'അയാളെ വെറുക്കാം, അവഗണിക്കാനാകില്ല'; ഒറ്റക്കൈ ക്യാച്ചുമായി സഞ്ജു
|ബാറ്റിങ്ങിലും സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തു
ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ സൂപ്പർ ക്യാച്ചുമായി മലയാളി വിക്കറ്റ് കീപ്പർ സഞ്ജു വി സാംസൺ. ഓപണർ കൈട്ടാനോയെ പുറത്താക്കാനായിരുന്നു സഞ്ജുവിന്റെ ഒറ്റക്കൈ അക്രോബാറ്റിക് ക്യാച്ച്. 32 പന്തിൽനിന്ന് ഏഴു റൺസെടുത്തു നിൽക്കവെ മുഹമ്മദ് സിറാജിന്റെ പന്തിലാണ് കൈട്ടാനോ പുറത്തായത്. മത്സരത്തില്‍ ആകെ മൂന്നു ക്യാച്ചുകളാണ് സഞ്ജു കൈപ്പിടിയിലൊതുക്കിയത്.
ക്യാച്ചിന് പിന്നാലെ സഞ്ജു ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി. 'നിങ്ങള്‍ക്ക് അയാളെ സ്നേഹിക്കാം, വെറുക്കാം, സ്നേഹിക്കാം. എന്നാല്‍ അവഗണിക്കാനാകില്ല' എന്നാണ് ഒരാരാധിക കുറിച്ചത്.'അക്രോബാറ്റിക് നീക്കങ്ങള്‍ കൊണ്ട് അയാള്‍ എല്ലായ്പ്പോഴും വിസ്മയിപ്പിക്കുന്നു'എന്ന് മറ്റൊരാള്‍ കുറിച്ചു.
മത്സരത്തിൽ ഇന്ത്യ അഞ്ചു വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ 38.1 ഓവറിൽ 161 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 25.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
സഞ്ജു തന്നെയാണ് ഇന്ത്യൻ ഇന്നിങ്‌സിലെ ടോപ് സ്‌കോറർ. 39 പന്തിൽനിന്ന് നാലു സിക്‌സറുകളുടെയും മൂന്ന് ഫോറിന്റെയും സഹായത്തിൽ 43 റൺസാണ് താരം അടിച്ചുകൂട്ടിയത്. 33 വീതം റൺസെടുത്ത ഓപണർ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ക്യാപ്റ്റൻ കെഎൽ രാഹുലിന് തിളങ്ങാനായില്ല. അഞ്ചു പന്തിൽനിന്ന് ഒരു റൺസ് മാത്രമെടുത്ത രാഹുലിനെ ന്യാവ്ചി വിക്കറ്റിനു മുമ്പിൽ കുരുക്കുകയായിരുന്നു.