ചാടിപ്പിടിച്ച് സഞ്ജു; ബാറ്റിങിന് അവസരം കിട്ടിയില്ലേലും കീപ്പിങിൽ 'വേറെ ലെവൽ', എന്നാൽ അതുമാത്രം മതിയോ?
|വിക്കറ്റ് കീപ്പറുടെ മുകളിലൂടെ ബൗണ്ടറിയിലേക്ക് പോകുമായിരുന്ന പന്താണ് സഞ്ജു ചാടിപ്പിടിച്ചത്
ഫ്‌ളോറിഡ: മുൻനിര ബാറ്റർമാരുടെ പ്രകടനത്തിന് മുന്നിൽ കഴിഞ്ഞ രണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യ എളുപ്പത്തിൽ ജയിച്ച് കയറിയപ്പോൾ സഞ്ജു സാംസൺ അടക്കമുള്ള മധ്യനിര ബാറ്റർമാർക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സഞ്ജുവിനായില്ല എന്ന വിമർശനവും ഉണ്ട്. ആദ്യ ടി20 റൺഔട്ടിലൂടെയാണ് താരം പുറത്തായതെങ്കിൽ (12 റൺസ്) രണ്ടാം ടി20യിൽ താരം പാടെ നിരാശപ്പെടുത്തി.
ഏഴ് റൺസെടുത്ത് നിൽക്കവെ അഖീൽ ഹുസൈനെ ക്രീസ് വിട്ട് സിക്‌സർ അടിക്കാനുള്ള ശ്രമം സ്റ്റമ്പിങിൽ കലാശിക്കുകയായിരുന്നു. മൂന്ന്, നാല് ടി20 മത്സരങ്ങളിലാണ് സഞ്ജുവിന് ബാറ്റിങിന് അവസരം ലഭിക്കാതിരുന്നത്. ഇവിടെ മുന്നേറ്റ നിര ഇന്ത്യൻ ജയം എളുപ്പമാക്കി. നാലാം ടി20യിൽ ഒമ്പത് വിക്കറ്റിന്റെ മാസ്മരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
നാലാം ടി20യിലായിരുന്നു വിക്കറ്റിന് പിന്നിൽ സഞ്ജു മികവ് പുറത്തെടുത്തത്. വിൻഡീസ് ഓപ്പണർ കെയിൽ മയേഴ്‌സിന്റെ വിക്കറ്റാണ് സഞ്ജുവിന്റെ മിടുക്കിൽ വീണത്. അര്‍ഷ്ദീപിനായിരുന്നു വിക്കറ്റ്. അർഷ്ദീപിന്റെ ബൗൺസിനെ ബാക്കിലോട്ട് കളിക്കാനായിരുന്നു മയേഴ്‌സ് ആലോചിച്ചിരുന്നത്. വിക്കറ്റ് കീപ്പർക്ക് മുകളിലൂടെ പോകുമായിരുന്ന ആ പന്ത് സഞ്ജു ചാടിപ്പിടിക്കുകയായിരുന്നു. തൊട്ട് മുമ്പ് അർഷ്ദീപിനെ മയേഴ്‌സ് ബൗണ്ടറിയിൽ എത്തിച്ചിരുന്നു. ഏഴ് പന്തിൽ നിന്ന് ഒരു സിക്‌സറും രണ്ട് ബൗണ്ടറിയും സഹിതം 17 റൺസാണ് മയേഴ്‌സ് നേടിയത്.
മത്സരത്തിൽ മറ്റൊരു ക്യാച്ചും സഞ്ജു നേടിയിരുന്നു. അക്‌സർ പട്ടേലിനായിരുന്നു വിക്കറ്റ്. റൊമാരിയോ ഷെപ്പാർഡിനെയാണ് സഞ്ജു പിടികൂടിയത്. അതേസമയം ഏകദിന, ഏഷ്യാ കപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ടീം സെലക്ഷനിലേക്ക് കീപ്പിങിലെ മികവ് മാത്രം മതിയാകില്ല. ബാറ്റിങ് കൂടി ശക്തിപ്പെടുത്തിയാലെ ടീമിലേക്ക് പരിഗണിക്കൂ.
സഞ്ജു അവസരം ഉപയോഗപ്പെടുത്തുന്നില്ലെന്ന് പലമുതിർന്ന താരങ്ങളും അഭിപ്രായപ്പെടുകയുണ്ടായി. അതേസമയം ഇന്നാണ് പരമ്പരയിലെ അവസാന മത്സരം. രണ്ട് മത്സരങ്ങൾ ഇരു ടീമുകളും വിജയിച്ചതിനാൽ ഇന്ന് ജയിക്കുന്നവർക്ക് കിരീടം സ്വന്തമാക്കാനാകും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ തോറ്റടത്ത് നിന്നാണ് ഇന്ത്യയുടെ തിരിച്ചുവരവ്.
Watch Video
Arshdeep loves making these mini comebacks!#WIvIND #INDvWIAdFreeonFanCode pic.twitter.com/ksPeRQB4c2
— FanCode (@FanCode) August 12, 2023