ബാബറോ കോഹ്‍ലിയോ? മികച്ചവനാരെന്ന് പറഞ്ഞ് ജയസൂര്യ, മകന്‍ അയാളുടെ സൂപ്പര്‍ ഫാനെന്നും താരം
|'അയാളുടെ ബാറ്റിങ് എന്നെ അതിശയിപ്പിക്കാറുണ്ട്'
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരാണ് ഇന്ത്യയുടെ വിരാട് കോഹ്‍ലിയും പാകിസ്താന്‍റെ ബാബര്‍ അസമും. ക്രിക്കറ്റ് ലോകത്തെ നിരവധി റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കുന്നതില്‍ മത്സരിക്കുകയാണ് ഇരുവരും. സമീപകാലത്ത് ഫോം കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ടിരുന്ന വിരാട് കോഹ്‍ലി ഏഷ്യാ കപ്പോട് കൂടി ഫോമിലേക്ക് തിരിച്ചു വന്നത് ആരാധകരെ ആവേശത്തിലാറാടിച്ചിരുന്നു. ഏഷ്യാ കപ്പില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളുമായി തകര്‍പ്പന്‍ തിരിച്ചു വരവാണ് താരം നടത്തിയത്. എന്നാല്‍ ബാബറാകട്ടെ ഏഷ്യാ കപ്പില്‍ നിറം മങ്ങുകയും ചെയ്തു.
ബാബറോ കോഹ്‍ലിയോ? ആധുനിക ക്രിക്കറ്റില്‍ ഏറ്റവും മികച്ചവനാരെന്ന ചോദ്യം ക്രിക്കറ്റ് ലോകത്ത് വലിയ വാഗ്വാദങ്ങളും ചര്‍ച്ചകളും സൃഷ്ടിക്കാറുണ്ട്. ഇരു താരങ്ങള്‍ക്കും നിരവധി ആരാധകരുണ്ട് എന്നത് തന്നെയാണ് ഇതിനു കാരണം. ഇപ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ ബാബര്‍ കോഹ്‍ലി സംവാദങ്ങളില്‍ തന്‍റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ബാബറോ കോഹ്‍ലിയോ മികച്ചവന്‍ എന്ന ചോദ്യത്തിന് താന്‍ കോഹ്‍ലി എന്നാണ് മറുപടി പറയുക എന്ന് ജയസൂര്യ പറഞ്ഞു. കോഹ്‍ലിയുടെ ബാറ്റിങ് തനിക്ക് ഏറെ ഇഷ്ടമാണെന്നും തന്‍റെ മകന്‍റേയും ഇഷ്ടതാരമാണ് അദ്ദേഹമെന്നും ജയസൂര്യ പറഞ്ഞു.
ക്രിക്കറ്റ് ലോകത്തിനകത്ത് മത്സരം നിലനില്‍ക്കുമ്പോഴും ബാബറും കോഹ്‍ലിയും വ്യക്തിബന്ധങ്ങളില്‍ സൗഹൃദം കാത്തു സൂക്ഷിക്കുന്ന കളിക്കാരാണ്. കോഹ്‍ലി ഫോം കണ്ടെത്താന്‍ ഏറെ വിഷമിച്ചിരുന്ന കാലത്ത് താരത്തിന് പിന്തുണയുമായി ബാബര്‍ രംഗത്തെത്തിയിരുന്നു. കോഹ്‍ലിക്കായി പ്രാര്‍ഥിക്കുന്നു എന്നാണ് ബാബര്‍ ട്വീറ്റ് ചെയ്തത്.
ഏഷ്യാ കപ്പ് വിരാട് കോഹ്‍ലിക്ക് അഗ്നിപരീക്ഷ തന്നെയായിരുന്നു. 1021 ദിവസങ്ങളും 84 ഇന്നിങ്സകളും നീണ്ട കാത്തിരിപ്പിന് അവസാനമിട്ടുകൊണ്ടാണ് കോഹ്‍ലി മൂന്നക്കമെന്ന മാന്ത്രിക സംഖ്യയില്‍ തൊട്ടത്. അന്താരാഷ്ട്ര ടി20 യിലെ കോഹ്‍ലിയുടെ ആദ്യ സെഞ്ച്വറിയാണിത്. ഇതോടെ കോഹ്‌ലി രാജ്യന്തര ക്രിക്കറ്റിൽ സെഞ്ച്വറികളുടെ എണ്ണത്തിൽ മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിനൊപ്പമെത്തി. 71 സെഞ്ച്വറികളുമായി ഇരുവരും രണ്ടാം സ്ഥാനത്താണ്. സെഞ്ച്വറികളുടെ എണ്ണത്തിൽ സെഞ്ച്വറി നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ മാത്രമാണ് ഇനി കോഹ്‍ലിക്ക് മുന്നിലുള്ളത്. 29 സെഞ്ച്വറികള്‍ കൂടി നേടിയാല്‍ കോഹ്ലി സച്ചിനൊപ്പമെത്തും.