രോഹിതിന് സെഞ്ച്വറി, നിരാശപ്പെടുത്തി സഞ്ജു; ഇന്ത്യക്ക് മികച്ച സ്കോർ
|അഞ്ച് ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് മാത്രമായിരുന്നു
ബംഗളൂരു: ക്യാപ്റ്റൻ രോഹിത് ശർമയുടെ സെഞ്ച്വറിക്കരുത്തിൽ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നാല് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എടുത്തു. രോഹിത് ശർമ 69 പന്തിൽ പുറത്താകാതെ 121 റൺസെടുത്തു. പുറത്താകാതെ 69 റൺസെടുത്ത റിങ്കു സിങ് ക്യാപ്റ്റന് മികച്ച പിന്തുണയേകി. എട്ട് സിക്സും 11 ഫോറുമാണ് രോഹിതിന്റെ ബാറ്റിൽനിന്ന് പിറന്നത്. ഇരുവരും ചേർന്ന് 190 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
ടോസ് നേടിയ രോഹിത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഫരീദ് അഹ്മദ് എറിഞ്ഞ മൂന്നാം ഓവറിൽ രണ്ട് വിക്കറ്റാണ് നഷ്ടമായത്. നാല് റൺസെടുത്ത ജെയ്സ്വാളും റണ്ണെന്നും എടുക്കാതെ വിരാട് കോഹ്‍ലിയും കൂടാരം കയറി. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ ശിവം ദുബെയും ഇന്ന് നിരാശപ്പെടുത്തി. അസ്മത്തുള്ളയുടെ പന്തിൽ ദുബെ പുറത്താകുമ്പോൾ ആറ് പന്തിൽനിന്ന് ഒരു റൺസ് മാത്രമായിരുന്നു സമ്പാദ്യം.
തുടർന്നെത്തിയ മലയാളി താരം സഞ്ജു സാംസണും നിരാശപ്പെടുത്തി. ഫരീദ് അഹ്മദിന്റെ നേരിട്ട ആദ്യ പന്തിൽ തന്നെ നബിക്ക് ക്യാച്ച് കൊടുത്ത് സഞ്ജു മടങ്ങി. അഞ്ച് ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് മാത്രമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. എന്നാൽ, കഴിഞ്ഞ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ രോഹിത് ശർമ ഇത്തവണ മുന്നിൽനിന്ന് നയിച്ചതോടെ മത്സരത്തിന്റെ ഗതിമാറി. ഒപ്പം റിങ്കു സിങ്ങും സ്കോറിങ്ങിന്റെ വേഗത കൂട്ടി. സിക്സും ഫോറുമെല്ലാം ഇടക്കിടക്ക് പിറന്നു.
അഫ്ഗാനെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് ഇറങ്ങാൻ സാധിച്ചിരുന്നില്ല. കിട്ടിയ അവസരം ഉപയോഗപ്പെടുത്താനാവാത്തതിൽ ആരാധകർ നിരാശയിലാണ്. ലോകകപ്പ് ടീമിലേക്കുള്ള സഞ്ജുവിന്റെ പ്രതീക്ഷയും ഇതോടെ മങ്ങി.