നെറ്റ്സിൽ ധോണിയ്ക്ക് സമാന്തരമായി ബാറ്റ് ചെയ്ത് സഞ്ജു സാംസൺ, വീഡിയോ വൈറൽ
|വിക്കറ്റ് കീപ്പറും നായകനുമായ സഞ്ജു സാംസൺ ധോണിയെ മാതൃകയായി കാണുന്നയാളാണ്
ഐ.പി.എല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടാനിരിക്കെ നായകൻ സഞ്ജു സാംസന്റെ പരിശീലന വീഡിയോ വൈറൽ. നെറ്റ്സിൽ ബാറ്റിംഗ് പരിശീലിക്കുന്ന സി.എസ്.കെ നായകൻ ധോണിയ്ക്ക് സമാന്തരമായി മലയാളി താരം ബാറ്റ് ചെയ്യുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ട്വിറ്ററിൽ രാജസ്ഥാൻ റോയൽസ് പോസ്റ്റ് ചെയ്ത വീഡിയോ ഏഴ് ലക്ഷത്തോളം പേരാണ് കണ്ടത്.
നേരത്തെ എം.എസ് ധോണിയ്ക്ക് ഒപ്പമുള്ള ചിത്രം സഞ്ജു സാംസൺ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. 'വാത്തി (അധ്യാപകൻ) ഇവിടെയുണ്ട്' എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.
വിക്കറ്റ് കീപ്പറും നായകനുമായ സഞ്ജു സാംസൺ മുൻ ഇന്ത്യൻ നായകനും സി.എസ്.കെയെ 199 ഐ.പി.എൽ മത്സരങ്ങളിൽ നയിച്ച താരവുമായ ധോണിയെ മാതൃകയായി കാണുന്നയാളാണ്. ക്രിക്കറ്റ് ലോകത്ത് ഏറെ ആരാധകരുള്ള താരങ്ങളുമാണ് ധോണിയും സഞ്ജുവും. സിക്‌സറുകളടക്കം വമ്പൻ വെടിക്കെട്ട് നടത്തുന്നവരാണ് ഇരുവരും. എന്നാൽ ഐ.പി.എൽ വർഷങ്ങളായി മികവ് പ്രകടിപ്പിച്ചിട്ടും ഇന്ത്യൻ ദേശീയ ടീമിൽ സ്ഥിരം സാന്നിധ്യമാകാൻ മലയാളി താരത്തിന് കഴിഞ്ഞിട്ടില്ല.
നാലുവട്ടം ഐ.പി.എൽ ചാമ്പ്യന്മാരായ സി.എസ്.കെയും ഉദ്ഘാടന എഡിഷൻ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസും ഇന്ന് ഏറ്റുമുട്ടുമ്പോൾ ഇരുടീമുകളുടെയും ആരാധകരുടെ കണ്ണുകൾ നായകരെ തേടിയെത്തുമെന്നത് തീർച്ചയാണ്.
ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ ചിദംബരം സ്‌റ്റേഡിയത്തിൽ (ചെപ്പോക്ക്) വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. ഇവിടെ അവസാനം നടന്ന 22 ഐ.പി.എൽ മത്സരങ്ങളിൽ സി.എസ്.കെ മൂന്നു തവണ മാത്രമാണ് പരാജയപ്പെട്ടത്. ഈ മൂന്നു തവണയും മുംബൈ ഇന്ത്യൻസാണ് ധോണിപ്പടയെ വീഴ്ത്തിയത്. ആകെ നടന്ന 57 ഐ.പി.എൽ മത്സരങ്ങളിൽ 41ലും സി.എസ്.കെയാണ് വിജയിച്ചത്. ഏകദേശം 72 ശതമാനമാണിത്. ഈ റെക്കോർഡ് മറികടക്കാൻ സഞ്ജുവിനും സംഘത്തിനും സാധിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അവസാനം നടന്ന മത്സരങ്ങളിൽ വിജയിച്ച ടീമുകൾ വിജയത്തുടർച്ച നേടാനാണ് ശ്രമിക്കുന്നത്. ഐ.പി.എല്ലിലെ തന്നെ ആദ്യ മത്സരത്തിൽ ചെന്നൈ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റിരുന്നു. എന്നാൽ പിന്നീട് ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനോടും പിന്നീട് മുംബൈ ഇന്ത്യൻസിനോടും മഞ്ഞപ്പട ജയിച്ചുകയറി. ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് വിജയിച്ച രാജസ്ഥാൻ രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനോട് അഞ്ച് റൺസിന് തോറ്റു. എന്നാൽ ശേഷം നടന്ന ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ 57 റൺസിന്റെ കൂറ്റൻ വിജയം നേടി തിരിച്ചുവന്നു. തന്റെ 200 മത്സരവും വിജയച്ചിരിയോടെ പൂർത്തിയാക്കാനാകും എം.എസ്. ധോണിയുടെ ആഗ്രഹം. എന്നാൽ ബട്‌ലറടക്കമുള്ള മികച്ച താരങ്ങളുള്ള രാജസ്ഥാനെ അത്രയെളുപ്പം കീഴടക്കാനാകില്ല.
ചെന്നൈ നിരയിലെ ഓൾറൗണ്ടർമാരായ ബെൻ സ്‌റ്റോക്‌സ്, മുഈൻ അലി എന്നിവർക്ക് പരിക്കേറ്റിരുന്നു. മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിൽ ദീപക് ചാഹറിനും പരിക്കേറ്റിരുന്നു. താരത്തിന് ദീർഘ കാലത്തെ ഇടവേള ആവശ്യമാകുമെന്നാണ് വിവരം. എന്നാൽ സ്‌റ്റോക്‌സ് നാലഞ്ച് ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്നാണ് ചൊവ്വാഴ്ച ജഡേജ സ്ഥിരീകരിച്ചത്. മുഈൻ അലിയും കളിക്കുമെന്നാണ് വിവരം. ചാഹറിന് പകരം ശ്രീലങ്കൻ ഓഫ് സ്പിന്നർ മഹേഷ് തീക്ഷണയെത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്. 2021 മുതൽ പവർപ്ലേകളിൽ 36 വിക്കറ്റ് നേടിയ മികച്ച ടി20 താരമാണ് തീക്ഷണ. അതേസമയം, സി.എസ്.കെക്കായുള്ള ആദ്യ മത്സരത്തിൽ അജിങ്ക്യ രഹാനെ 27 പന്തിൽ 61 റൺസുമായി വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു.
സി.എസ്.കെ ആദ്യം ബാറ്റ് ചെയ്താലുള്ള സാധ്യത ഇലവൻ: ഡിവോൺ കോൺവേ, റുതുരാജ് ഗെയ്ക്ക്‌വാദ്, അജിങ്ക്യ രഹാനെ/മുഈൻ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, ഡ്വയ്ൻ പ്രിറ്റോറിയസ്, എം.എസ് ധോണി (വിക്കറ്റ് കീപ്പർക്യാപ്റ്റൻ), മിച്ചൽ സാൻറനർ, മഹേഷ് തീക്ഷണ/ സിമാർജീത് സിംഗ്, തുഷാർ ദേശ്പാണ്ഡ്യ.
സി.എസ്.കെ ആദ്യം ബോൾ ചെയ്താലുള്ള സാധ്യത ഇലവൻ: ഡിവോൺ കോൺവേ, റുതുരാജ് ഗെയ്ക്ക്‌വാദ്, അജിങ്ക്യ രഹാനെ/മുഈൻ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, ഡ്വയ്ൻ പ്രിറ്റോറിയസ്, എം.എസ് ധോണി (വിക്കറ്റ് കീപ്പർക്യാപ്റ്റൻ), മിച്ചൽ സാൻറനർ, മഹേഷ് തീക്ഷണ/ സിസിന്ദ മഗാല, സിമാർജീത് സിംഗ്, തുഷാർ ദേശ്പാണ്ഡ്യ.
രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്താലുള്ള സാധ്യത ഇലവൻ: യശ്വസി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ(ക്യാപ്റ്റൻ വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, ഷിമോൺ ഹിറ്റ്‌മെയർ, ധ്രുവ് ജുറേൽ, ജാസൺ ഹോൾഡർ, ആർ. അശ്വിൻ, എം. അശ്വിൻ, ട്രെൻറ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ.
രാജസ്ഥാൻ റോയൽസ് ആദ്യം ബോൾ ചെയ്താലുള്ള സാധ്യത ഇലവൻ: യശ്വസി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ(ക്യാപ്റ്റൻ വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, ഷിമോൺ ഹിറ്റ്‌മെയർ, ജാസൺ ഹോൾഡർ, ആർ. അശ്വിൻ, എം. അശ്വിൻ, ട്രെൻറ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ, സന്ദീപ് ശർമ/ കെ.എം. ആസിഫ്.
Sanju Samson bats parallel to Dhoni in nets, video goes viral