സഞ്ജു സാംസൺ പുറത്തേക്ക്? ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ടീം മാറും; സൂചനകൾ പുറത്ത്
|ഏഷ്യാകപ്പിൽ സ്ഥാനം ഇല്ലെങ്കിൽ പിന്നെ ഏകദിന ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പ്രതീക്ഷിക്കേണ്ട
മുംബൈ: വെസ്റ്റ്ഇൻഡീസിനെതിരായ ഏകദിന-ടി20 പരമ്പരയിൽ കാര്യമായ നേട്ടം ഉണ്ടാക്കാനാകാതെ പോയ മലയാളി താരം സഞ്ജു സാംസണ് ഏഷ്യാകപ്പിനുള്ള ടീമിൽ സ്ഥാനമുണ്ടാവില്ലെന്ന് റിപ്പോർട്ട്. ഏഷ്യാകപ്പിൽ സ്ഥാനം ഇല്ലെങ്കിൽ പിന്നെ ഏകദിന ലോകകപ്പ് ടീമിലേക്ക് പ്രതീക്ഷിക്കേണ്ട. ഈ മാസം 30നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. സഞ്ജുവിനെ ഒഴിവാക്കിയുള്ള പദ്ധതികളാണ് ഇപ്പോൾ സെലക്ടർമാരുടെ മുന്നിലുള്ളതെന്നാണ് വിവരം.
ശ്രീലങ്കയിലും പാകിസ്താനിലുമായാണ് ഇക്കുറി ഏഷ്യാകപ്പ് നടക്കുന്നത്. ഏകദിന ലോകകപ്പ് മുന്നിൽ നിൽക്കുന്നതിനാൽ ഏകദിന ഫോർമാറ്റിലാണ് ഇത്തവണത്തെ മത്സരങ്ങൾ. നാളെ(ഞായർ)യാണ് അജിത് അഗാർക്കറിന്റെ കീഴിലുള്ള സെകലക്ഷൻ കമ്മിറ്റി ടീം യോഗം ചേര്‍ന്ന് ടീം പ്രഖ്യാപം നടത്തുക. ഇക്കഴിഞ്ഞ വിൻഡീസിനെതിരായ പരമ്പരയിൽ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. 12,7 13 എന്നിങ്ങനെയായിരുന്നു ബാറ്റിങിന് അവസരം ലഭിച്ചപ്പോഴുള്ള(ടി20) സഞ്ജുവിന്റെ സ്കോറുകൾ. കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലാകട്ടെ 9,51 എന്നിങ്ങനെയും. ഒരു അർധ സെഞ്ച്വറി മാത്രമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് കഴിഞ്ഞ അഞ്ച്(ടി20+ ഏകദിനം)മത്സരങ്ങളിൽ നിന്ന് സഞ്ജുവിന് നേടാനായത്.
ആദ്യം ഏഷ്യാകപ്പിനുള്ള ടീമിനെയാണ് പ്രഖ്യാപിക്കുക്കുക. പിന്നാലെയാണ് ഏകദിന ലോകകപ്പ് ടീം പ്രഖ്യാപനം ഉണ്ടാകുക. ബുംറയുടെ നേതൃത്വത്തിൽ അയർലാൻഡിനെതിരെ ടി20 പരമ്പര നടക്കുന്നുണ്ട്. ഇതിലെ പ്രകടനം വിലയിരുത്താൻ സെലക്ഷൻ കമ്മിറ്റിക്ക് സമയം ലഭിക്കില്ല. ആദ്യ ടി20 മഴയെടുത്തു. അതേസമയം പരിക്കിൽ നിന്ന് പൂർണമായും മോചിതനായ ലോകേഷ് രാഹുൽ ടീമിലുണ്ടാകുമെന്ന് ഉറപ്പായി. സഞ്ജുവിന് പകരം രാഹുലിനെയാകും വിക്കറ്റ്കീപ്പര്‍ ബാറ്ററായി പരിഗണിക്കുക.
എന്നാൽ ശ്രേയസ് അയ്യർ ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തിട്ടില്ല. അയ്യറിന്റെ കാര്യത്തിൽ ഇപ്പോഴും സംശയാണ്. അങ്ങനെ വന്നാൽ സൂര്യകുമാർ യാദവാകും ടീമിൽ. ഏകദിന ഫാേര്മാറ്റില് ഫോം ഇല്ലെങ്കിലും സൂര്യകുമാറിനെ ദീർഘകാലം ഇന്ത്യൻ ടീമിൽ കളിപ്പിക്കാൻ നോക്കുന്നുണ്ടെന്ന തരത്തിൽ രാഹുൽ അഭിപ്രായപ്പെടുകയുണ്ടായി. വിൻഡീസിനെതിരായ ടി20യിൽ തിളങ്ങിയ തിലക് വർമ്മക്കും അവസരം ലഭിച്ചേക്കും. ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ഇഷാൻ കിഷൻ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുകേഷ് കുമാർ എന്നിവർക്കൊക്കെ സ്ഥാനം ഉറപ്പാണ്.