Cricket
എന്നെ ഇങ്ങനെ പൊക്കിപ്പറഞ്ഞപ്പോൾ കരയാൻ തോന്നിപ്പോയി; പലതും ആരാധകർ അറിയുന്നില്ല-സഞ്ജു സാംസൺ
Cricket

എന്നെ ഇങ്ങനെ പൊക്കിപ്പറഞ്ഞപ്പോൾ കരയാൻ തോന്നിപ്പോയി; പലതും ആരാധകർ അറിയുന്നില്ല-സഞ്ജു സാംസൺ

Web Desk
|
19 Sep 2022 4:34 PM GMT

''കേരളത്തിനു വേണ്ടി കളിച്ചതുകൊണ്ടുമാത്രമാണ് ഞാൻ ഇപ്പോൾ ഇന്ത്യ 'എ'യുടെയും രാജസ്ഥാന്‍റെയും നായകനായതും നാട്ടുകാർ അറിയുന്നതുമെല്ലാം. ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടുമ്പോഴും കിട്ടാതിരിക്കുമ്പോഴുമെല്ലാം അവർ എനിക്ക് വിശദീകരണം തരാറുണ്ട്.''

തിരുവനന്തപുരം: തന്നെ നാട്ടുകാർ അറിയുന്നത് സ്വന്തം അധ്വാനം കൊണ്ടു മാത്രമല്ലെന്നും ഒരുപാട് പേരുടെ പിന്തുണ അതിനു പിന്നിലുണ്ടെന്നും ഇന്ത്യൻ താരം സഞ്ജു സാംസൺ. കേരള ക്രിക്കറ്റ് അസോസിയേഷനു വേണ്ടി കളിച്ചതുകൊണ്ടുമാത്രമാണ് താനിപ്പോൾ ഇന്ത്യ 'എ'യുടെയും രാജസ്ഥാൻ റോയൽസിന്റെയും നായകനായതും നാട്ടുകാർ അറിയുന്നതും. ടീമിൽ സെലക്ഷൻ ലഭിക്കുമ്പോഴും അല്ലാത്തപ്പോഴും കെ.സി.എയുടെ വലിയ പിന്തുണ തനിക്കു ലഭിക്കുന്നുണ്ടെന്നും സഞ്ജു വെളിപ്പെടുത്തി.

കെ.സി.എ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം. ''ഐ.പി.എൽ ഫൈനലിൽ കളി കാണാൻ ഒന്നര ലക്ഷത്തോളം പേരുണ്ടായിരുന്നു. അപ്പോൾ ഇത്രയും നെഞ്ചിടിച്ചിട്ടില്ല. സംസാരിക്കാൻ നിന്നാൽ ചിലപ്പോൾ കുഴഞ്ഞുപോകും. ഇമോഷണലായിപ്പോകും. ഏറ്റവും ഇഷ്ടമുള്ള ആളുകൾ എന്നെക്കുറിച്ച് ഇത്രയും പൊക്കിപ്പൊക്കി സംസാരിച്ചപ്പോൾ കരയാനൊക്കെ തോന്നിപ്പോയി.''-സഞ്ജു പറഞ്ഞു.

''ക്രിക്കറ്റ് താരങ്ങളടക്കം കായികരംഗത്തുള്ളവർ കുറെ അധ്വാനങ്ങൾ ചെയ്യുന്നുണ്ട്. അത്തരം അധ്വാനങ്ങൾക്ക് സ്വന്തം നാട്ടിൽ ഇത്രയും വലിയ ആളുകൾ അഭിനന്ദിക്കുമ്പോൾ കൂടുതൽ എഫർട്ട് എടുക്കാൻ തോന്നും. ഇപ്പോൾ അധികം സംസാരിക്കാൻ പറ്റില്ല. സംസാരിച്ചാൽ യൂട്യൂബിലോ ഫേസ്ബുക്കിലോ ഒക്കെ വന്നെന്നു പറഞ്ഞ് ഉടൻ മൊബൈലിൽ ആ വിഡിയോ വന്നുകിടക്കും.''

ക്രിക്കറ്ററാകുമ്പോൾ നമ്മൾ ചെയ്യുന്ന നല്ല കാര്യവും ചീത്ത കാര്യവും നാട്ടുകാർ അറിയും. വലിയ പ്രശസ്തിയുള്ള കാര്യമാണ്. ക്രിക്കറ്റ് ഇന്ത്യയിൽ ഒരു മതം പോലെയാണ്. ക്രിക്കറ്റ് താരങ്ങളെ അത്രയും വലുതായാണ് സോഷ്യൽ മീഡിയ പ്രശംസിക്കുന്നത്. അതിന്റെ നെഗറ്റീവ് സൈഡും ഉണ്ടാകും. എന്നാൽ, അതിന്റെ പിന്നിലുള്ള കാര്യങ്ങൾ നാട്ടുകാർ അറിയാറില്ല. സഞ്ജു സാംസണിനെ നാട്ടുകാർ അറിയണമെങ്കിൽ അത് എന്റെ മാത്രം അധ്വാനമല്ല. അച്ഛൻ, അമ്മ, കൂട്ടുകാർ, കോച്ച്, കേരള ക്രിക്കറ്റ് അസോസിയേഷൻ എല്ലാവരുമുണ്ട് അതിനു പിന്നിൽ. 13-ാമത്തെ വയസിൽ കേരളത്തെ പ്രതിനിധീകരിക്കുമ്പോൾ ക്യാപ്റ്റനായാണ് കെ.സി.എ എന്നെ നിയോഗിച്ചത്-സഞ്ജു ചൂണ്ടിക്കാട്ടി.

പ്രതിഭയ്ക്ക് അംഗീകാരം നൽകുന്ന കുറേ ആളുകളെ ജനങ്ങൾ അറിയുന്നില്ല. കേരള ക്രിക്കറ്റ് അസോസിയേഷനു വേണ്ടി കളിച്ചതുകൊണ്ടുമാത്രമാണ് ഞാൻ ഇപ്പോൾ ഇന്ത്യ 'എ'യുടെയും രാജസ്ഥാൻ റോയൽസിന്റെയും നായകനായതും നാട്ടുകാർ അറിയുന്നതുമെല്ലാം. ക്രിക്കറ്റ് അസോസിയേഷന്റെ വലിയ പിന്തുണ അതിലുണ്ട്. നാട്ടുകാർ അറിയാതെ പോകുന്ന കാര്യമാണത്-താരം വെളിപ്പെടുത്തി.

''കരയാൻ തോന്നിപ്പോയി... പലതും ആരാധകർ അറിയുന്നില്ല...'' സഞ്ജു സാംസൺ പറയുന്നു

''എന്നെ ഇങ്ങനെ പൊക്കി പറഞ്ഞപ്പോൾ കരയാൻ തോന്നിപ്പോയി... പലതും ആരാധകർ അറിയുന്നില്ല...'' സഞ്ജു സാംസൺ പറയുന്നു

Posted by MediaoneTV on Monday, September 19, 2022

ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടുമ്പോഴും കിട്ടാതിരിക്കുമ്പോഴുമെല്ലാം അവർ എനിക്ക് വിശദീകരണം തരാറുണ്ട്. എന്താണ് കാര്യം, എന്തുകൊണ്ടാണ് പരിഗണിക്കാതിരുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ചോദിച്ചുപറയും. ആ ഒരു വ്യക്തതയും സപ്പോർട്ടും അവർ തരുന്നുണ്ട്. ഇപ്പോൾ നമ്മൾ കൂട്ടുകാരെപ്പോലെയാണ് വാട്‌സ്ആപ്പിൽ. സുരേഷ് സാറൊക്കെ വാട്‌സ്ആപ്പിൽ നല്ല ജിഫ് ഒക്കെ അയക്കും. എന്നെ ടീമിൽ കൊണ്ടുവരാനും സപ്പോർട്ട് ചെയ്യാനുമൊക്കെ കെ.സി.എ വളരെ അധ്വാനിക്കുന്നുണ്ട്. അത് നാട്ടുകാർ അറിയാതെ പോകുന്നതിൽ വിഷമമുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു.

ഈ മാസം 28നാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം നടക്കുന്നത്. നടൻ സുരേഷ് ഗോപിയാണ് ആദ്യ ടിക്കറ്റ് വിൽപന നിർവഹിച്ചത്. 1500, 2750, 6000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. www.Paytminsider.in വഴിയാണ് ടിക്കറ്റ് വിൽപന. അക്ഷയകേന്ദ്രങ്ങൾ വഴിയും ടിക്കറ്റ് ലഭ്യമാക്കും. ഒരാൾക്ക് മൂന്ന് ടിക്കറ്റ് വരെ ലഭിക്കും.

Summary: ''I felt like crying when I was praised like this; There are many things that fans don't know''; says Indian Cricketer Sanju Samson

Similar Posts