'സഞ്ജു കൊള്ളാം, കഴിവുള്ളവൻ': വാനോളം പുകഴ്ത്തി ജോ റൂട്ട്
|കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും സഞ്ജു വളരുകയാണെന്ന് ജോ റൂട്ട് പറഞ്ഞു
ജയ്പൂര്‍: രാജസ്ഥാൻ റോയൽസ് നായകന് സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും സഞ്ജു വളരുകയാണെന്ന് ജോ റൂട്ട് പറഞ്ഞു. ജോ റൂട്ടിന്റെ ആദ്യ ഐ.പി.എല്ലാണിത്. ഏപ്രിൽ 2 ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന് റോയല്‍സിന്റെ ആദ്യ മത്സരം.
'സഞ്ജുവിന്റെ ബാറ്റിങ് എല്ലാസമയത്തും വളരെയധികം ആസ്വദിച്ചിരുന്നു. രാജസ്ഥാന് റോയല്‍സിന്റെ അവസാന സീസണ് വളരെ മനോഹരമായിരുന്നു പ്രതിഭയുടെ വലിയ ഉറവിടമാണ് സഞ്ജു. അതുകൊണ്ടാണ് ഓരോ വര്‍ഷവും താരമെന്ന നിലയിലും നായകനെന്ന നിലയിലും സഞ്ജു അസാധ്യ വളര്‍ച്ച കൈവരിക്കുന്നത്'- ജോ റൂട്ട് പറഞ്ഞു. രാജസ്ഥാനിലെ സാഹചര്യം കുടുംബം പോലെയാണ്. എല്ലാവരും ഈ അന്തരീക്ഷമാണ് ആഗ്രഹിക്കുന്നതും. വലിയ സ്വീകരണമാണ് എനിക്ക് ലഭിച്ചത്. ലേലത്തില്‍ എന്നെ സ്വന്തമാക്കാനായത് ടീമിന്റെ വലിയ നേട്ടമായി കാണുന്നുവെന്നാണ് അവര്‍ പറഞ്ഞത്- റൂട്ട് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇംഗ്ലണ്ട് ഏകദിന, ടി20 ടീമുകളില്‍ നിന്ന് പുറത്തായ റൂട്ട് ഇപ്പോള്‍ ടെസ്റ്റില്‍ മാത്രമാണ് കളിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ അടിച്ചു തകര്‍ത്ത് കളിക്കുന്ന ഇംഗ്ലണ്ടിന്റെ ശൈലിക്കൊപ്പം റൂട്ടും ചേരുന്നുണ്ടെങ്കിലും നിലവില്‍ ഹാരി ബ്രൂക്കിനെപ്പോലുള്ള യുവതാരങ്ങളുടെ ആക്രമണശൈലിക്കൊപ്പമെത്താന് പാടുപെടുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്. രാജസ്ഥാന് ടീമില്‍ ഇംഗ്ലണ്ട് ഏകദിന, ടി20 ടീം നായകനായ ജോസ് ബട്ലറും റൂട്ടിനൊപ്പമുണ്ട്. ബട്ലര്ക്കും റൂട്ടിനും ഒരേസമയം ബാറ്റിങ് നിരയില്‍ അവസരം ലഭിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്.
അതേസമയം പഴയ രൂപത്തിലേക്ക് ഐ.പി.എൽ എത്തുന്നു എന്നതാണ് പതിനാറാം സീസണെ വേറിട്ട് നിർത്തുന്നത്. ഹോം, എവെ മത്സരങ്ങളൊക്കെ ഇക്കുറി ഐ.പിഎല്ലിന്റെ ഭാഗമാകും.