻ തകർത്തതിൽ സന്തോഷിക്കാതിരിക്കാനാകുന്നില്ല. അതും ലോകകപ്പ് സെമിഫൈനലിൽ, ഏന്റെ സ്വന്തം തട്ടകമായ ഗ്രൗണ്ടിലായത് അതിലേറെ സന്തോഷകരം' എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സച്ചിൻ പറഞ്ഞു.

ഇന്ന് 290-ാം ഏകദിനത്തിലാണ് കോഹ്ലി തന്റെ അമ്പതാം ശതകം കണ്ടെത്തിയത്. 463 മത്സരങ്ങളിൽ നിന്നായിരുന്നു സച്ചിന്റെ നേട്ടം. രോഹിത് ശർമ്മ (31), റിക്കി പോണ്ടിങ് (30), സനത് ജയസൂര്യ (28) എന്നിവരാണ് കൂടുതൽ സെഞ്ച്വറി നേടിയ മറ്റു താരങ്ങൾ.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. ഈ ലോകകപ്പിൽ പത്ത് മത്സരങ്ങളിൽനിന്ന് 701 റൺസാണ് താരത്തിന്റെ പേരിലുള്ളത്. 2003ലെ ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കർ നേടിയ 673 റൺസിന്റെ റെക്കോഡാണ് കോഹ്‌ലി മറികടന്നത്. മാത്യു ഹെയ്ഡൻ (659), രോഹിത് ശർമ്മ (648) എന്നിവരാണ് കൂടുതൽ റൺസ് നേടിയ മറ്റു താരങ്ങൾ. 2007ലെ ലോകകപ്പിലായിരുന്നു ഹെയ്ഡന്റെ പ്രകടനം. 2019ൽ രോഹിത് ശർമ്മയും.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ അമ്പതിൽ കൂടുതൽ റൺസ് നേടുന്ന താരവും കോലിയായി മാറി. ഏഴ് അർധസെഞ്ച്വറി നേടിയ സച്ചിനെയും ഷക്കീബുൽ ഹസനെയുമാണ് താരം മറികടന്നത്. ഏറ്റവും കൂടുതൽ ഏകദിന അന്താരാഷ്ട്ര റൺസ് നേടുന്ന മൂന്നാമത്തെ താരവും കോഹ്ലിയായി മാറി. റിക്കി പോണ്ടിങ്ങിനെയാണ് മുൻ ഇന്ത്യൻ നായകൻ മറികടന്നത്. 14234 റൺസ് നേടിയ ശ്രീലങ്കയുടെ കുമാർ സംഗക്കാരയും 18426 റൺസ് നേടിയ സച്ചിനും മാത്രമാണ് ഇനി കോഹ്ലിക്ക് മുമ്പിലുള്ളത്.

Cricket legend Sachin Tendulkar's emotional note congratulating Virat Kohli on breaking his record of centuries

Similar Posts