Cricket
സഞ്ജുവിനെ ടീമിലെടുത്തില്ലെങ്കിൽ ട്വിറ്ററിൽ വെടിപൊട്ടും; ഒളി ക്യാമറയിൽ ചേതൻ ശർമ്മ
Cricket

സഞ്ജുവിനെ ടീമിലെടുത്തില്ലെങ്കിൽ ട്വിറ്ററിൽ വെടിപൊട്ടും; ഒളി ക്യാമറയിൽ ചേതൻ ശർമ്മ

Web Desk
|
15 Feb 2023 6:29 AM GMT

ഇഷാന്‍ കിഷന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും ഫോം സഞ്ജുവിന്‍റെ കരിയര്‍ അപകടത്തിലാക്കി

മുംബൈ: സീ മീഡിയ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണെ കുറിച്ച് സംസാരിച്ച് ബിസിസിഐ മുഖ്യ സെലക്ടർ ചേതൻ ശർമ്മ. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ട്വിറ്ററിൽ വെടിപൊട്ടും എന്നാണ് ശർമ്മ പറയുന്നത്. സഞ്ജുവിനെ ടീമിൽ നിന്ന് തഴയുന്ന വേളയിലെല്ലാം നടക്കുന്ന ട്വിറ്റർ ചർച്ചകളെ കുറിച്ചായിരുന്നു ഇദ്ദേഹത്തിന്‍റെ പരാമർശം. ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ ഇഷാൻ കിഷന്റെ ഡബ്ൾ സെഞ്ച്വറിയും ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ ഫോമും സഞ്ജു, കെഎൽ രാഹുൽ, ശിഖർ ധവാൻ എന്നിവരുടെ കരിയർ അപകടത്തിലാക്കിയെന്നും ശര്‍മ്മ കൂട്ടിച്ചേർത്തു.

പൂർണ കായിക ക്ഷമതയ്ക്കു വേണ്ടി ചില താരങ്ങൾ ഡോപ്പിങ് ടെസ്റ്റിൽ കണ്ടുപിടിക്കാൻ കഴിയാത്ത മരുന്നുകൾ ഉപയോഗിക്കുന്നുണ്ട് എന്ന് ശർമ്മ വെളിപ്പെടുത്തിയിരുന്നു. രോഹിത് ശർമ്മ-വിരാട് കോലി ശീതസമരത്തെ കുറിച്ചും അദ്ദേഹം വാചാലനായി. 'രോഹിതും കോലിയും തമ്മിൽ പിണക്കമില്ല. എന്നാൽ ഇവർ തമ്മിൽ ഈഗോ പ്രശ്‌നങ്ങളുണ്ട്. അത് വലുതാണ്. ഒരാൾ അമിതാഭ് ബച്ചനെയും മറ്റൊരാൾ ധർമേന്ദ്രയെയും പോലെ. ഇരുവർക്കും ടീമിൽ സ്വന്തം ഇഷ്ടക്കാരുണ്ട്. മുൻ ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി കാരണമാണ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായതെന്ന് കോലി കരുതുന്നു. ഗാംഗുലിയുടെ പല നിർദേശങ്ങളും കോലി കേൾക്കുമായിരുന്നില്ല. കളിയേക്കാൾ വലിയ ആളാണ് താൻ എന്നാണ് കോലിയുടെ ഭാവം.' - അദ്ദേഹം പറയുന്നു.

അധികം വൈകാതെ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണ്ഡ്യ തന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. പേസർ ജസ്പ്രീത് ബുംറയ്ക്ക് സാരമായ പരിക്കാണ്. അതുമൂലം അദ്ദേഹത്തിന് കുനിയാൻ പോലും കഴിയില്ല. കഴിഞ്ഞ ടി20 ലോകകപ്പിൽ ഒരു മത്സരമെങ്കിലും കളിച്ചിരുന്നെങ്കിൽ പിന്നീട് ഒരു വർഷത്തേക്ക് അദ്ദേഹം പുറത്തിരിക്കേണ്ടി വന്നേനെ.- ചേതൻ കൂട്ടിച്ചേർത്തു.

അതിനിടെ ചേതർ ശർമ്മയുടെ വെളിപ്പെടുത്തലുകളിൽ ബിസിസിഐ വൃത്തങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഇന്ത്യക്കായി 23 ടെസ്റ്റും 65 ഏകദിനവും കളിച്ചിട്ടുള്ള താരമാണ് ശർമ്മ.

Summary: Chetan Sharma, the chief of BCCI's senior selection panel, has made a startling revelation regarding Sanju Samson.




Similar Posts