മൂന്നാം ജയത്തിന് സഞ്ജുവും രാജസ്ഥാനും ഇറങ്ങുന്നു: എതിരാളി ബാംഗ്ലൂർ
|രാത്രി ഏഴരയ്ക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. തുടർച്ചയായ മൂന്നാം ജയം മുന്നിൽ കണ്ടാണ് സഞ്ജുവും കൂട്ടരും വാങ്കഡെയിൽ ഇറങ്ങുന്നത്.
മുംബൈ: ഐ.പി.എല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് റോയൽചലഞ്ചേഴ്സ് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. തുടർച്ചയായ മൂന്നാം ജയം മുന്നിൽ കണ്ടാണ് സഞ്ജുവും കൂട്ടരും വാങ്കഡെയിൽ ഇറങ്ങുന്നത്. സീസണിലെ തന്നെ മികച്ച നിരയും തകർപ്പൻ തുടക്കവും കിട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ.
സഞ്ജുവും ബട്‍ലറും ഹെറ്റ്മയറുമൊക്കെ മിന്നും ഫോമിലാണ്.. ദേവ്ദത്ത് പടിക്കലും യശ്വസി ജെയ്സ്‍വാളും കൂടി ഫോമിലേക്കെത്തിയാൽ രാജസ്ഥാൻ ബാറ്റിങ് നിര ഏത് ബൗളിങ് നിരയ്ക്കും വെല്ലുവിളിയാകും. അശ്വിനും യുസ്‍വേന്ദ്രചാഹലും ചേരുന്ന ഇന്ത്യൻ സ്പിൻ ദ്വയം വിക്കറ്റുകൾ വീഴ്ത്തുന്നുണ്ട്. മൂന്ന് വിദേശതാരങ്ങളുമായി കളിക്കുന്ന രാജസ്ഥാൻ നിരയിലേക്ക് നവ്ദീപ് സൈനിക്ക് പകരം ജിമ്മി നീഷാം എത്തിയേക്കും.
മറുവശത്തുള്ള റോയൽചലഞ്ചേഴ്സ് ബാംഗ്ലൂരിന്റ അക്കൗണ്ടിൽ ഒരു വിജയവും ഒരു പരാജയവുമാണുള്ളത്. ഗ്ലെൻ മാക്സ്‍വെല്ലും ജോഷ് ഹെയ്സിൽവുഡും ക്വാറന്റൈൻ പൂർത്തിയാക്കാത്തതിനാൽ ഇന്നും കളിച്ചേക്കില്ല. ഫിനിഷിങിലെ കാർത്തിക്കിന്റെ മികവ് ആർസിബിക്ക് മുതൽക്കൂട്ടാകും. അതേസമയം ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് ജയം. 12 റൺസിനാണ് ലക്നൗ ജയിച്ചത്. തുടർച്ചയായ രണ്ടാം ജയത്തോടെ ലക്നൗ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.