Cricket
Sanju holds the distinction of being the only Indian player in the top six in the list of players who have hit more than six sixes in an IPL innings.

സഞ്ജു സാംസൺ 

Cricket

ഐ.പി.എൽ സിക്‌സർ ആറാട്ട്: റെക്കോർഡ് പട്ടികയിലെ ആദ്യ ആറിലെ ഏക ഇന്ത്യൻ താരം സഞ്ജു സാംസൺ

Sports Desk
|
18 April 2023 9:29 AM GMT

വെടിക്കെട്ട് ബാറ്റിംഗിന്റെ ഇന്ത്യൻ പര്യായമായ എം.എസ് ധോണി പോലും ആദ്യ സ്ഥാനത്തില്ലാത്ത പട്ടികയിലാണ് മലയാളികളുടെ ഇഷ്ട താരം ഇടംഉറപ്പിച്ചിരിക്കുന്നത്

അഹമ്മദാബാദ്: കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ നായകനും മലയാളി താരവുമായ സഞ്ജു സാംസൺ റാഷിദ് ഖാന്റെ ഓവറിൽ തുടർച്ചയായ മൂന്നു സിക്‌സറുകൾ പറത്തിയത് ആരാധകരെ ഏറെ രസിപ്പിച്ച കാഴ്ചയാണ്. എന്നാൽ ഈ പ്രകടനത്തിലൂടെ മറ്റൊരു സിക്‌സർ റെക്കോർഡും താരം നേടിയിരിക്കുകയാണ്. ഒരു ഐ.പി.എൽ ഇന്നിംഗ്‌സിൽ ആറിലേറെ സിക്‌സറുകൾ നേടുന്ന താരങ്ങളുടെ പട്ടികയിലെ ആദ്യ ആറിലെ ഏക ഇന്ത്യൻ താരമെന്ന നേട്ടമാണ് സഞ്ജു നേടിയത്. വെടിക്കെട്ട് ബാറ്റിംഗിന്റെ ഇന്ത്യൻ പര്യായമായ എം.എസ് ധോണി പോലും ആദ്യ സ്ഥാനത്തില്ലാത്ത പട്ടികയിലാണ് മലയാളികളുടെ ഇഷ്ട താരം ഇടംഉറപ്പിച്ചിരിക്കുന്നത്. ആറ് ഇന്നിംഗ്‌സുകളിലാണ് സഞ്ജു ആറിലേറെ സിക്‌സറുകളുടെ ആറാട്ട് നടത്തിയിരിക്കുന്നത്. രാജസ്ഥാൻ റോയൽസിന്റെ ഓപ്പണറും ബാറ്റിംഗ് തുറുപ്പുചീട്ടുമായ ജോസ് ബട്‌ലറും ഈ നേട്ടത്തിൽ സഞ്ജുവിന് ഒപ്പമുണ്ട്. ഇംഗ്ലീഷ് താരവും ആറ് ഇന്നിംഗ്‌സുകളിൽ ആറിലേറെ സിക്‌സറുകൾ അടിച്ചിട്ടുണ്ട്.

ആറിലേറെ സിക്‌സ് അടിച്ച മത്സരങ്ങളുടെ എണ്ണത്തിൽ ഒന്നാമൻ യൂണിവേഴ്‌സൽ ബോസാണ്. വിൻഡീസിന്റെ ബാറ്റിംഗ് സെൻസേഷൻ ക്രിസ് ഗെയിൽ. 22 മത്സരങ്ങളിലാണ് ആറിലേറെ സിക്‌സറുകൾ ഗെയിൽ നേടിയത്. വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് പരാതി ഉയർത്തിയ താരം ഇക്കുറിയും ഐ.പി.എല്ലിൽ കളിക്കുന്നില്ല. 11 കളികളിൽ സിക്‌സറുകളുടെ ആറാട്ട് നടത്തിയ എ.ബി.ഡിവില്ലേഴ്‌സാണ് പട്ടികയിൽ രണ്ടാമത്. താരവും ഇക്കുറി ഐ.പി.എല്ലിനില്ല. ഒമ്പത് മത്സരങ്ങളിലെ സിക്‌സർ വിരുന്നുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്ന ആൻഡ്രേ റസ്സലാണ് മൂന്നാമത്. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽ കോച്ചായി പ്രവർത്തിക്കുന്ന ഷെയിൻ വാട്‌സണാണ് പട്ടികയിലെ അടുത്ത താരം. ഏഴ് മത്സരങ്ങളിലെ സിക്‌സർ പോരാട്ടമാണ് താരത്തിനുള്ളത്. ഇവർക്ക് ശേഷമാണ് ബട്‌ലറും സഞ്ജുവുമുള്ളത്. എന്നാൽ ഈ പട്ടികയിലെ റസ്സൽ മാത്രമാണ് ഇരുവർക്കും പുറമേ കളിക്കാനുള്ളത്.

യൂസുഫ് പത്താനാണ് സഞ്ജുവിന് പിറകിൽ പട്ടികയിലുള്ള ഇന്ത്യൻ താരം. അഞ്ച് മത്സരങ്ങളിലാണ് പത്താൻ ആറിലേറെ സിക്‌സടിച്ചത്. നാലു മത്സരങ്ങളുമായി റിഷബ് പന്ത്, കെ.എൽ രാഹുൽ, സുരേഷ് റെയ്‌ന, അമ്പാട്ടി റായ്ഡു എന്നിവര തൊട്ടടുത്ത സ്ഥാനത്തുണ്ട്. എം.എസ്. ധോണി, വിരാട് കോഹ്‌ലി, നിതീഷ് റാണ, വീരേന്ദർ സെവാഗ്, റോബിൻ ഉത്തപ്പ, മുരളി വിജയ്, യുവ്‌രാജ് സിംഗ് എന്നിവർ മൂന്നു മത്സരങ്ങളിലാണ് സിക്‌സർ ആറാട്ട് നടത്തിയത്. അതേസമയം, ഐ.പി.എല്ലിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ രാജസ്ഥാൻ റോയൽസ് താരമെറ്റ റെക്കോർഡും സഞ്ജുവിന്റെ പേരിലാണ്.

കൈവിട്ടുപോകുമെന്ന് തോന്നിയ കളി തകർപ്പനടിയിലൂടെ തിരിച്ചുപിടിച്ച് സഞ്ജുവും സംഘവും

ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇറങ്ങിയപ്പോൾ കൈവിട്ടുപോകുമെന്ന് തോന്നിയ കളി തകർപ്പനടിയിലൂടെ രാജസ്ഥാന് അനുകൂലമാക്കുകയായിരന്നു സഞ്ജു സാംസണും ഹെറ്റ്മെയറും. ഇരുവരുടെയും അർധശതകത്തിന്റെ പിൻബലത്തിൽ ഗുജറാത്ത് ഉയർത്തിയ 177 റൺസ് മൂന്ന് വിക്കറ്റും നാല് ബോളും ബാക്കിവെച്ച് രാജസ്ഥാൻ മറികടന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ പിഴച്ചിരുന്നു. ഏഴ് ബോൾ നേരിട്ട ഓപ്പണർ ജെയ്‌സ്വാൾ ഒരു റൺസിനാണ് കൂടാരം കയറിയത്. ജോസ് ബട്ലറിനെ ഷമി പൂജ്യത്തിൽ പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലും സഞ്ജുവും ചേർന്ന് ടീമിനെ പതുക്കെ കരകയറ്റാൻ ശ്രമം ആരംഭിച്ചു. എന്നാൽ ടീം 47 ൽ നിൽക്കെ പടിക്കൽ കളി മതിയാക്കി. അഞ്ച് റൺസെടുത്ത് പരാഗും കൂടാരം കയറി. പക്ഷേ നായകൻ സഞ്ജു ടീമിന് ആത്മവിശ്വാസം നൽകി ഗുജറാത്ത് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. 32 പന്തിൽ മൂന്ന് ഫോറും ആറ് സിക്സറുകളും അടിച്ച് 60 റൺസിൽ നിൽക്കെ നൂർ അഹമദിന്റെ ബോളിൽ സഞ്ജു വീണതോടെ രാജസ്ഥാൻ തോൽവി മണത്തു.

എന്നാൽ അവിടെ രക്ഷകനായി അവിടെ ഹെറ്റ്മെയർ അവതരിച്ചു. അയാൾ ടീമിനെ വിജയത്തിലെത്തിക്കുമെന്ന് ഉറപ്പിച്ചു തന്നെ ബാറ്റ് വീശി. ഇതിനെടെ ധ്രുവ് ജുറേലും അശ്വിനും വന്നുപോയെങ്കിലും ഹെറ്റ്മെയർ രാജസ്ഥാന് മറ്റൊരു ജയം സമ്മാനിച്ചു. 26 പന്തിൽ രണ്ട് ഫോറിന്റെയും അഞ്ച് സിക്സറിന്റെയും അകമ്പടിയോടെ 56 റൺസാണ് ഹെറ്റ്മെയർ അടിച്ചുകൂട്ടിയത്. ഗുജറാത്തിനായി ഷമി മൂന്ന് വിക്കറ്റും റാഷിദ് ഖാൻ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഹർദിക് പാണ്ഡ്യ നൂർ അഹമദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് നേടിയത്.ആക്രമിച്ചുതുടങ്ങിയ ഗുജറാത്തിന് ആദ്യ ഓവറിൽ തന്നെ വൃദ്ധിമാൻ സാഹയെ നഷ്ടമായി. ബോൾട്ടാണ് സാഹയെ കൂടാരം കയറ്റിയത്. എന്നാൽ ഗിൽ മുൻ മത്സരങ്ങിലെന്ന പോലെ തകർത്തടിച്ചു. സായി സുദർശനും കൂടെ ചേർന്നതോടെ റണ്ണിന്റെ ഒഴുക്കിന് വേഗം കൂടി. എന്നാൽ ടീം 32 ൽ നിൽക്കെ സായി സുദർശൻ റണ്ണൗട്ടിൽ പുറത്ത്. 19 പന്തിൽ 20 റൺസ് എന്ന നിലയിലായിരുന്നു സുദർശൻ. തുടർന്ന് ക്രീസിലെത്തിയ ഹർദികും ഗില്ലും ചേർന്ന് സ്‌കോർ ഉയർത്തി. എന്നാൽ ടീം 91ൽ നിൽക്കെ ചഹൽ ഹർദിക്കിനെ വീഴ്ത്തി. 19 പന്തിൽ 28 റൺസാണ് ഗുജറാത്ത് ക്യാപ്റ്റന്റെ സംഭാവന. രാജസ്ഥാൻ ബൗളർമാരെ പ്രഹരിച്ച് ക്രീസിലുണ്ടായിരുന്ന ഗില്ലിന് പിഴച്ചു സന്ദീപ് ശർമയുടെ ബോളിൽ ഉയർത്തി അടിച്ചത് ബട്‌ലറുടെ കയ്യിൽ അവസാനിച്ചു.പിന്നെ കണ്ടത് മില്ലറിന്റെയും അഭിനവ് മനോഹറിന്റെയും തകർപ്പനടികളായിരുന്നു. എന്നാൽ അഭിനവിന്റെ ആക്രമണം സാംപ അവസാനിപ്പിച്ചു. 13 ബോളിൽ 27 റൺസിൽ നിൽക്കവെയായിരുന്നു അഭിനവിനെ സാംപ കൂടാരം കയറ്റിയത്. പ്രതീക്ഷ നൽകിയ മില്ലറെ സന്ദീപ് ശർമയും പുറത്താക്കിയതോടെ ഗുജറാത്തിന്റെ റണ്ണൊഴുക്ക് കുറഞ്ഞു. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസിന് ഗുജറാത്ത് ബാറ്റിങ് അവസാനിപ്പിച്ചു. രാജസ്ഥാന് വേണ്ടി സന്ദീപ് ശർമ രണ്ട് വിക്കറ്റും ട്രെൻഡ് ബോൾട്ട് യുസ്‌വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.




Sanju holds the distinction of being the only Indian player in the top six in the list of players who have hit more than six sixes in an IPL innings.

Similar Posts