'എല്ലാം നല്ലതിന്, ഉടന്‍ കാണാം'; പരിക്കേറ്റ് പുറത്തായതിന് പിറകെ സഞ്ജുവിന്‍റെ പ്രതികരണം
|വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ടി20യിൽ ബൗണ്ടറി റോപ്പിന് സമീപം പന്ത് ഫീൽഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതു കാൽമുട്ടിന് പരിക്കേറ്റതാണ് സഞ്ജുവിന് തിരിച്ചടിയായത്
ശ്രീലങ്കക്കെതിരായ ഒന്നാ ടി20 മത്സരത്തിനിടെ പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായ മലയാളി താരം സഞ്ജു സാംസന്‍റെ ആദ്യ പ്രതികരണമെത്തി. എല്ലാം നല്ലതിനാണെന്നും ഉടന്‍ കാണാമെന്നും സഞ്ജു ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു. തന്‍റെ ചിത്രം പങ്കുവച്ചാണ് താരം ഇങ്ങനെ ക്യാപ്ഷന്‍ കുറിച്ചത്. ഇതിനോടകം നാല് ലക്ഷത്തിലധികം ആളുകളാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. പോസ്റ്റിന് താഴെ ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ലവ് ഇമോജിയിട്ടാണ് പ്രതികരിച്ചത്.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ടി20യിൽ ബൗണ്ടറി റോപ്പിന് സമീപം പന്ത് ഫീൽഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതു കാൽമുട്ടിന് പരിക്കേറ്റതാണ് സഞ്ജുവിന് തിരിച്ചടിയായത്. ബുധനാഴ്ച ഉച്ചയ്ക്ക് ബി.സി.സി.ഐ മെഡിക്കൽ ടീം സഞ്ജുവിനെ സ്‌കാനിങ്ങിന് വിധേയമാക്കിയിരുന്നു. സഞ്ജുവിന് വിശ്രമം നിർദേശിച്ചിരിക്കുകയാണ് മെഡിക്കൽ ടീം. ഇതോടെ ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് സഞ്ജു സാംസൺ പുറത്തായി.
സഞ്ജു സാംസണിന് പകരക്കാരനായി വിദർഭ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയെ ടീമിൽ ഉൾപ്പെടുത്തി. 2022ൽ പഞ്ചാബ് കിങ്‌സിനായി മികച്ച അരങ്ങേറ്റ ഐ.പി.എൽ സീസണിൽ കളിച്ച ജിതേഷ് ശർമ 163.64 സ്‌ട്രൈക്ക് റേറ്റിൽ 234 റൺസ് നേടിയിരുന്നു. ഹാർഡ്-ഹിറ്റിങ് ശൈലിക്ക് പേരുകേട്ട 29കാരനായ ജിതേഷ് ആകെ 76 ടി20കളിൽ കളിച്ചിട്ടുണ്ട്.
ആദ്യ മത്സരത്തിൽ നേടിയ രണ്ട് റൺസിന്റെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. രോഹിത് ശർമയുടെ അഭാവത്തിൽ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്നാണ് രണ്ടാം മത്സരം.