മധ്യനിര ബാറ്റിംഗ്: ഇന്ത്യയുടെ ഏഷ്യാകപ്പ് ടീമിലുള്ളവരേക്കാൾ ശരാശരി റിസർവിലുള്ള സഞ്ജുവിന്
|മികച്ച ശരാശരിയുള്ള സഞ്ജുവിനെ പുറത്തുനിർത്തുന്നത് എങ്ങനെ ന്യായികരിക്കാനാകുമെന്ന ചോദ്യവുമായി ഗുജറാത്ത് ടൈറ്റൻസ്
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസണെ റിസർവ് താരമായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മധ്യനിര ബാറ്റർമാരായി കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, പുതുമുഖ താരം തിലക് യാദവ് എന്നിവരെയാണ് ടീം മാനേജ്‌മെൻറ് കാണുന്നത്. കെ.എൽ രാഹുൽ പൂർണ ആരോഗ്യം വീണ്ടെടുക്കാത്തതിനാൽ മാത്രമാണ് സഞ്ജു റിസർവ് താരമായി ശ്രീലങ്കയിലേക്ക് പറക്കുന്നത്. എന്നാൽ മധ്യനിരയിലേക്ക് പരിഗണിക്കപ്പെടുന്ന നാലു താരങ്ങളേക്കാൾ ഏകദിനത്തിൽ ബാറ്റിംഗ് ശരാശരി സഞ്ജു സാംസണാണുള്ളത്. 55.71 ശരാശരിയാണ് തട്ടുതകർപ്പൻ ബാറ്ററായ സഞ്ജുവിന്റെ പേരിലുള്ളത്.
മികച്ച ശരാശരിയുള്ള സഞ്ജുവിനെ പുറത്തുനിർത്തുന്നത് എങ്ങനെ ന്യായികരിക്കാനാകുമെന്ന ചോദ്യവുമായി ഗുജറാത്ത് ടൈറ്റൻസ് രംഗത്ത് വന്നു. സഞ്ജു, സൂര്യകുമാർ, തിലക് എന്നിവരുടെ ശരാശരി താരതമ്യം ചെയ്തായിരുന്നു പോസ്റ്റ്.
നിലവിൽ ടീമിലുള്ളവരിൽ ശ്രേയസ് അയ്യർക്കാണ് കൂടുതൽ ശരാശരി. 46.60 ശതമാനമാണ് അയ്യരുടെ ശരാശരി. എന്നാൽ ഇത് സഞ്ജുവിന്റേതിനേക്കാൾ കുറവാണ്. മറ്റൊരു താരമായ കെ.എൽ രാഹുലിന് 45.13 ആണ് ശരാശരിയുള്ളത്. സൂര്യകുമാർ യാദവിനാകട്ടെ 24.33 മാത്രമേയുള്ളൂ ഏകദിന ശരാശരി. തിലക് യാദവ് ഇതുവരെ ഏകദിനത്തിൽ കളിച്ചിട്ടുമില്ല. ഇപ്പോൾ നടക്കുന്ന അയർലാൻഡിനെതിരെയുള്ള ടി 20 പരമ്പരയിൽ അവസാനം കളിച്ച രണ്ട് താരം മോശം ഫോമിലാണ്. ആദ്യ കളിയിൽ ഗോൾഡൻ ഡക്കായപ്പോൾ രണ്ടാം കളിയിൽ ഒരു റൺ നേടി. എന്നാൽ വിൻഡീസ് പരമ്പരയിൽ ഇതര ബാറ്റർമാർ മങ്ങിയപ്പോൾ അരങ്ങേറ്റത്തിന്റെ ഇടർച്ചയില്ലാതെ താരം പിടിച്ചുനിന്ന് കളിച്ചിരുന്നു. വെസ്റ്റിൻഡീസ് പര്യടനത്തിലൂടെയാണ് തിലക് വർമ ദേശീയകുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചത്.
ഏഷ്യാ കപ്പിന് 18 അംഗ സംഘം
18 അംഗ സംഘത്തെയാണ് ബി.സി.സി.ഐ സെലക്ഷൻ സമിതി തലവൻ അജിത് അഗർക്കർ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യരും കെ.എൽ രാഹുലും ഏറെനാളായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിഹാബ് ക്യാംപിലായിരുന്നു. ഇതിൽ അയ്യർ പൂർണ ഫിറ്റ്‌നെസ് തിരിച്ചെടുത്തിട്ടുണ്ടെന്ന് അഗർക്കർ അറിയിച്ചു.
ഏറെനാളായി ടീമിനു പുറത്തുള്ള മുഹമ്മദ് ഷമിയും തിരിച്ചെത്തിയിട്ടുണ്ട്. ഷർദുൽ താക്കൂർ ഓൾറൗണ്ടറായും ടീമിൽ ഇടംപിടിച്ചു. വിശ്രമം നൽകിയ മുഹമ്മദ് സിറാജും ടീമിലുണ്ട്. ആർ. അശ്വിനും യുസ്വേന്ദ്ര ചഹലും ടീമിൽനിന്നു പുറത്താണെന്നതാണ് ഏറെ ശ്രദ്ധേയം. കുൽദീപ് യാദവാണ് ടീമിലെ ഏക സ്‌പെഷലിസ്റ്റ് സ്പിന്നർ. രവീന്ദ്ര ജഡേജയും അക്‌സർ പട്ടേലും ഓൾറൗണ്ടിങ് സ്പിന്നർമാരായി ടീമിലുണ്ട്. ഏറെക്കുറെ ഇതേ ടീമിൽനിന്നു തന്നെയാകും ലോകകപ്പ് സംഘത്തെയും തിരഞ്ഞെടുക്കുകയെന്നും ചീഫ് സെലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഇഷൻ കിഷൻ(വിക്കറ്റ് കീപ്പർ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ(വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ഷർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ. റിസർവ്: സഞ്ജു സാംസൺ.
Sanju Samson has a higher batting average than Suryakumar, Shreyas Iyer, KL Rahul and Tilak Verma in India's Asia Cup team.