Cricket
Sanju Samson- Lokesh Rahul

സഞ്ജു സാംസണ്‍- ലോകേഷ് രാഹുല്‍

Cricket

സഞ്ജു റൺഔട്ടിലൂടെ പുറത്തായത് വഴിത്തിരിവായി: ലോകേഷ് രാഹുൽ

Web Desk
|
20 April 2023 1:51 AM GMT

ജോസ് ബട്‌ലറും യശ്വസി ജയ്‌സ്വാളും ക്രീസിൽ ഉറച്ച് നിൽക്കെ എത്രപന്ത് ബാക്കി നിർത്തി രാജസ്ഥാൻ റോയൽസ് ജയിക്കുമെന്നായിരുന്നു ക്രിക്കറ്റ് പ്രേമികൾ കണക്ക് കൂട്ടിയിരുന്നത്

ജയ്പൂർ: ജയിക്കാവുന്ന കളി തോറ്റതിന്റെ സങ്കടത്തിലാണ് രാജസ്ഥാൻ റോയൽസ്. ജോസ് ബട്‌ലറും യശ്വസി ജയ്‌സ്വാളും ക്രീസിൽ ഉറച്ച് നിൽക്കെ എത്രപന്ത് ബാക്കി നിർത്തി രാജസ്ഥാൻ റോയൽസ് ജയിക്കുമെന്നായിരുന്നു ക്രിക്കറ്റ് പ്രേമികൾ കണക്ക് കൂട്ടിയിരുന്നത്. എന്നാൽ യശ്വസി ജയ്‌സ്വാളിനെയും നായകൻ സഞ്ജു സാംസണെയും വേഗത്തിൽ മടക്കിയും മധ്യനിരയെ നിയന്ത്രിച്ചും ലക്‌നൗ കളി പിടിച്ചു.

ഇതിൽ സഞ്ജു സാംസണിന്റെ റൺഔട്ടിലൂടെയുള്ള പുറത്താകൽ ടീമിന്റെ വിജയത്തിൽ നിർണായകമായെന്ന് പറയുകയാണ് ലക്‌നൗ നായകൻ ലോകേഷ് രാഹുൽ. ഇംപാക്ട് പ്ലെയറായി വന്ന അമിത് മിശ്രയുടെ വേഗത്തിലുള്ള 'പിക്കും ത്രോയും' വിക്കറ്റ് കീപ്പർ നിക്കോളാസ് പുരാന്റെ അതിവേഗ ഇടപെടലുമാണ് സഞ്ജുവിന്റെ റൺഔട്ടിൽ കലാശിച്ചത്. ബട്‌ലർ ബാക്കിലോട്ട് കളിച്ചതിൽ റൺഇല്ലായിരുന്നു. എന്നാൽ സഞ്ജുവിന്റെ വിളിയിൽ ബട്‌ലർ റൺസിനായി ഓടുകയായിരുന്നു. ഒടുവിൽ റൺഔട്ടും.

രണ്ട് റൺസിനായിരുന്നു സഞ്ജുവിന്റെ പുറത്താകൽ. യശ്വസി ജയ്‌സ്വാൾ പുറത്തായതിന് നാല് പന്തുകൾക്കിപ്പുറമായിരുന്നു സഞ്ജുവിന്റെയും പുറത്താകൽ. അതോടെ രാജസ്ഥാൻ റോയൽസിന്റെ താളം പോയി. ബട്ലറിനെയും മിന്നുംഫോമിലുള്ള ഹെറ്റ്മയറിനെയും അതികം വാഴാന്‍ ലക്നൌ അനുവദിച്ചില്ല. ടോസ് നേടിയ രാജസ്ഥാൻ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ലക്‌നൗവിനാകട്ടെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഓപ്പണർ കെയിൽ മയേഴ്‌സ്(51) ലോകേഷ് രാഹുൽ(39) നിക്കോളാസ് പുരാൻ(29) എന്നിവരുടെ ഇന്നിങ്‌സുകളാണ് ലക്‌നൗവിന് തുണയായത്.

ജോസ് ബട്‌ലർ(44) യശ്വസി ജയ്‌സ്വാൾ(40) എന്നിവരുടെ ഇന്നിങ്‌സുകളിലൂടെ രാജസ്ഥാൻ തിരിച്ചടിച്ചെങ്കിലും അവസാന ഓവറുകളിൽ ദേവ്ദത്ത് പടിക്കലിനും റിയാൻ പരാഗിനും ഒന്നും ചെയ്യാനായില്ല. 87ന് ഒന്ന് എന്ന നിലയിൽ നിന്നായിരുന്നു രാജസ്ഥാന്റെ തോൽവി. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ മാർക്കോസ് സ്റ്റോയിനിസ് ആണ് ലക്‌നൗവിന്റെ വിജയശിൽപ്പി. അവസാന ഓവർ എറിഞ്ഞ ആവേശ് ഖാന്റെ പ്രകടനവും ലക്‌നൗ വിജയത്തിൽ നിർണായകമായി.



Similar Posts