Cricket
sanju samson
Cricket

സെൽഫിഷും മെല്ലെപ്പോക്കുമില്ല; ട്വന്റി 20യിൽ ശൈലി മാറ്റി ഇന്ത്യ

Sports Desk
|
16 Nov 2024 11:52 AM GMT

90കളിൽ വെച്ചും ബൗണ്ടറിക്ക് ശ്രമിക്കുന്ന ബാറ്റർമാർ..ആദ്യ ഓവർ മുതൽ അടിച്ചുതുടങ്ങുന്ന ഓപ്പണർമാർ. സ്വന്തം പൊസിഷൻ മാറി യുവതാരത്തെ ഇറക്കി വിടുന്ന ക്യാപ്റ്റൻ. ആരാധകർ കാത്തിരുന്ന ടീം ഇന്ത്യയിതാ എത്തിയിരിക്കുന്നു. ഓപ്പണിങ്ങിൽ നങ്കൂരമിട്ട് മധ്യഓവറുകളിൽ സൂക്ഷിച്ച് കളിച്ച് ഡെത്ത് ഓവറുകളിൽ ആഞ്ഞടിക്കുകയെന്ന ട്വന്റി 20 ക്രിക്കറ്റിന്റെ പരമ്പരാഗത രീതിയെ ഇന്ത്യ പൊളിച്ചുപണിയുകയാണ്. 180ഉം 190ഉം ട്വന്റി 20 ക്രിക്കറ്റിൽ സുരക്ഷിത സ്കോറാണെന്ന് കരുതുന്നവർക്ക് മുന്നിൽ ഇന്ത്യ പുതിയ ഉയരങ്ങൾ പണിതുവെക്കുന്നു.

സഞ്ജു സാംസണും തിലക് വർമയുമടക്കമുള്ള യുവതാരങ്ങൾ കാണിക്കുന്ന ഇൻഡന്റും ആക്രമണവും കണ്ട് ദക്ഷിണാഫ്രിക്കൻ ബൗളർമാർ പേടിച്ചുപോയി എന്നതാണ് സത്യം. ടെസ്റ്റിലും ഏകദിനത്തിലും ഈ വർഷം ഇന്ത്യക്ക് നാണക്കേടുകളുണ്ടായിട്ടുണ്ട്. പക്ഷേ കുട്ടിക്രിക്കറ്റിൽ തൊട്ടതെല്ലാം പൊന്നാക്കിയ വർഷമാണ് കടന്നുപോകുന്നത്.

ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗിന്റെ നടത്തിപ്പുകാരായിട്ടും ട്വന്റി 20യിൽ ഔട്ട് ഡേറ്റഡായാണ് കളിക്കുന്നത് എന്ന വിമർനം ഇന്ത്യക്ക് നേരെ പലകുറി ഉയർന്നിരുന്നു. അത് ശരിയുമായിരുന്നു. കാരണം ഫോമിനെയും വിക്കറ്റ് നഷ്ടമാകുന്നതിനെയും ഇന്ത്യൻ ബാറ്റർമാർ വല്ലാതെ ഭയന്നിരുന്നു. പക്ഷേ ഭയത്തെ പറിച്ചെറിഞ്ഞ പുതിയ ടീം ഇന്ത്യ മറ്റാർക്കും തൊടാനാകാത്ത ഉയരത്തിൽ കുതിച്ചുപായുകയാണ്.

ട്വന്റി 20യിൽ ഇന്ത്യയുടെ വർഷം

ജനുവരിയിൽ അഫ്ഗാനെതിരെ നേടിയ സമ്പൂർണ പരമ്പര വിജയത്തോടെയാണ് ട്വന്റി 20യിൽ ഇന്ത്യ ഈ വർഷം തുടങ്ങിയത്. പക്ഷേ ജൂണിൽ നടക്കാനിരിക്കുന്ന മഹായുദ്ധത്തിലേക്കായിരുന്നു എല്ലാവരുടെയും കണ്ണുകൾ നീണ്ടത്. അങ്ങനെ അമേരിക്കയിലും കരീബിയൻ തീരങ്ങളിലുമായി വീണ്ടുമൊരു ട്വന്റി 20 ലോകകപ്പിന് അരങ്ങുണർന്നു.

ഓസീസും ഇംഗ്ലണ്ടും വിൻഡീസും ദക്ഷിണാഫ്രിക്കയുമെല്ലാം കരുത്തർ തന്നെയായിരുന്നു. പക്ഷേ പതുക്കെത്തുടങ്ങി കൊട്ടിക്കയറിയ ഇന്ത്യ ഒരു മത്സരം പോലും തോൽക്കാതെ ഒരിക്കൽ കൂടി ക്രിക്കറ്റ് ലോകത്തിന്റെ അമരത്തേക്ക് നടന്നു. ഐ.സി.സി കിരീടം അരികിലാണെന്ന് ഇന്ത്യ പലകുറി തോന്നിച്ചതാണ്. പക്ഷേ അടുക്കുന്തോറും അകലുന്ന ഒരു മരീചികയായിരുന്നു അത്. ഒടുവിൽ ഏറെക്കാലത്തിന് ശേഷം ക്രിക്കറ്റിന്റെ ലോകകിരീടം മൂവർണത്തിൽ പൊതിഞ്ഞ് ഇന്ത്യയിലെത്തിയപ്പോൾ തെരുവുകളിൽ ലക്ഷക്കണക്കിന് പേർ അവരെ വരവേൽക്കാനെത്തി.

തൊട്ടുപിന്നാലെ ഒരുപതിറ്റാണ്ടിലേറെക്കാലമായി ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുന്തൂണുകളായിരുന്ന വിരാട് കോഹ്ലി, രോഹിത് ശർമ, രവീന്ദ്ര ജദേജ ത്രയം വിടവാങ്ങുന്നതായി പ്രഖ്യാപിച്ചു. പക്ഷേ അധികമാരും ഞെട്ടുകയോ ആശങ്കകൾ പറയുകയോ ചെയ്തില്ല. കാരണം ട്വന്റി 20 ഫോർമാറ്റിൽ അവർക്ക് പകരം വെക്കാൻ പോന്ന അനേകം പേർ പുറത്തിരിപ്പുണ്ടെന്ന് അവർക്കറിയാമായിരുന്നു.

അനുഭവ സമ്പന്നനായ താരങ്ങൾ ഒന്നിച്ച് പടിയിറങ്ങുമ്പോൾ പല ടീമുകളുടെയും പ്രതാപം നഷ്ടപ്പെടുന്നത് നാം കണ്ടിട്ടുണ്ട്. പക്ഷേ ട്വന്റി 20യിൽ ഇന്ത്യക്ക് അത്തരം ആശങ്കകളില്ലായിരുന്നു. കാരണം ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമായി വരവറിയിച്ച ഇന്ത്യൻ യുവത്വം നീലക്കുപ്പായമണിയാൻ കാത്തിരിക്കുകയാണ്. ഓരോ പൊസിഷനിലും കൃത്യമായ ഒരാളും അവർക്ക് പകരം വെക്കാൻ പോന്ന മറ്റൊരാളും നിലവിൽ ഇന്ത്യക്കുണ്ട്.

എങ്കിലും ലോകകപ്പിന് തൊട്ടുപിന്നാലെ യുവതാരങ്ങളുമായി സിംബാബ്‍വെയിലേക്ക് പോയ ഇന്ത്യ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതോടെ പലർക്കും ആശങ്കകളായി. എന്നാൽ ഇന്ത്യൻ യുവത്വം തുടർന്നുള്ള മത്സരങ്ങളിൽ അതിന് അതിമനോഹരമായി മറുപടി പറഞ്ഞു. ശേഷിച്ച നാലുമത്സരങ്ങളും വിജയിച്ച ഇന്ത്യ ശ്രീലങ്കയിലും ഒരു മത്സരവും അടിയറച്ച് വെച്ചില്ല. തൊട്ടുപിന്നാലെ സ്വന്തം നാട്ടിൽ ബംഗ്ലാദേശിനെയും തരിപ്പണമാക്കി. വർത്തമാന ക്രിക്കറ്റിലെ ഏറ്റവും വിസ്ഫോടനാന്തകമായ ബാറ്റിങ് ലൈനപ്പുള്ള ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു അടുത്ത അങ്കം. അവരുടെ ബൗളർമാരെയും ബാറ്റർമാരെയും ഒരുപോലെ അപ്രസക്തമാക്കിയാണ് ഇന്ത്യൻ യുവത്വം മടങ്ങുന്നത്.

ഫലം കാണുന്ന ശൈലിമാറ്റം

ഹോം എവേ സീരീസുകളും ലോകകപ്പുമായി 25 ട്വന്റി 20 മത്സരങ്ങളാണ് ഈ വർഷം ഇന്ത്യ കളിച്ചത്. ഇതിൽ പരാജയപ്പെട്ടത് വെറും രണ്ടെണ്ണത്തിൽ മാത്രം. റിസർട്ടിൽ മാത്രമല്ല. കളിയോടുള്ള സമീപനത്തിലും അടിമുടി മാറ്റം വന്നിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ഗംഭീർ വന്ന ശേഷമുള്ള പതനങ്ങൾ നാം കണ്ടു. പക്ഷേ ട്വന്റി 20 ഫോർമാറ്റിനെ കാലത്തിന് അനുസൃതമായി ഇന്ത്യ റീഡ് ചെയ്തു എന്നതിന് സ്കോർബോർഡുകൾ സാക്ഷി പറയുന്നു. ബംഗ്ലാദേശിനെതിരെ ഹൈദരാബാദിൽ കുറിച്ച 297 റൺസും ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 283 റൺസും ക്രിക്കറ്റ് ലോകം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ശ്രീലങ്കക്കെതിരെയും സിംബാബ്‍വെക്കെതിരെയുമെല്ലാം 200ഉം കടന്ന് സ്കോർബോർഡ് കുതിച്ചുപായുന്നത് നാം കണ്ടു.

പോയ വർഷങ്ങളിലായി ബാറ്റിങ്ങിൽ റിസ്കെടുക്കാതെയുള്ള ശൈലിയായിരുന്നു ട്വന്റി 20യിലും ഇന്ത്യ സ്വീകരിച്ചിരുന്നത്. എന്നാൽ സഞ്ജു സാംസൺ, അഭിഷേക് ശർമ, തിലക് വർമ അടക്കമുള്ള നിർഭയ ബാറ്റർമാർക്ക് ലൈസൻസ് കൊടുക്കുന്നതിലൂടെ ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ്. നിർഭയ ശൈലിയിൽ ബാറ്റുവിശുന്നവർക്ക് അതിന് സാധിക്കണമെങ്കിൽ ടീമിൽ ബാക്കപ്പ് ചെയ്യാനും പിന്തുണക്കാനും ആളുവേണം. കൃത്യമായ സപ്പോർട്ടും ടീമിൽ ഉറച്ച സ്ഥാനവും കിട്ടിയതോടെ സഞ്ജുവടക്കമുള്ളർ ‘ബീസ്റ്റ് മോഡിലേക്ക്ൻ മാറുന്നതാണ് നാം കാണുന്നത്. കൂടാതെ തിലക് വർമക്ക് വേണ്ടി തന്റെ വൺഡൗൺ പൊസിഷനിൽ നിന്നും മാറിക്കൊടുക്കുന്ന ക്യാപ്റ്റൻ സൂര്യയെയും നാം കണ്ടു.

എങ്കിലും എല്ലാം സമ്പൂർണമെന്ന് പറയാനായിട്ടില്ല. ബൗളിങ്ങിൽ ആശങ്കകൾ ബാക്കിയുണ്ട്. ബുംറയെപ്പോലെ വിശ്വസിക്കാവുന്ന ഒരു ബൗളറെ വളർത്തിയെടുക്കേണ്ടതുണ്ട്. കൂടാതെ ക്യാപ്റ്റന്റെ തീരുമാനങ്ങൾ പലകുറി തെറ്റുന്നതും നാം കാണുന്നു. ബാറ്റർമാരുടെ മിടുക്കിൽ ഈ ദൗർബല്യങ്ങൾ അധികകാലം മറച്ചുവെക്കാൻ ഇന്ത്യക്കാകില്ല.

Similar Posts