ഐപിഎല്ലിനെക്കാളും വരുമാനം ടിഎൻപിഎല്ലിൽ നിന്ന്; സുദർശനെ ഇനി പിടിച്ചാൽ കിട്ടില്ല...
|ഫൈനലിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറെയും തെരഞ്ഞെത് സായ് സുദർശനെക്കുറിച്ചായിരുന്നു
അഹമ്മദാബാദ്: ഫൈനലിൽ ഗുജറാത്തിനായി 96 റൺസ് നേടി ഏവരെയും അമ്പരപ്പിച്ച സായ് സുദർശൻ ആരാണ്? ഫൈനലിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറെയും തെരഞ്ഞത് സായ് സുദർശനെക്കുറിച്ചായിരുന്നു. പതിയെ തുടങ്ങി ഇന്നിങ്സിന്റെ അവസാന ഭാഗത്തേക്ക് അടുത്തപ്പോൾ സുദർശൻ കത്തിക്കയറുകയായിരുന്നു. 47 പന്തുകളിൽ നിന്ന് എട്ട് ഫോറും ആറ് സിക്സറുകളും പായിച്ചായിരുന്നു സുദർശന്റെ വെടിക്കെട്ട്.
അർഹതപ്പെട്ട സെഞ്ച്വറി നാല് റൺസ് അകലെ നഷ്ടമായെങ്കിലും എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ഡഗ്ഔട്ടിലുള്ളവരും ആരാധകരും താരത്തെ യാത്രയാക്കിയത്. എന്നിരുന്നാലും കൗതുകകരമായ ചില കാര്യങ്ങള്‍ സുദർശനെച്ചുറ്റിപ്പറ്റിയുണ്ട്. പണംവാരുന്ന ഐപിഎല്ലിൽ നിന്ന് അല്ല തമിഴ്നാട്ടുകാരനായ സുദർശൻ കൂടുതൽ സമ്പാദിക്കുന്നത്. തമിഴ്നാട് പ്രീമിയർ ലീഗിൽ( ടി.എന്‍.പി.എല്‍) നിന്നാണ് ഐ.പി.എല്ലിനെക്കാൾ വരുമാനം സുദർശന് ലഭിക്കുന്നത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് സുദർശനെ ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചത്. എന്നാൽ ടി.എന്‍.പി.എല്ലിലെ ടീമായ കൊവൽ കിങ്സ് താരത്തെ ടീമിലെത്തിച്ചത് 21.6 ലക്ഷം രൂപക്ക്. കഴിഞ്ഞ സീസണിൽ എട്ട് ഇന്നിങ്സുകളിൽ നിന്നായി 358 റൺസാണ് സുദർശൻ നേടിയത്.
71.60 ആയിരുന്നു ബാറ്റിങ് ശരാശരി. സീസണിലെ റൺവേട്ടയിൽ രണ്ടാം സ്ഥാനവും സുദർശനായിരുന്നു. ടി.എന്‍.പി.എല്ലിലെ മിന്നൽ പ്രകടനം വിലയിരുത്തിയാണ് സുദർശനെ ഗുജറാത്ത് ടീമിൽ എത്തിച്ചത്. സുദർശന്റെ അച്ഛനും അമ്മയും കായിക താരങ്ങളാണ് എന്നതും ശ്രദ്ധേയമാണ്. അച്ഛൻ ഭരദ്വാജ് സൗത്ത് എഷ്യൻ ഗെയിംസിലെ അത്ലറ്റിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അമ്മ ഉഷ, തമിഴ്നാടിന് വേണ്ടി വോളിബോളും കളിച്ചിട്ടുണ്ട്. എന്നാൽ മകൻ എത്തിയത് ക്രിക്കറ്റിലും. അണ്ടർ 19 ചാലഞ്ചർ ട്രോഫിയിൽ രാജസ്ഥാൻ റോയൽസിലെ റൺവേട്ടക്കാരൻ യശസ്വി ജയ്സ്വാളിനൊപ്പം സുദർശൻ കളിച്ചിട്ടുണ്ട്. ലെഗ് സ്പിന്നർകൂടിയായ സുദർശൻ ഏതും പൊസിഷനിലും ബാറ്റ് ചെയ്യും എന്നതും പ്രത്യേകതയാണ്.
വിജയ്ഹസാരെ ട്രോഫി ക്രിക്കറ്റിൽ വെസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ മുരുകൻ അശ്വിന്റെ അഭാവത്തിൽ വിക്കറ്റ് വീഴ്ത്തിയ നേട്ടവും സായ് സുദര്ശന് പറയാനുണ്ട്. എന്തായാലും വരും സീസണില്‍ 20ലക്ഷത്തില്‍ സുദര്‍ശനെക്കിട്ടില്ലെന്ന് ചുരുക്കം. അതേസമയം ചെന്നൈ സൂപ്പർകിങ്സിനെതിരായ മത്സരത്തിൽ 214 എന്ന കൂറ്റൻ സ്കോറിലേക്ക് ഗുജറാത്ത് എത്തിയത് സുദർശന്റെ ബാറ്റിങ് ബലത്തിലായിരുന്നു. തുടക്കത്തിൽ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് വീണതിന് പിന്നാലെ ഗുജറാത്ത് ഇന്ന്ങ്സിനെ കെട്ടിപ്പടുത്തത് വൃദ്ധിമാൻ സാഹക്കൊപ്പമുള്ള സുദർശന്റെ ഇന്നിങ്സായിരുന്നു. മതീഷ് പതിരണയുടെ മികച്ചൊരു പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയായിരുന്നു സുദർശന്റെ മടക്കം.