Cricket
സഞ്ജുവിനെ തഴഞ്ഞത് ഇഷാൻ കിഷനെ പ്രതിഷ്ഠിക്കാനോ; ആഭ്യന്തര ക്രിക്കറ്റിലും അവഗണന
Cricket

സഞ്ജുവിനെ തഴഞ്ഞത് ഇഷാൻ കിഷനെ പ്രതിഷ്ഠിക്കാനോ; ആഭ്യന്തര ക്രിക്കറ്റിലും അവഗണന

Sports Desk
|
16 Aug 2024 11:33 AM GMT

ടി20യിൽ മാത്രമായി മലയാളി താരത്തെ ഒതുക്കിനിർത്തുന്നതിന്റെ ഭാഗമായാണ് ഈ അവഗണനയെന്നാണ് ആരാധകർ പറയുന്നത്.

''വൈറ്റ് ബോൾ ക്രിക്കറ്റിൽ മാത്രമല്ല... ഇന്ത്യക്കായി റെഡ് ബോൾ ക്രിക്കറ്റിൽ കളിക്കാനും തയാറാണ്. അതിനായി കഠിനാദ്ധ്വാനം ചെയ്തുകൊണ്ടേയിരിക്കും'' കഴിഞ്ഞ ദിവസം കേരള ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിനിടെ മലയാളി താരം സഞ്ജു സാംസൺ നടത്തിയ പ്രതികരണമാണിത്. തൊട്ടുപിന്നാലെ ആഭ്യന്തര ക്രിക്കറ്റിൽ ടെസ്റ്റ് മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്ന ദുലീപ് ട്രോഫിയ്ക്കുള്ള ടീമുകളെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. പതിവ് പോലെ സഞ്ജുവിന് അവഗണന തന്നെ. നാല് ടീമുകളെ പ്രഖ്യാപിച്ചപ്പോൾ ഒന്നിൽ പോലും മലയാളി താരം ഇടംപിടിച്ചില്ല. കൃത്യമായി പറഞ്ഞാൽ രാജ്യത്തെ 60 ക്രിക്കറ്റർമാരെ തെരഞ്ഞെടുത്തതിലും മലയാളിതാരമില്ലെന്ന് അർത്ഥം. ഇന്ത്യൻ ജഴ്സിയിൽ ഒരു മാച്ച് പോലും കളിക്കാത്ത, ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചുമാത്രം പരിചയമുള്ള താരങ്ങൾക്ക് ചുവപ്പ് പരവതാനി വിരിക്കുമ്പോഴും സീനിയർ ടീമിൽ ഉൾപ്പെടെ കളിച്ച 29കാരൻ പുറത്തുതന്നെ.



'ഇതുവരെ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ സഞ്ജു ഇടംപിടിച്ചിട്ടില്ല'. ഇതാണ് മാറ്റിനിർത്തുന്നതിനുള്ള മാനദണ്ഡമെങ്കിൽ മറ്റുകളിക്കാർക്കും ഇത് ബാധകമല്ലേയെന്നാണ് ആരാധകരുടെ മറുചോദ്യം. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനൊപ്പം ഇഷാൻ കിഷനെ ടീമിലേക്ക് കൊണ്ടുവന്നത് സർപ്രൈസ് നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ വിമുഖത കാണിച്ചതിന് ബി.സി.സി.ഐ കരാർ നഷ്ടമായ താരമാണ് കിഷൻ. പന്തിന് പിന്നിൽ റെഡ്ബോൾ ക്രിക്കറ്റിലേക്ക് ഈ ജാർഖണ്ഡുകാരനെ പ്രതിഷ്ഠിക്കാനാണോ ക്രിക്കറ്റ് ബോർഡ് ശ്രമമെന്ന സംശയവും പലരും ഉന്നയിക്കുന്നു. സഞ്ജുവിന് പുറമെ റിങ്കു സിംഗ്, വെങ്കടേഷ് അയ്യർ, അഭിഷേക് ശർമ, യൂസ്വേന്ദ്ര ചഹൽ എന്നിവരാണ് തഴയപ്പെട്ട മറ്റു പ്രധാന താരങ്ങൾ.

ടി20 ക്രിക്കറ്റിൽ മാത്രമായി സഞ്ജുവിനെ പരിമിതപ്പെടുത്തുന്നതിന്റെ ആദ്യ പടിയായായി ഈയൊരു നീക്കമെന്ന് കരുതുന്നവരുമുണ്ട്. ശ്രീലങ്കക്കെതിരായ കഴിഞ്ഞ ഏകദിന ടീമിൽ സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. 50 ഓവർ ക്രിക്കറ്റിൽ സമീപകാലത്ത് മികച്ച ട്രാക്ക് റെക്കോർഡുണ്ടായിട്ടും താരത്തെ മാറ്റിനിർത്തി. ഈ വർഷം ഇനി ഇന്ത്യയുടെ പ്രധാന പരമ്പരകളെല്ലാം ടെസ്റ്റ് മത്സരങ്ങളാണ്. നാല് മാസത്തിനുള്ളിൽ 10 ടെസ്റ്റ് മാച്ചുകൾ.


അതിലേക്കുള്ള സെലക്ഷൻ പ്രോസസ് കൂടിയാണ് ദുലീപ് ട്രോഫി. പന്തിനും കിഷനും പുറമെ വിക്കറ്റ് കീപ്പർ ബാറ്റർമാരായ കെ.എസ് ഭരതും ധ്രുവ് ജുറേലും ടീമിൽ ഇടം നേടിയെങ്കിലും ഇരുവരും സെലക്ഷൻ കമ്മിറ്റിയുടെ പ്രഥമപരിഗണനയിലുള്ളവരല്ല. ഇതിനാൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയാൽ സഞ്ജുവിന് ടെസ്റ്റ് ടീമിലേക്കുള്ള അവസരമുണ്ടായിരുന്നു. എന്നാൽ മൂന്ന് ഫോർമാറ്റിലും കളിക്കണമെന്ന സഞ്ജുവിന്റെ പ്രതീക്ഷയാണ് ദുലീപ് ട്രോഫി ടീം പ്രഖ്യാപനത്തിലൂടെ ഇല്ലാതായത്.

ഡൊമസ്റ്റിക് ക്രിക്കറ്റാണ് റെഡ് ബോൾ ക്രിക്കറ്റിലെ മാനദണ്ഡമെന്ന് ബോർഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് മാത്രമാണ് ടൂർണമെന്റിൽ നിന്ന് ഇളവ് നൽകിയിരുന്നത്. മറ്റു സീനിയർ താരങ്ങളെല്ലാം വിവിധ ടീമുകളിലായി ഇടംപിടിച്ചിട്ടുണ്ട്. അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ ദുലീപ് ട്രോഫി ടീമുകളിൽ നിന്നാവും തെരഞ്ഞെടുക്കുകയെന്നത് ഇതിനകം സെലക്ഷൻ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.



കരിയറിലെ തുടക്കം മുതൽ ഇതുവരെയായി കേരളത്തിനായി കഴിയുന്നത്ര രഞ്ജി മത്സരങ്ങളിൽ സഞ്ജു പാഡണിഞ്ഞിട്ടുണ്ട്. മൂന്ന് ഫോർമാറ്റിലും ഇന്ത്യക്കായി കളിക്കണമെന്ന ആഗ്രഹം നിരവധി തവണ താരം പങ്കുവെക്കുകയും ചെയ്തിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും മികച്ച റെക്കോർഡാണ് സഞ്ജുവിനുള്ളത്. 2008-09 സീസണിലെ വിജയ് മർച്ചന്റ് ട്രോഫിയിൽ ഡബിൾ സെഞ്ച്വറിയുമായാണ് താരം വരവറിയിച്ചത്. 14ാം വയസിൽ രഞ്ജിയിൽ കേരളത്തിനായി അരങ്ങേറ്റം. 2012-13 സീസണിൽ ഹിമാചൽ പ്രദേശിനെതിരെ ആദ്യ ഫസ്റ്റ്ക്ലാസ് സെഞ്ച്വറിയും സ്വന്തമാക്കി. തൊട്ടടുത്ത സീസണിൽ രഞ്ജിയിൽ തകർപ്പൻ പ്രകടം നടത്തിയ സഞ്ജു കേരളത്തിന്റെ ടോപ്സ്‌കോററായി.


20ാം വയസിൽ കേരള ടീം നായകനുമായി. പിന്നീടങ്ങോട്ട് ആഭ്യന്തര ക്രിക്കറ്റിൽ തന്റെ പേരെഴുതി ചേർത്ത സഞ്ജു പിൽകാലത്ത് ദേശീയ ടീമിലേക്കുമെത്തി.കഴിഞ്ഞ രഞ്ജി സീസണിലും ഏതാനും മത്സരങ്ങളിൽ സഞ്ജു കളത്തിലിറങ്ങി. എന്നാൽ പഴയഫോമിൽ ബാറ്റുവീശാനായില്ല. സെപ്തംബർ അഞ്ച് മുതൽ ആന്ധ്രയിലെ അനന്തപുരിലും ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുമായാണ് ദുലീപ് ട്രോഫി നടക്കുക. ശുഭ്മാൻ ഗിൽ ഇന്ത്യ എ ടീമിനെ നയിക്കുമ്പോൾ ബി ടീം ക്യാപ്റ്റൻ അഭിമന്യു ഈശ്വരനാണ്. സി ടീമിനെ ഋതുരാജ് ഗെയ്ക്വാദും ഡി ടീമിനെ ശ്രേയസ് അയ്യരുമാണ് നയിക്കുന്നത്.

Similar Posts